national news
യു.പി സര്‍ക്കാര്‍ അപ്പീല്‍ പോകുമോ എന്നറിയില്ല; വിവാദ അലഹബാദ് ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് ഐഷ പി. ജമാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Friday, 21st March 2025, 12:16 pm

മലപ്പുറം: വിവാദ അലഹബാദ് ഹൈക്കോടതി വിധി റിപ്പോര്‍ട്ട് ചെയ്ത മാധ്യമരീതിക്കെതിരായ പ്രതികരണത്തില്‍ വിശദീകരണവുമായി അഡ്വ. ഐഷ പി. ജമാല്‍.

‘മാറിടത്തില്‍ പിടിക്കുന്നതോ പൈജാമ ചരട് അഴിക്കുന്നതോ ബലാത്സംഗശ്രമം ആകില്ല, അത് കഠിനേതരമായ ലൈംഗിക അതിക്രമം ആണ്,’ ഇങ്ങനെയായിരുന്നു കോടതി വിധി റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നതെന്ന് ഐഷ പി. ജമാല്‍ പറഞ്ഞു.

എന്നാല്‍ വിധിയിലെ ആദ്യഭാഗം മാത്രം ഉയര്‍ത്തിപ്പിടിച്ച് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ച രണ്ടാമത്തെ ഭാഗം ബോധപൂര്‍വം മറച്ചുവെച്ചുകൊണ്ട് വാര്‍ത്താമൂല്യം കൂട്ടാനുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ അധാര്‍മികതക്കെതിരെയാണ് നേരത്തെ പ്രതികരിച്ചതെന്നും ഐഷ വ്യക്തമാക്കി.

നിയമവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പൊതുജനങ്ങളെ പരിഭ്രാന്തരാക്കും വിധം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും എന്താണോ വിധി, അത് വായിച്ച് പരിശോധിച്ച് കണ്ടന്റ് വ്യക്തമാക്കുന്ന തലക്കെട്ടോട് കൂടി പ്രസിദ്ധീകരിക്കണമെന്നും ഐഷ ജമാല്‍ പറഞ്ഞു. വാര്‍ത്തകള്‍ അര്‍ധ സത്യങ്ങള്‍ ആകരുത്. റിപ്പോര്‍ട്ടിങ്ങില്‍ കുറച്ചുകൂടി ജാഗ്രതയാകാമെന്നും ഐഷ പി. ജമാല്‍ പ്രതികരിച്ചു.

അലഹബാദ് ഹൈക്കോടതി വിധിയെ സംബന്ധിച്ച് വിശദമായ ചര്‍ച്ച ആവശ്യമാണ്. 12 വയസില്‍ താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടിക്ക് ലിഫ്റ്റ് കൊടുത്ത ശേഷം ഒരു ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി മാറിടത്തില്‍ പിടിക്കുകയും വലിച്ചിഴക്കുകയും പൈജാമ ചരട് അഴിക്കുകയും ചെയ്തശേഷം, നാട്ടുകാര്‍ വന്ന് കണ്ടപ്പോള്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ഒടുവില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പോവുകയും ചെയ്ത സംഭവമാണ്.

2021ല്‍ നടന്ന സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെന്ന് ഐഷ ജമാല്‍ ചൂണ്ടിക്കാട്ടി.

‘അസാധാരണമാകുന്ന ദുരന്തത്തിലൂടെ 12 വയസിന് താഴെയുള്ള ഒരു പെണ്‍കുട്ടി കടന്നുപോയ സന്ദര്‍ഭത്തെ തീര്‍ത്തും ടെക്‌നിക്കലായി മാത്രം പരിശോധിച്ച ഹൈക്കോടതി വിധിയില്‍ അതൃപ്തി,’ ഐഷ പി. ജമാല്‍

തുടര്‍ന്ന് കോടതിയെ സമീപിച്ച് പെണ്‍കുട്ടി മൊഴി നല്‍കുകയും അതിനുപിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു. കേസിന്റെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. പ്രതികള്‍ക്ക് സമന്‍സയച്ച സമയത്ത് ബലാത്സംഗശ്രമം നിലനില്‍ക്കില്ല എന്നുള്ള അവരുടെ വാദത്തിന് മേലുള്ള റിവിഷന്‍ പെറ്റീഷനിലാണ് ‘അത് ബലാത്സംഗശ്രമമല്ല, കഠിനേതരമായ ലൈംഗിക അതിക്രമം മാത്രമാണ്’ എന്ന ഹൈക്കോടതിയുടെ നിരീക്ഷണമുള്ളതെന്നും ഐഷ പി. ജമാല്‍ ചൂണ്ടിക്കാട്ടി.

ബലാത്സംഗവും ബലാത്സംഗശ്രമവും തമ്മിലുള്ള ആ നേര്‍ത്ത വരയെ കോടതി ഇഴ കീറി പരിശോധിച്ചിരിക്കുകയാണ് ചെയ്തതെന്നും ഐഷ പറഞ്ഞു. അസാധാരണമാകുന്ന ദുരന്തത്തിലൂടെ 12 വയസിന് താഴെയുള്ള ഒരു പെണ്‍കുട്ടി കടന്നുപോയ സന്ദര്‍ഭത്തെ തീര്‍ത്തും ടെക്‌നിക്കലായി മാത്രം പരിശോധിച്ച ഹൈക്കോടതി വിധിയില്‍ അതൃപ്തിയുണ്ടെന്നും ഐഷ അറിയിച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനുകൂലമായ നിയമങ്ങള്‍ ഉണ്ടാക്കുമ്പോഴുളള പാര്‍ലമെന്റിന്റെ ഉദ്ദേശവും കോടതി ഇത്തരം വിധികള്‍ എഴുതുമ്പോള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഐഷ പി. ജമാല്‍ പറഞ്ഞു. ഈ വിധിയുണ്ടാക്കുന്ന സാമൂഹികപരമായ സ്വാധീനം മുന്നില്‍ കണ്ടുകൊണ്ട് വേണം വിധി എഴുതേണ്ടതെന്നും ഐഷ കൂട്ടിച്ചേര്‍ത്തു.

ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പൈജാമയുടെ ചരടഴിച്ച് ആ കുട്ടിയെ വിവസ്ത്രയാക്കി, മറ്റാരും അവിടേക്ക് വന്നില്ലെങ്കില്‍ സ്വാഭാവികമായും അയാളുടെ നീക്കം ബലാത്സംഗം ചെയ്യുന്നതിലേക്ക് തന്നെയാകുമെന്നും ഐഷ പറഞ്ഞു.

2013ല്‍ ബലാത്സംഗത്തിന്റെ നിര്‍വചനം വിശാലമാക്കി. പുരുഷന്‍ വിവസ്ത്രനാകേണ്ട ആവശ്യം പോലും ബലാത്സംഗത്തിന് ഇല്ല. അങ്ങനെയിരിക്കെ ഈ സംഭവം ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പ് മാത്രമാക്കി, ബലാത്സംഗശ്രമം ഒഴിവാക്കി വിധി പറഞ്ഞതില്‍ ശരികേടുണ്ടെന്നും ഐഷ ചൂണ്ടിക്കാട്ടി.

യു.പി സര്‍ക്കാര്‍ ഈ കേസില്‍ അപ്പീല്‍ പോകുമോ എന്നറിയില്ല. സുപ്രീം കോടതിയില്‍ അപ്പീല്‍ പോയി ഈ വിഷയത്തില്‍ അനുകൂലമായ വിധി വരേണ്ടത് അനിവാര്യമാണെന്നും ഐഷ പി. ജമാല്‍ പറഞ്ഞു.

ബലാത്സംഗത്തിന് കുറഞ്ഞത് 20 വര്‍ഷമാണ് ശിക്ഷ. ബലാത്സംഗശ്രമത്തിന് അതിന്റെ നേര്‍പകുതിയും, കഠിനേതര ലൈംഗിക അതിക്രമത്തിന് ഏഴ് വര്‍ഷം വരെയാണ് ശിക്ഷ. ഇത്രയും ക്രൂരമായി ഒരു പിഞ്ചുബാലികയോട് പെരുമാറിയ വ്യക്തിക്ക്, വിചാരണയ്ക്ക് മുമ്പേ തന്നെ പ്രധാനപ്പെട്ട വകുപ്പുകള്‍ ഒഴിവാക്കി വിചാരണ നേരിടാന്‍ അവസരം നല്‍കിയ അലഹബാദ് ഹൈക്കോടതി വിധി പുനപരിശോധിക്കേണ്ടതുണ്ടെന്നും ഐഷ പി. ജമാല്‍ പറഞ്ഞു.

Content Highlight: Aisha P. Jamal demands a review of the controversial Allahabad High Court verdict