ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കുന്നത് മൗലികാവകാശം; പഞ്ചാബ്, ഹരിയാന ഹൈക്കോടതി
national news
ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കുന്നത് മൗലികാവകാശം; പഞ്ചാബ്, ഹരിയാന ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2024, 10:00 pm

ചണ്ഡീഗഡ്: ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കുന്നത് മൗലികാവകാശമാണെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. പ്രായപൂര്‍ത്തിയായ വ്യക്തിയുടെ വിവാഹ തീരുമാനത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഇഷ്ടപ്രകാരം വിവാഹം ചെയ്തതിന് പിന്നാലെ തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി സംരക്ഷണമാവശ്യപ്പെട്ട് ദമ്പതികള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് കുല്‍ദീപ് തിവാരിയാണ് ഹരജി പരിഗണിച്ചത്.

ഒരുമിച്ച് ജീവിതം ചിലവഴിക്കാന്‍ തീരുമാനിച്ച പക്വതയുള്ള, ഉത്തരവാദിത്തമുള്ള പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ വിവാഹിതരായതിന് ശേഷം സ്വന്തം ഇഷ്ടപ്രകാരം സമാധാനപരമായ ജീവിതം നയിക്കാന്‍ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു.

ദമ്പതികള്‍ ആദ്യം സമീപിച്ച അധികാരികള്‍ വേണ്ട രീതിയില്‍ ഇതില്‍ ഇടപെട്ടിരുന്നെങ്കില്‍ കോടതിയെ സമീപിക്കേണ്ട ആവശ്യം വരില്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

ഇതിന് മുമ്പും സമാനമായ കേസുകളില്‍ സുപ്രീം കോടതിയടക്കം വിശദമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടും വീണ്ടും ദമ്പതികള്‍ക്ക് കോടതിയെ സമീപിക്കേണ്ട അവസ്ഥ വരികയാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

ഇവരുടെ ആവശ്യം പരിഗണിക്കാനും സുരക്ഷയ്ക്ക് ഭീഷണിയുണ്ടെങ്കില്‍ സംരക്ഷണം നല്‍കാനും പൊലീസിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

Content Highlight: Marrying person of one’s choice is fundamental right, says Punjab and Haryana High Court