Entertainment
അന്ന് കുട്ടേട്ടന്‍ വിളിച്ച് ആ റോള്‍ സൂക്ഷിച്ച് ഹാന്‍ഡില്‍ ചെയ്യണമെന്ന് പറഞ്ഞു: കലാഭവന്‍ ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 21, 06:49 am
Friday, 21st March 2025, 12:19 pm

മിമിക്രിയിലൂടെ സിനിമയിലേക്ക് വന്ന് ഇന്ന് മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് കലാഭവന്‍ ഷാജോണ്‍. തുടക്കത്തില്‍ നര്‍മം നിറഞ്ഞ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന ഷാജോണ്‍ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ദൃശ്യം സിനിമയിലൂടെയാണ് തനിക്ക് സീരിയസ് റോളുകളും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചത്.

പിന്നീടങ്ങോട്ട് മികച്ച നിരവധി സിനിമകളില്‍ ഷാജോണ്‍ ഭാഗമായി. മലയാളത്തിലെ മിക്ക ആളുകള്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള നടന്‍ കൂടിയാണ് കലാഭവന്‍ ഷാജോണ്‍. ഇപ്പോള്‍ നടന്‍ വിജയരാഘവനെ കുറിച്ച് പറയുകയാണ് അദ്ദേഹം.

ഷാജോണിന്റെ കൂടെ ഔസേപ്പിന്റെ ഒസ്യത്ത് എന്ന സിനിമയില്‍ വിജയരാഘവന്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഔസേപ്പിന്റെ ഒസ്യത്ത് സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം അദ്ദേഹം തന്നെ വിളിച്ചിരുന്നു എന്നാണ് നടന്‍ പറയുന്നത്.

തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാന്‍ വളരെയധികം സാധ്യതയുള്ളതാണെന്നും അതുകൊണ്ട് വളരെ സൂക്ഷിച്ച് ഹാന്‍ഡില്‍ ചെയ്യണമെന്നും വിജയരാഘവന്‍ പറഞ്ഞുവെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കലാഭവന്‍ ഷാജോണ്‍.

ഔസേപ്പിന്റെ ഒസ്യത്ത് എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം കുട്ടേട്ടന്‍ എന്നെ വിളിച്ചിരുന്നു. എന്റെ ക്യാരക്ടര്‍ വളരെയധികം ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ളതാണെന്നും അതുകൊണ്ട് വളരെ സൂക്ഷിച്ച് ഹാന്‍ഡില്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ലൊക്കേഷനില്‍ എത്തിയാല്‍ നമ്മുടെ ഓരോ സീനുകളും കണ്ടതിന് ശേഷം കുട്ടേട്ടന്‍ നല്ല കമന്റ്‌സും ഒപ്പം ചില നിര്‍ദേശങ്ങളുമൊക്കെ നല്‍കാറുണ്ട്. ഇങ്ങനെ ചെയ്താല്‍ അല്പം കൂടി മെച്ചപ്പെടുത്താം എന്നൊക്കെ അദ്ദേഹം പറയും.

പിന്നെ കുട്ടേട്ടന്റെ ആക്ടിങ് കപ്പാസിറ്റിയെ കുറിച്ച് ഞാന്‍ അധികം പറയേണ്ടതില്ലല്ലോ. അടുത്തു വന്ന സിനിമകളിലൂടെയെല്ലാം നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നടനാണ് അദ്ദേഹം. അതുപോലെയുള്ള നടനൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിയുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്.

അദ്ദേഹത്തിന്റെ മകനായിട്ട് ഒരു മുഴുനീള കഥാപാത്രമായി വേഷമിടാന്‍ കഴിഞ്ഞതും ഭാഗ്യമായാണ് കരുതുന്നത്. ആക്ടിങ്ങിനെയും സിനിമയെയും അത്രമേല്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്കൊപ്പം അഭിനയിക്കുകയെന്നതും സന്തോഷം തരുന്ന കാര്യമാണ്,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

Content Highlight: Kalabhavan Shajon Talks About Vijayaraghavan And Ouseppinte Osiyathu Movie