Entertainment
സൊസൈറ്റി വേറെ എന്തോ ആണെന്ന് പണ്ടാരോ പറഞ്ഞിട്ടില്ലേ: നമ്മുടെ യൂത്ത് അത്ര മോശപ്പെട്ടവരല്ല: ഖാലിദ് റഹ്‌മാന്‍

സിനിമയ്ക്ക് സമൂഹത്തിലുള്ള സ്വാധീനത്തെ കുറിച്ചും സമൂഹത്തില്‍ ചില മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അതിന്റെ മൊത്തം ഉത്തരവാദിത്തവും സിനിമയ്ക്ക് മേല്‍ കൊണ്ടുവയ്ക്കുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍.

സിനിമയ്ക്ക് സമൂഹത്തില്‍ സ്വാധീനമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ഖാലിദ് റഹ്‌മാന്‍ പറയുന്നു.

സിനിമയല്ലാതെ ബ്ലേം ചെയ്യാന്‍ മറ്റൊരു ആര്‍ട് ഫോം ഇവിടെ ഇല്ലെന്ന കാര്യം നമ്മള്‍ മറക്കരുതെന്നും ദി ക്യൂ സ്റ്റുഡിയോ നല്‍കിയ അഭിമുഖത്തില്‍ ഖാലിദ് റഹ്‌മാന്‍ പറയുന്നു.

ഇന്നത്തെ യൂത്തിനെ സമൂഹം ആവശ്യത്തിലേറെ ബ്ലെയിം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് സൊസൈറ്റി വേറെ എന്തൊക്കെയോ ആണെന്ന് പണ്ടാരോ പറഞ്ഞിട്ടില്ലേ എന്നായിരുന്നു ഖാലിദ് റഹ്‌മാന്റെ മറുപടി.

‘സൊസൈറ്റി വേറെ എന്തോ ആണെന്ന് പണ്ടാരൊക്കെയോ പറഞ്ഞതായിട്ട് ഞാന്‍ കേടിട്ടുണ്ട് (ചിരി). സൊസൈറ്റിക്ക് പറയാനുള്ളത് സൊസൈറ്റി പറയും. അവര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ. മറ്റുള്ളവരെ കുറിച്ച് അഭിപ്രായങ്ങളൊക്കെ പറയുക പ്രവര്‍ത്തിക്കുക എന്നതൊക്കെയാണല്ലോ.

യൂത്തിനെ കുറിച്ച് പറഞ്ഞാല്‍ ചെറുപ്പക്കാരാണെങ്കിലും ചെരുപ്പക്കാരികളാണെങ്കിലും എല്ലാവരും അത്രയും മോശപ്പെട്ടവരൊന്നും അല്ലല്ലോ,’ ഖാലിദ് റഹ്‌മാന്‍ പറഞ്ഞു.

സമൂഹത്തിലെ എല്ലാ തരം കുറ്റകൃത്യങ്ങള്‍ക്കും കാരണം സിനിമയാണെന്ന് തോന്നുന്നുണ്ടോ, അത്തരത്തിലൊരു ഉത്തരവാദിത്തം സിനിമയ്ക്ക് മേല്‍ വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അത്തരത്തില്‍ കുറ്റപ്പെടുത്താന്‍ സിനിമ അല്ലാതെ മറ്റൊരു ആര്‍ട്ട് പറയാന്‍ പറ്റുമോ എന്നായിരുന്നു ഖാലിദ് റഹ്‌മാന്റെ മറുപടി.

‘ നമുക്ക് കഥകളിയെ കുറ്റം പറയാന്‍ പറ്റില്ലല്ലോ, ഓട്ടം തുള്ളലിനെ പറയാന്‍ പറ്റില്ലല്ലോ. വേറെ ഏത് ആര്‍ട് ഫോമിനെ ചൂണ്ടിക്കാട്ടിയിട്ട് അത് കാരണമാണ് എന്ന് പറയാന്‍ പറ്റും.

ഈ നാട്ടില്‍ നാലാള് കാണുന്നത് സിനിമയല്ലേ. അതുകൊണ്ട് അതിലേക്കല്ലേ വരൂ. അത് വരട്ടെ. നമ്മള്‍ ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കുന്നുണ്ട്.

ചിലപ്പോള്‍ ആളുകള്‍ നമ്മളെ കൂകിവിളിക്കും, ചീത്തവിളിക്കും. അത് കഴിഞ്ഞു കഴിഞ്ഞ് അവര്‍ വീണ്ടും എന്റര്‍ടൈന്‍ ആകുമ്പോള്‍ അവര്‍ നല്ലത് പറയും.

2018 എന്ന സിനിമ ഇറങ്ങിയപ്പോള്‍, ഇവിടുത്തെ ആളുകളുടെ നന്മ ആ സിനിമയിലൂടെ പറഞ്ഞില്ലേ. അന്ന് എല്ലാവരും അതിനെ അഭിനന്ദിച്ചു. സിനിമയ്ക്ക് സ്വാധീനം ഉറപ്പായും ഉണ്ടാകും. അതുകൊണ്ടാണ് സിനിമ ഇത്രയും പോപ്പുലറാകുന്നത്,’ ഖാലിദ് റഹ്‌മാന്‍ പറഞ്ഞു.

Content Highlight: Director Khalid Rahman About Our Society and Movies