ന്യൂദല്‍ഹി: സംസ്ഥാന വ്യാവസായികവകുപ്പ് മന്ത്രി പി. രാജീവിന്റെ യു.എസ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി.
മന്ത്രി പങ്കെടുക്കേണ്ട സമ്മേളനമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര മന്ത്രാലയത്തിന്റെ തീരുമാനം. അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്റെ സമ്മേളനത്തിലാണ് മന്ത്രി പി. രാജീവ് പങ്കെടുക്കാനിരുന്നത്. വാഷിങ്ടണ്‍ ഡി.സിയില്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെയാണ് സമ്മേളനം നടക്കുക.
ലെബനനില്‍ നടക്കുന്ന യാക്കോബായ സഭ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം യു.എസിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ കേന്ദ്രം അനുമതി നിഷേധിക്കുകയാണ് ചെയ്തത്.
വ്യവസായ മന്ത്രിക്കൊപ്പം ഉയര്‍ന്ന ഉദ്യോഗസ്ഥരും വിദേശത്ത് പോകുമെന്നായിരുന്നു തീരുമാനം. നിലവില്‍ ലെബനനില്‍ നടക്കുന്ന യാക്കോബായ സഭയുടെ ചടങ്ങില്‍ പി. രാജീവിന് പുറമെ വി. മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
ഇതിനിടെ, കേരളം കരട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയം രൂപീകരിച്ച് വരികയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. നിര്‍മിത ബുദ്ധി അധിഷ്ഠിത സോഫ്റ്റുവെയര്‍ നിര്‍മാണം, വിവരസഞ്ചയ നിര്‍മാണം, ഇന്നൊവേഷന്‍ സെന്ററുകള്‍, നൈപുണ്യ വികസനം, നിര്‍മിത ബുദ്ധി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിന്തുണ എന്നിവ ഈ നയത്തിന്റെ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവ് നിലവിലെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന തൊഴില്‍മേഖലയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടി മുന്നില്‍ക്കണ്ടുകൊണ്ടാണ് പുതിയ നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിലൂടെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തൊഴില്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്.
നിര്‍മിത ബുദ്ധി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടി പ്രധാനപ്പെട്ട പദ്ധതികള്‍ ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 10 കോടി രൂപ സര്‍ക്കാര്‍ അധികമായി അനുവദിച്ചിട്ടുണ്ടെന്നും പി. രാജീവ് അറിയിച്ചു.
Content Highlight: Industries Minister P. Rajeev’s US visit; Central government denies permission