പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നഫീസാണ് അറസ്റ്റിലായത്. മരക്കാറിന്റെ വ്യാജപതിപ്പ് ടെലഗ്രാമിലാണ് ഇയാള്‍ പ്രചരിപ്പിച്ചത്. വ്യാജപതിപ്പ് പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്. ചിത്രത്തിലെ ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ യുട്യൂബിലും പ്രചരിച്ചിരുന്നു.
തിയേറ്ററില്‍ നിന്നും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച രീതിയിലുള്ള അവ്യക്തമായ രംഗങ്ങളാണ് പ്രചരിച്ചത്. മോഹന്‍ലാലിന്റെയും മറ്റ് താരങ്ങളുടെയും സിനിമയിലെ ആമുഖ രംഗങ്ങളും ഇത്തരത്തില്‍ ചോര്‍ന്നിരുന്നു.
ക്ലൈമാക്‌സ് സീന്‍ പോസ്റ്റ് ചെയ്ത യുട്യൂബ് ചാനലില്‍ നിന്നും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുറത്തിറങ്ങിയത്.
മോഹന്‍ലാല്‍ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.