കൊവിഡ് സൗജന്യ ചികിത്സയ്ക്കായി നാട്ടുകാരുടെ സഹായം അഭ്യര്‍ത്ഥിച്ച് ഇഖ്‌റ ഹോസ്പിറ്റല്‍; 'ഓഗസ്റ്റ് മുതല്‍ ഇതുവരെ പരമാവധി ചെയ്തു, ഇനി നിങ്ങള്‍ സഹായിക്കണം'
covid 19 Kerala
കൊവിഡ് സൗജന്യ ചികിത്സയ്ക്കായി നാട്ടുകാരുടെ സഹായം അഭ്യര്‍ത്ഥിച്ച് ഇഖ്‌റ ഹോസ്പിറ്റല്‍; 'ഓഗസ്റ്റ് മുതല്‍ ഇതുവരെ പരമാവധി ചെയ്തു, ഇനി നിങ്ങള്‍ സഹായിക്കണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd April 2021, 12:20 pm

കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തിലും കൊവിഡ് കേസുകള്‍ കൂടി കൂടി വരികയാണ്. ഒറ്റ ദിവസം മാത്രം ഇരുപതിനായിരത്തിന് മുകളിലാണ് കൊവിഡ് രോഗികള്‍. പല സര്‍ക്കാര്‍ ചികിത്സ കേന്ദ്രങ്ങളും ഇതിനോടകം നിറഞ്ഞു കഴിഞ്ഞിരിക്കുകയാണ്.

പലപ്പോഴും പ്രൈവറ്റ് ആശുപത്രികളാണ് കൊവിഡ് രോഗികള്‍ക്ക് ഗത്യന്തരമില്ലാതെ ആശ്രയിക്കേണ്ടി വരുന്നത്. ഈ അവസരത്തിലാണ് മനുഷ്യത്വത്തിന്റെയും നന്മയുടെയും പര്യായമായി കോഴിക്കോട്ടെ ഇഖ്‌റ ആശുപത്രി രംഗത്ത് എത്തുന്നത്.

ഒരു രൂപ പോലും ചികിത്സ ഫീസ് വാങ്ങാതെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസം മുതല്‍ ഇഖ്‌റ പാവപ്പെട്ട കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നുണ്ടെന്ന് ഇഖ്‌റ ഹോസ്പിറ്റലിലെ സീനിയര്‍ ഡോക്ടറായ ഡോ. ഇദ്രീസ് പറഞ്ഞു.

ഇപ്പോളിതാ ഈ ചികിത്സ മുന്നോട്ട് കൊണ്ട് പോകാന്‍ ഇഖ്‌റ പൊതുജനത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഡോക്ടര്‍ ഇദ്രീസിന്റെ ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. ഓഗസ്റ്റ് മാസം മുതല്‍ ഇതുവരെ പരമാവധി ഇഖ്റ ഹോസ്പിറ്റലില്‍ വരുന്നവരെ സൗജന്യമായി ചികിത്സിച്ചിരുന്നു. ഇതിനോടകം 3500 ല്‍ അധികം ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളാണ് ഇഖ്‌റയില്‍ ചികിത്സിച്ചതെന്ന് ഡോക്ടര്‍ ഇദ്രീസ് പറയുന്നു.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് 100 കിടക്കകളുള്ള കൊവിഡ് സെന്റര്‍, ജെ.ഡി.റ്റി കൊവിഡ് കേന്ദ്രത്തില്‍ 10 ഡയാലിസിസ് സെന്റര്‍, 70 ബെഡ്, കൂടെ 30 വെന്റിലേറ്റര്‍ തുടങ്ങിയവയും ഇഖ്‌റ ഒരുക്കിയിരുന്നെന്നും ഡോക്ടര്‍ പറയുന്നു.

രണ്ട് കോടിയോളം രൂപയാണ് ഒരു മാസം കൊവിഡ് ചികിത്സയ്ക്കായി ചിലവാകുന്നത്. ഇതില്‍ പകുതി തുക സര്‍ക്കാരിന്റെ ഇന്‍ഷൂറന്‍സ് ആയി ളഭിച്ചിരുന്നു. കൂടെ അസിം പ്രേംജി, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്, മലബാര്‍ ഗോള്‍ഡ്, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹായവും ലഭിച്ചിരുന്നു.

തങ്ങള്‍ക്ക് കാശ് വാങ്ങിക്കാമായിരുന്നെങ്കിലും എന്നാല്‍ പ്രയാസമനുഭവിക്കുന്നവനെ സഹായിക്കുക എന്നത് കടമയാണെന്ന് ഇഖ്‌റ കരുതുന്നെന്ന് ഡോക്ടര്‍ ഇദ്രീസ് പറഞ്ഞു.

എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിച്ച് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയാണെന്നും ഇനിയും സഹായം എത്തിക്കണമെങ്കില്‍ പൊതുജനം സഹായിക്കണമെന്നും അദ്ദേഹം പറയുന്നു.

വയനാട്ടില്‍ 50 കിടക്കകളുള്ള കൊവിഡ് സെന്ററും 25 ഐ.സി.യു അടക്കം നൂറ് കിടക്കകളുള്ള കൊവിഡ് കേന്ദ്രം കോഴിക്കോടും ഉടനെ സജ്ജമാക്കണം. സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെങ്കിലും നടത്തികൊണ്ടുപോകാനുള്ള പ്രതിസന്ധിയിലാണ് ഇപ്പോള്‍. മുട്ടാനുള്ള വാതിലുകള്‍ എല്ലാം മുട്ടി. ഒടുവിലാണ് പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുന്നത്. അടുത്ത ആഴ്ച തന്നെ ചികിത്സ തുടങ്ങണമെങ്കില്‍ നാല് കോടി രൂപ ആവശ്യമാണെന്നും ഡോക്ടര്‍ ഇദ്രീസിന്റെ സന്ദേശത്തില്‍ പറയുന്നു.

ഇഖ്‌റ ഹോസ്പിറ്റിലിന് സഹായം നല്‍കാനുള്ള ബാങ്ക് വിവരങ്ങള്‍,

Account Number: 50200017098692
Account Name: IQRAA International Hospital
IFSC: HDFC0000671
HDFC Nadakkavu Branch, Calicut

Dr. P. C. Anver +91 9847002322
Dr. Idrees V. +91 9745336020
Mohammed Jezeel N. +91 9544073337

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Contnet Highlights: ‘Maximum done since August, now you need help’; IQRAA International Hospital requests help from locals for free treatment of Covid