മമ്മൂട്ടിയുടെ അനിയന്റെ മകൻ ഒന്നുമാകാതെ പോയെന്നുള്ള പേരുവരാതിരിക്കാൻ ആ പ്രിവിലേജുപയോഗിച്ചില്ല: മഖ്‌ബൂൽ സൽമാൻ
Entertainment
മമ്മൂട്ടിയുടെ അനിയന്റെ മകൻ ഒന്നുമാകാതെ പോയെന്നുള്ള പേരുവരാതിരിക്കാൻ ആ പ്രിവിലേജുപയോഗിച്ചില്ല: മഖ്‌ബൂൽ സൽമാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd July 2023, 9:06 pm

സിനിമയിലേക്കുള്ള വരവിന് മമ്മൂട്ടിയുടെ പേര് പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് മഖ്‌ബൂൽ സൽമാൻ. സിനിമയിൽ താൻ ഒന്നുമായി തീർന്നില്ലെങ്കിൽ മമ്മൂട്ടിയുടെ അനിയന്റെ മകൻ സിനിമയിൽ ഒന്നുമായിത്തീർന്നില്ലെന്ന് മറ്റുള്ളവർ പറഞ്ഞാലോ എന്നോർത്താണ് താൻ അങ്ങനെ ചെയ്തതെന്നും അസുരവിത്ത് എന്ന ചിത്രം ചെയ്തപ്പോൾ മമ്മൂട്ടി തന്നെ അഭിനന്ദിച്ചെന്നും മഖ്‌ബൂൽ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടിയുടെ അനിയന്റെ മകൻ എന്ന പേര് പ്രയോജനപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മഖ്‌ബൂൽ.

‘സത്യം പറഞ്ഞാൽ മമ്മൂട്ടിയുടെ അനിയന്റെ മകൻ എന്ന പ്രിവിലേജ് പേടി കൊണ്ടാണ് മിസ് യൂസ് ചെയ്യാതിരുന്നത്. എന്തെങ്കിലും കാരണംകൊണ്ട് സംഭവം പാളിപോകുകയോ, അല്ലെങ്കിൽ നമ്മളെപ്പറ്റി മോശമാണ് കേൾക്കുന്നതെങ്കിൽ ആരും അറിയാതെ ആ വഴിയേ പോകാമെന്ന് കരുതി. കാരണം മമ്മൂട്ടിയുടെ അനിയന്റെ മകൻ സിനിമയിലേക്ക് വന്നിട്ട് ഒന്നുമാകാതെ പോയി എന്ന പേര് കേൾക്കണ്ട എന്ന് തോന്നി. അതിനർത്ഥം ഇന്ന് ഒന്നും ആയി എന്നല്ല.

എടാ നന്നായിട്ടുണ്ട് എന്ന് അസുരവിത്ത് എന്ന ചിത്രം കണ്ടിട്ട് മൂത്താപ്പ (മമ്മൂട്ടി) പറഞ്ഞു. അപ്പോൾ ഒരു ധൈര്യമായി. ആ ചിത്രത്തിന് ശേഷം എല്ലാവരും എന്നെ അറിഞ്ഞു. അന്ന് ആ ലൊക്കേഷനിൽ ഒട്ടുമിക്ക ആളുകൾക്കും അറിയാമായിരുന്നു. അസുരവിത്തിൽ ഞാൻ ഒരു സെക്കൻഡ് ഹീറോ ആയിരുന്നു. പടം റിലീസായതിന് ശേഷമാണ് ഞാൻ ഈ ബാക്ക്ഗ്രൗണ്ടിൽ നിന്നും വരുന്ന ആളാണെന്ന് എല്ലാവരും അറിയുന്നത്,’ മഖ്‌ബൂൽ പറഞ്ഞു.

അഭിമുഖത്തിൽ ദുൽഖർ സൽമാനെപ്പറ്റിയും മഖ്‌ബൂൽ സംസാരിച്ചു. താൻ റോൾ മോഡലായി കാണുന്നതും തനിക്കുള്ള പ്രചോദനവും ദുൽഖർ സൽമാൻ ആണെന്ന് മഖ്‌ബൂൽ പറഞ്ഞു.

‘ഞാനും ദുൽഖറും എല്ലാ കാര്യങ്ങളും ഡിസ്കസ് ഒക്കെ ചെയ്യും. നല്ല കൂട്ടാണ്. ചെറുപ്പം മുതലേ ഞങ്ങൾ രണ്ടും ഒരുമിച്ചായിരുന്നു. ഞങ്ങൾ തറവാട്ടിൽ താമസിക്കുമ്പോൾ ഇവർ അങ്ങോട്ട് വരുമായിരുന്നു. സൈക്കിൾ ചവിട്ടാൻ പോകുന്നതും നാട് കാണാൻ പോകുന്നതുമൊക്കെ ഒരുമിച്ചായിരുന്നു. എന്റെ പ്രചോദനവും റോൾ മോഡലും ഒക്കെ ദുൽഖർ ആണ്. ചെറുപ്പം മുതൽക്കേ അങ്ങനെയാണ്,’ മഖ്‌ബൂൽ പറഞ്ഞു.

Content Highlights: Maqbul Salman on Mammooty