കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച “മീശ” എന്ന നോവലിന്റെ പേരില്‍ എഴുത്തുകാരന്‍ എസ്. ഹരീഷിനെതിരായ സംഘപരിവാര്‍ “ആക്രമണം” വാര്‍ത്തയാക്കാതെ നോവല്‍ പിന്‍വലിച്ച വാര്‍ത്ത ബ്രേക്കിങ് ന്യൂസ് നല്‍കി മാതൃഭൂമി.
മീശ എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്. എസ്.ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധക്കാരുടെ തെറിവിളി.
കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.
രാഹുലിന്റെ ‘ആലിംഗനം’ കൊലപാതക ശ്രമം; മോദി ഉടന്‍ വൈദ്യസഹായം തേടണം: സുബ്രഹ്മണ്യന്‍ സ്വാമി
എസ്. ഹരീഷിനെ സോഷ്യല്‍മീഡിയയില്‍ പിന്തുണയ്ക്കുന്നവരെപ്പോലും സംഘടിതമായി തെറിവിളിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. എന്നിട്ടുപോലും വിഷയത്തില്‍ ഇടപെടാനോ വാര്‍ത്ത നല്‍കാനോ മാതൃഭൂമി പത്രമോ ചാനലോ തയ്യാറായിരുന്നില്ല. ഇങ്ങനെയിരിക്കെയാണ് നോവല്‍ പിന്‍വലിച്ചെന്ന വാര്‍ത്ത മാത്രം ചാനല്‍ ബ്രേക്കിങ് ന്യൂസായി നല്‍കിയത്.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മീശ എന്ന നോവലിനെ മുന്‍നിര്‍ത്തി എസ്.ഹരീഷിനെ സംഘപരിവാര്‍ ആക്രമിക്കുമ്പോഴും മാതൃഭൂമി മൗനം പാലിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
ഹിന്ദു സ്ത്രീകളെ അപമാനിച്ച എഴുത്തുകാരനെ പിന്തുണയ്ക്കുന്നവരെ ചെരിപ്പൂരി അടിക്കുമെന്നായിരുന്നു സംഘപരിവാറിന്റെ ഭീഷണി. ലൈംഗികത്തൊഴില്‍ ചെയ്യുന്ന സ്ത്രീകളാണ് ഹരീഷിനെ പിന്തുണയ്ക്കുന്നതെന്നായിരുന്നു ഇവരുടെ വാദം.
മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവലാണ് ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിക്കുന്നതെന്നും അഞ്ച് വര്‍ഷത്തെ പരിശ്രമമാണ് നോവലെന്നും രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്തില്ലെന്നും എസ്. ഹരീഷ് പ്രതികരിച്ചിരുന്നു. അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നോവല്‍.