ഹിന്ദിയിലെ എക്കാലത്തെയും മികച്ച ആക്ഷേപ ഹാസ്യ ചിത്രമാണ് പി. കെ. രാജ്കുമാര്‍ ഹിരാനിയും അഭിജിത്ത് ജോഷിയും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ രാജ്കുമാര്‍ ഹിരാനിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അന്യഗ്രഹ ജീവിയായി ആമിര്‍ ഖാന്‍ എത്തിയ ചിത്രം ഇന്ത്യന്‍ സിനിമയുടെ സര്‍വകാല റെക്കോര്‍ഡും തിരുത്തിക്കുറിച്ചതായിരുന്നു.
പി.കെ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് രാജ്കുമാര്‍ ഹിരാനി. പി. കെയുടെ ചിത്രീകരണം നടന്നുകൊണ്ടിരുന്നപ്പോള്‍ ക്രിസ്റ്റഫര്‍ നോളന്റെ ‘ഇന്‍സെപ്ഷന്‍‘ എന്ന ചിത്രവുമായി പി.കെയ്ക്ക് സാമ്യമുണ്ടെന്ന് മനസിലായെന്നും അതിന് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് ബുദ്ധിമുട്ടുള്ളതായി മാറിയെന്നും രാജ്കുമാര്‍ ഹിരാനി പറയുന്നു.
അതിന് ശേഷം തിരക്കഥയില്‍ മാറ്റം വരുത്തിയെന്നും രണ്ടാം പകുതിയില്‍ കോടതി രംഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ സമയത്താണ് അക്ഷയ് കുമാറിന്റെ ‘ഓ മൈ ഗോഡ്’ റിലീസാകുന്നതെന്നും അതിലും കോടതി രംഗങ്ങള്‍ ഉള്ളതിനാല്‍ പി.കെയുടെ തിരക്കഥ വീണ്ടും തിരുത്തിയെന്നും രാജ്കുമാര്‍ ഹിരാനി പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആമിര്‍ ഖാന്‍ നായകനായ ചിത്രത്തിന്റെ തിരക്കഥയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ‘ഇന്‍സെപ്ഷന്‍’ പുറത്തിറങ്ങിയത്. സിനിമയുടെ ആഖ്യാനത്തില്‍ നോളന്റെ സിനിമയുമായി ബന്ധമുണ്ടെന്ന് മനസിലായി. ‘പി.കെ’ എന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ ആശയം മനുഷ്യാനുഭവങ്ങളെയും ധാരണകളെയും മാറ്റുക എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു.
നായകന് ആളുകളുടെ മനസില്‍ പ്രവേശിച്ച് അവരുടെ മുന്‍കാല അനുഭവങ്ങള്‍ മാറ്റാനും, ഒടുവില്‍ ജീവിതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് പുനര്‍രൂപകല്‍പ്പന ചെയ്യാനും കഴിവുണ്ടായിരുന്നു. സിനിസിസം എന്നത് ജീവിച്ചിരിക്കുന്നവരുടെ അനുഭവങ്ങളുടെ ഒരു ഉപോല്‍പ്പന്നമാണെന്നും ആ അനുഭവങ്ങള്‍ മാറ്റാന്‍ കഴിയുമെങ്കില്‍, ഒരു വ്യക്തിയുടെ കാഴ്ചപ്പാടും മാറുമെന്നും ഉള്ള ധാരണയില്‍ നിന്നാണ് ഈ ആശയം ഉടലെടുത്തത്.
പക്ഷെ ആ ആശയവുമായി ഇന്‍സെപ്ഷന് സാമ്യത ഉള്ളതുകൊണ്ട് തിരക്കഥയില്‍ മൊത്തത്തില്‍ മാറ്റങ്ങള്‍ വരുത്തി. രണ്ടാം പകുതിയില്‍ കുറച്ച് കോടതി രംഗങ്ങള്‍ എല്ലാം ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. പക്ഷെ അക്ഷയ് കുമാറിന്റെ ‘ഓ മൈ ഗോഡ്’ ആ സമയത്തായിരുന്നു പുറത്തിറങ്ങിയത്. അങ്ങനെ അതും ഞങ്ങള്‍ മാറ്റി,’ രാജ്കുമാര്‍ ഹിരാനി പറയുന്നു.
Content Highlight: Rajkumar Hirani talks about P K Movie