Entertainment
ഇവിടെ നടക്കുന്ന റെഡ് ഡ്രാഗണ്‍ ചര്‍ച്ചയൊന്നും അറിയുന്നില്ല, തമിഴില്‍ പട്ടാളവേഷത്തിലൂടെ അരങ്ങേറാന്‍ ബേസില്‍ ജോസഫ്

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ചോയ്‌സായി മാറിയ നടനാണ് ബേസില്‍ ജോസഫ്. വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമാലോകത്തേക്കെത്തിയ ബേസില്‍ കുഞ്ഞിരാമായണത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബേസില്‍ ഇന്ന് കേരളത്തിന് പുറത്തും നടന്‍ എന്ന നിലയില്‍ അറിയപ്പെടുന്നു.

മലയാളത്തില്‍ നിന്ന് ചെറിയ ബ്രേക്കെടുക്കുന്ന ബേസില്‍ തമിഴില്‍ തന്റെ സാന്നിധ്യമറിയിക്കുകയാണ്. സുധാ കൊങ്കരയുടെ പരാശക്തി എന്ന ചിത്രത്തിലൂടെയാണ് ബേസിലിന്റെ തമിഴ് അരങ്ങേറ്റം. ചിത്രത്തില്‍ പട്ടാളഗെറ്റപ്പിലാണ് ബേസില്‍ വേഷമിടുന്നത്. ആര്‍മി ഗെറ്റപ്പില്‍ ബേസിലിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ എമ്പുരാന്‍ ഓളം ബേസിലിനെയും ബാധിച്ചിരുന്നു. എമ്പുരാന്റെ പോസ്റ്ററില്‍ റെഡ് ഡ്രാഗണ്‍ ചിഹ്നമുള്ള വസ്ത്രം ധരിച്ച് പുറം തിരിഞ്ഞ് നില്‍ക്കുന്ന കഥാപാത്രം ആരാകുമെന്ന ചര്‍ച്ച വലിയ രീതിയില്‍ നടന്നിരുന്നു. ഒടുവില്‍ റിലീസിന് ഒരുദിവസം ബാക്കി നില്‍ക്കെ ബേസിലിനെ അതേ രീതിയില്‍ നിര്‍ത്തി മരണമാസ് എന്ന സിനിമയുടെ പോസ്റ്റര്‍ ടൊവിനോ പങ്കുവെച്ചിരുന്നു.

എന്നാല്‍ ഈ പോസ്റ്റിന് ബേസില്‍ മറുപടിയൊന്നും പങ്കുവെച്ചിരുന്നില്ല. ടൊവിനോയുടെ പോസ്റ്റുകള്‍ക്ക് ബേസില്‍ നല്‍കുന്ന കമന്റുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല റീച്ചാണ് ലഭിക്കാറുള്ളത്. പുതിയ പോസ്റ്റിന് ബേസില്‍ പ്രതികരിക്കാതിരുന്നതോടെയാണ് പലര്‍ക്കും സംശയം തോന്നിയത്. ഒടുവില്‍ പരാശക്തിയുടെ ലൊക്കേഷന്‍ പിക് ലീക്കായതോടെ ചര്‍ച്ചകള്‍ക്ക് താത്കാലിക വിരാമമായി.

തന്റെ ആദ്യ തമിഴ് ചിത്രം തന്നെ മികച്ചതാക്കാനാണ് ബേസില്‍ ശ്രമിക്കുന്നത്. ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന ചിത്രം ആദ്യം സൂര്യ ചെയ്യേണ്ടതായിരുന്നു. സൂര്യ പിന്മാറിയ വേഷത്തിലേക്കാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. അഥര്‍വ, ശ്രീലീല എന്നിവരും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ രവി മോഹനാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സൂര്യ, ദുല്‍ഖര്‍, നസ്രിയ എന്നിവരെയായിരുന്നു ആദ്യം ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തിരുന്നത്. ദുല്‍ഖറിന് പകരം അഥര്‍വയും നസ്രിയക്ക് പകരം ശ്രീലീലയും എത്തിയപ്പോള്‍ പുറനാനൂറ് എന്ന ആദ്യ ടൈറ്റില്‍ പരാശക്തിയെന്ന് മാറ്റുകയായിരുന്നു. 1970കളില്‍ തമിഴ്‌നാട്ടിലെ ക്യാമ്പസുകളില്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ നടത്തിയ വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് പരാശക്തിയുടെ കഥ.

Content Highlight: Basil Joseph new military getup in Parasakthi movie going viral