ന്യൂദല്‍ഹി: ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ ദേശീയ അന്വേഷണ കമ്മീഷന്‍ നോട്ടീസ് അയച്ച മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരതിലോവ.
ട്വിറ്ററിലൂടെയായിരുന്നു താരം റാണ അയ്യൂബിന് ഐക്യദാര്‍ഢ്യം അറിയിച്ചത്.
‘ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണെന്നാണ് താന്‍ കരുതിയിരുന്നത്. ഗുഡ് ലക്ക് റാണ,’ എന്നായിരുന്നു മാര്‍ട്ടിന ട്വീറ്റ് ചെയ്തത്. റാണ അയ്യൂബിന്റെ ട്വീറ്റ് പങ്കുവെച്ചായിരുന്നു താരത്തിന്റെ പ്രതികരണം.
ബി.ബി.സിയുടെ ഹാര്‍ഡ് ടോക്ക് ഇന്റര്‍വ്യൂവില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് റാണാ അയ്യൂബിന് കേന്ദ്ര അന്വേഷണ ഏജന്‍സി നോട്ടീസ് അയച്ചത്. അഭിമുഖത്തില്‍ കേന്ദ്രസര്‍ക്കാരിനെയും സംഘപരിവാറിനേയും റാണ അയ്യൂബ് വിമര്‍ശിച്ചിരുന്നു.
എല്ലാ ആയുധവും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ തന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യയില്‍ സത്യം പറയുന്നവര്‍ക്ക് നല്‍കേണ്ടിവരുന്ന വില ഇതാണെന്നുമായിരുന്നു അഭിമുഖത്തില്‍ റാണ അയ്യൂബ് പറഞ്ഞത്.
നേരത്തെ, മോദി സ്വേച്ഛാധിപതിയെല്ലെന്നും, രാജ്യം കണ്ട ഏറ്റവും മികച്ച ജനാധിപത്യ വിശ്വാസിയുമാണെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ചും നവരതിലോവ രംഗത്ത് വന്നിരുന്നു.