Entertainment
ഭക്ഷണത്തിന്റെ കാര്യത്തില്‍ വരെ സ്ട്രിക്ട് റൂള്‍സുള്ള മമ്മൂക്കയുടെ വീട്ടില്‍ അതെല്ലാം ഒരൊറ്റയാള്‍ക്ക് വേണ്ടി മാത്രം തെറ്റിക്കും: പൃഥ്വിരാജ്

രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് പൃഥ്വിരാജ്. കരിയറിന്റെ ആദ്യകാലത്ത് മികച്ച നടനെന്ന് പേരെടുത്ത പൃഥ്വിരാജ് കൈവെച്ച മേഖലകളിലെല്ലാം മികച്ച അഭിപ്രായം സ്വന്തമാക്കി. ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ സംവിധാനവും തനിക്കിണങ്ങുമെന്ന് തെളിയിച്ച പൃഥ്വി ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നടനാണ്.

മലയാളത്തിലെ മികച്ച താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെക്കുറിച്ചും സംസാരിക്കുകയാണ് പൃഥ്വിരാജ്. ഇന്ത്യയിലെ ഏത് ഇന്‍ഡസ്ട്രി എടുത്തുനോക്കിയാലും അതില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സൗഹൃദം കൊണ്ടുപോകുന്ന വന്‍ താരങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. ഇരുവരും തമ്മിലുള്ള ബോണ്ട് വളരെ രസകരമാണെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

രണ്ടുപേരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് തനിക്ക് നല്ല അറിവാണെന്നും പലപ്പോഴും അത് നേരില്‍ കണ്ടിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. മമ്മൂട്ടിയുടെ വീട്ടില്‍ ഇടയ്‌ക്കൊക്കെ താന്‍ ചെല്ലാറുണ്ടെന്നും അവിടെ എന്ത് ചെയ്യണമെന്നും ചെയ്യരുതെന്നുമുള്ള സ്ട്രിക്ട് റൂളുകള്‍ ഉണ്ടെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. എല്ലാവരും അത് പാലിക്കാറുണ്ടെന്നും ഭക്ഷണത്തിന്റെ കാര്യത്തില്‍ വരെ റൂളുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

എന്നാല്‍ ഒരൊറ്റയാള്‍ക്ക് വേണ്ടി ആ റൂളുകള്‍ മമ്മൂട്ടി മാറ്റുമെന്നും അത് മോഹന്‍ലാലിന് വേണ്ടിയാണെന്നും പൃഥ്വി പറഞ്ഞു. മോഹന്‍ലാല്‍ ചെല്ലുമ്പോള്‍ മമ്മൂട്ടി ഒരു റൂള്‍ തെറ്റിക്കുമെന്നും അത് എന്താണെന്ന് ഒരു പൊതുവേദിയില്‍ തനിക്ക് പറയാന്‍ സാധിക്കില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘ഇന്ത്യയിലെ ഏത് ഇന്‍ഡസ്ട്രിയെടുത്ത് നോക്കിയാലും മമ്മൂട്ടി സാറും ലാലേട്ടനും അവരുടെ സൗഹൃദം കൊണ്ടുപോകുന്നതുപോലെ മറ്റൊരു ഇന്‍ഡസ്ട്രിയിലും കാണാന്‍ സാധിക്കില്ല. വേറൊരു ഇന്‍ഡസ്ട്രിയിലെയും സൂപ്പര്‍സ്റ്റാറുകള്‍ തമ്മില്‍ ഇത്ര നല്ല ബോണ്ട് ഉണ്ടാകില്ല. അവരുടെ ഫ്രണ്ട്ഷിപ്പ് എത്രത്തോളമുണ്ടെന്ന് എനിക്ക് നല്ലവണ്ണമറിയാം. ഞാനത് നേരില്‍ കണ്ടിട്ടുള്ളയാളാണ്.

ഞാന്‍ ഇടയ്‌ക്കൊക്കെ മമ്മൂക്കയുടെ വീട്ടില്‍ പോകാറുണ്ട്. അവിടെ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നിങ്ങെ ഒരുപാട് റൂളുണ്ട്. നമ്മളത് അനുസരിക്കാന്‍ നിര്‍ബന്ധിതരാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ കൃത്യമായ റൂളുകള്‍ ഫോളോ ചെയ്യുന്നുണ്ട്. എന്നാല്‍ ഒരൊറ്റയാള്‍ക്ക് വേണ്ടി മമ്മൂക്ക റൂളില്‍ വിട്ടുവീഴ്ച ചെയ്യും. ലാലേട്ടന് വേണ്ടിയാണത്. എന്ത് റൂളാണ് മാറ്റുന്നതെന്ന് ചോദിക്കരുത്. അത് ഇവിടെ പറയാന്‍ പറ്റില്ല,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj about friendship of Mammootty and Mohanlal