വാഷിങ്ടണ്‍: റഷ്യയും ഉക്രൈനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. കരിങ്കടല്‍ വഴി പോകുന്ന കപ്പലുകളെ ആക്രമിക്കില്ലെന്ന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും കരാറിലെത്തിയതായി വൈറ്റ് ഹൗസും സ്ഥിരീകരിച്ചു.
ഊര്‍ജോത്പാദന കേന്ദ്രങ്ങളും ആക്രമിക്കില്ലെന്ന് ഉക്രൈനും റഷ്യയും തീരുമാനത്തിലെത്തിയായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയുടെ മധ്യസ്ഥയില്‍ നടന്ന ചര്‍ച്ചയാണ് നിലവില്‍ വിജയം കണ്ടിരിക്കുന്നത്. കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും നടപ്പിലാക്കുന്നതിനായി യു.എസിനെ ആശ്രയിക്കുമെന്ന് റഷ്യയും ഉക്രൈനും വ്യക്തമാക്കി. ഇതോടെ 2023ല്‍ ആരംഭിച്ച യുദ്ധത്തിന് ഒരു അറുതി വരികയാണ്.
റഷ്യ കരാര്‍ ലംഘിക്കുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ യു.എസിനോട് ആയുധങ്ങള്‍ ആവശ്യപ്പെടുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കരാറില്‍ യു.എസിന്റെ വ്യക്തവും ശക്തവുമായ ഉറപ്പ് ഉണ്ടാകണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും പ്രതികരിച്ചു. കരിങ്കടലില്‍ റഷ്യയുടെ ആക്രമണമുണ്ടായാല്‍, ഉക്രൈന് സ്വയം പ്രതിരോധത്തിനുള്ള പൂര്‍ണ അവകാശം ഉണ്ടായിരിക്കുമെന്നും ഉക്രെയ്ന്‍ പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവും വ്യക്തമാക്കി.
നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ റഷ്യ തള്ളിയിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ നിര്‍ദേശം ഉക്രൈന്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച ട്രംപും സെലെന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ ഫോണ്‍ കോളുകളിലൂടെ കരാര്‍ സംബന്ധിച്ച് ഒന്നിലധികം തവണ ചര്‍ച്ച നടത്തിയിരുന്നു.
നിലവില്‍ കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ കാര്‍ഷിക, വളം കയറ്റുമതിയില്‍ ലോക വിപണിയിലേക്കുള്ള റഷ്യയുടെ പ്രവേശനം പുനഃസ്ഥാപിക്കുന്നതിനും സമുദ്ര ഇന്‍ഷുറന്‍സ് ചെലവുകള്‍ കുറയ്ക്കുന്നതിനും അത്തരം ഇടപാടുകള്‍ക്കായി തുറമുഖങ്ങളിലേക്കും പേയ്മെന്റ് സംവിധാനങ്ങളിലേക്കുമുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും കാരണമാകുമെന്ന് യു.എസ് അറിയിച്ചു.
അതേസമയം റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കിടെ നിര്‍ണായകമായ ധാതു കരാറില്‍ യു.എസും ഉക്രൈനും ധാരണയിലെത്തിയിരുന്നു. പിന്നീട് ഈ തീരുമാനത്തില്‍ നിന്ന് സെലന്‍സ്‌കി പിന്മാറിയെങ്കിലും ഉക്രൈനിന്റെ നിലനില്‍പ്പ് കണക്കിലെടുത്ത് അദ്ദേഹം പ്രസ്തുത തീരുമാനം പിന്‍വലിക്കുകയും ചെയ്തിരുന്നു.
ട്രംപിനും യു.എസിനും ഒപ്പം നിന്നുകൊണ്ട് യുദ്ധവിശ്രമത്തിനും സമാധാനത്തിനും വേണ്ടി പ്രയത്നിക്കുമെന്നും സെലന്‍സ്‌കി തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്നു.
Content Highlight: Russia, Ukraine agree to truce at sea and ban on energy attacks