മാര്‍ക്ക് ജിഹാദ്; പ്രൊഫസര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ദല്‍ഹി സര്‍വകലാശാലയ്ക്കും ശിവന്‍കുട്ടിയുടെ കത്ത്
Kerala News
മാര്‍ക്ക് ജിഹാദ്; പ്രൊഫസര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ദല്‍ഹി സര്‍വകലാശാലയ്ക്കും ശിവന്‍കുട്ടിയുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th October 2021, 6:45 pm

തിരുവനന്തപുരം: കേരളത്തില്‍ മാര്‍ക്ക് ജിഹാദെന്ന വിവാദ പരാമര്‍ശം നടത്തിയ പ്രൊഫസര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ദല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കത്തയച്ചു.

പരാമര്‍ശം നടത്തിയ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കിരോരി മാള്‍ കോളേജിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചത്.

കേരളത്തില്‍ ആസൂത്രിതമായി മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ സംഘടിത ശക്തികളുണ്ടെന്നുമാണ് രാകേഷ് കുമാര്‍ പാണ്ഡെ പറഞ്ഞത്. ദല്‍ഹി സര്‍വകലാശാലയിലേക്ക് ബിരുദതല പ്രവേശനം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇയാളുടെ പരാമര്‍ശം.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ വര്‍ഗീയതയും വംശീയതയും നിറഞ്ഞ പരാമര്‍ശമാണ് പ്രൊഫസര്‍ നടത്തിയതെന്ന് ശിവന്‍കുട്ടി പറഞ്ഞു.

‘വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസര്‍ നടത്തിയത്. ക്രിമിനല്‍ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രഫസര്‍ക്കെതിരെ നടപടി വേണം,’ മന്ത്രി ആവശ്യപ്പെട്ടു.

ആര്‍.എസ്.എസുമായി ബന്ധമുള്ള സംഘടനാ നേതാവ് കൂടിയാണ് രാകേഷ് കുമാര്‍ പാണ്ഡെ. എന്നാല്‍ ഇയാളെ തള്ളി ആര്‍.എസ്.എസ് അനുകൂല അധ്യാപക സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് (എന്‍.ഡി.ടി.എഫ്) രംഗത്തെത്തിയിരുന്നു.

എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും സെന്‍ട്രല്‍ യൂണിവേഴ്സിറ്റി പദവിയിലെ മികച്ച സ്ഥാപനങ്ങളില്‍ പഠിക്കാന്‍ മെറിറ്റ് മാനദണ്ഡം അടിസ്ഥാനമാക്കി തുല്യ അവകാശങ്ങളുണ്ടെന്ന് എന്‍.ഡി.ടി.എഫ് പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കും വിവേചനമില്ലാതെ പ്രവേശനത്തിനായി തുറന്നിരിക്കുന്ന കേന്ദ്ര സര്‍വകലാശാലയാണ് ദല്‍ഹി സര്‍വകലാശാലയെന്നും ഏതെങ്കിലും വ്യക്തി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുമായി എന്‍.ഡി.ടി.എഫിന് യാതൊരു ബന്ധവുമില്ലെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

സംഘടനയുടെ മുന്‍ പ്രസിഡന്റായിരുന്നു വിവാദ പ്രസ്താവന നടത്തിയ രാകേഷ് പാണ്ഡെ. രാകേഷിന്റെ പ്രസ്താവന തള്ളി ദല്‍ഹി യൂണിവേഴ്സിറ്റി തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു.

സര്‍വ്വകലാശാലയ്ക്ക് എല്ലാ വിദ്യാര്‍ത്ഥികളും തുല്യരാണെന്നും പ്രവേശനത്തില്‍ വിവേചനം കാണിച്ചിട്ടില്ലെന്നും ദല്‍ഹി യൂണിവേഴ്സിറ്റി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. യോഗ്യതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കിയെന്നും ദല്‍ഹി സര്‍വ്വകലാശാല രജിസ്ട്രാര്‍ വ്യക്തമാക്കി.

ഒരു കേന്ദ്ര സര്‍വകലാശാല എന്ന നിലയില്‍, ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ സംസ്ഥാനമോ സ്‌കൂള്‍ ബോര്‍ഡോ പരിഗണിക്കാതെ അക്കാദമിക് യോഗ്യതകളെ വിലമതിച്ചുകൊണ്ടാണ് പ്രവേശനം നല്‍കുന്നതെന്നും ഈ വര്‍ഷവും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം അപേക്ഷകള്‍ സ്വീകരിച്ചുകൊണ്ട് തുല്യ അവസരം നിലനിര്‍ത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mark Jihad V Shivankutty Delhi University