Kerala News
പാലക്കാട്ടെ ഇ-ഗ്രാന്റ്‌സ് ഫണ്ടിലെ അഴിമതി; എസ്.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
1 day ago
Friday, 21st March 2025, 12:47 pm

അകത്തേത്തറ: പാലക്കാട് അകത്തേത്തറയിലെ എന്‍.എസ്.എസ് എഞ്ചിനീയര്‍ കോളേജിലെ എസ്.സി-എസ്.ടി, ഒ.ബി.സി വിദ്യാര്‍ത്ഥികളുടെ ഇ-ഗ്രാന്റ്‌സ് ഫണ്ട് തട്ടിപ്പിനെതിരായ എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം. അഴിമതിയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റി മാര്‍ച്ച് നടത്തിയത്.

കോളേജ് ഗേറ്റ് കടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് വിദ്യാര്‍ത്ഥികളെ തടയുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ലാത്തി വീശുകയും ചെയ്തു.

നേരത്തെ എന്‍.എന്‍.എസ് എഞ്ചിനീയര്‍ കോളേജിലെ സുധീഷ് കുമാര്‍ എന്ന ജീവനക്കാരെ പണം വെട്ടിപ്പ് നടത്തിയതില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അഴിമതിയില്‍ കോളേജിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും പങ്കുണ്ടെന്നാണ് എസ്.എഫ്.ഐ പറയുന്നത്.

300ഓളം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് നിലവില്‍ കോളേജിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്. ബിബിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

‘അഴിമതിയില്‍ മാനേജ്‌മെന്റിന് പങ്കുണ്ട്. ഇ-ഗ്രാന്റ്‌സ് അഴിമതിക്കെതിരെ കോളേജിനുള്ളില്‍ എസ്.എഫ്.ഐ ദിവസങ്ങളായി പ്രതിഷേധിക്കുന്നുണ്ട്. എസ്.എഫ്.ഐ പ്രതിനിധി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അഴിമതി എന്തെങ്കിലും ഒരു നടപടി ഉണ്ടായത്. പൊലീസിനെ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ ഒതുക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല, സമരത്തില്‍ നിന്ന് എസ്.എഫ്.ഐ പിന്മാറില്ല,’ എസ്. ബിബിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ കുറേ വർഷങ്ങളിലായി 56 ലക്ഷം രൂപയാണ് തട്ടിയെടുക്കപ്പെട്ടതെന്നും എന്‍.എസ്.എസ് മാനേജ്‌മെന്റിനെതിരെ അന്വേഷണം വേണമെന്നും എസ്. ബിബിന്‍ ആവശ്യപ്പെട്ടു.

അഴിമതിയില്‍ നിയമപരമായ നടപടിക്കൊരുങ്ങാന്‍ കോളേജ് പ്രിന്‍സിപ്പല്‍ തയ്യാറായിട്ടില്ലെന്നും എസ്.എഫ്.ഐ പറഞ്ഞു. നിലവില്‍ കോളേജിന് അകത്തും പുറത്തുമായി പ്രതിഷേധം നടക്കുന്നുണ്ട്. പുറത്തുള്ള വിദ്യാര്‍ത്ഥികളെ ക്യാമ്പസിനുള്ളിലേക്ക് കടത്തിവിടില്ലെന്നാണ് പൊലീസിന്റെ നിലപാട്.

Content Highlight: SFI protest march against corruption in e-grant fund in Palakkad NSS engineering college