Advertisement
Economic Crisis
'പ്രതിപക്ഷത്തെ പഴിചാരിയാല്‍ പ്രതിസന്ധി മറികടക്കാനാവില്ല, കാരണം കണ്ടെത്തി പരിഹരിക്കാന്‍ തയ്യാറാവൂ'; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 17, 09:55 am
Thursday, 17th October 2019, 3:25 pm

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാഴ്ന്നിരിക്കുമ്പോള്‍ പ്രതിപക്ഷത്തെ പഴിചാരുകയും സാമ്പത്തികാവസ്ഥ സുസ്ഥിരമായി നിലനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സാമ്പത്തിക പ്രതിസന്ധിയെ മറികടക്കണമെങ്കില്‍ ആദ്യം കണ്ടെത്തേണ്ടത് അതിന്റെ കാരണമാണ്. എന്നാല്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന് മേല്‍ പഴിചാരാന്‍ മാത്രമാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് അതിന് പരിഹാരം കണ്ടെത്താനാവാത്തതും’, മന്‍മോഹന്‍ സിങ് പറഞ്ഞു.

സര്‍ക്കാരിന്റെ ഉദാസീനതയും പ്രാപ്തിക്കുറവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അത് രാജ്യത്തുടനീളമുള്ള ജനങ്ങളെയാണ് ആഴത്തില്‍ ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേകിച്ചും മഹാരാഷ്ട്രയിലെ ജനങ്ങള്‍ പ്രതിസന്ധിയില്‍ ഞെരുങ്ങുകയാണ്. ഉല്‍പാദിപ്പിക്കുന്ന സാധനങ്ങളുടെ വിലയിടിഞ്ഞത് സംസ്ഥാനത്തെ ജനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘മഹാരാഷ്ട്രയിലെ വ്യാവസായിക-ഉല്‍പാദന മേഖല തകിടംമറിഞ്ഞ് കിടക്കുമ്പോള്‍ ചൈനയില്‍നിന്നും അതേ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് അവര്‍ സാക്ഷികളാകേണ്ടി വരികയാണ്’.

‘വോട്ടിനുവേണ്ടി ഇരുതിരിയിട്ട വിളക്കുപോലെ പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ ബി.ജെ.പി പക്ഷേ, അമ്പേ പരാജയപ്പെട്ടിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലെ ഏറ്റവും ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് മഹാരാഷ്ട്ര കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നാല് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലേക്ക് സംസ്ഥാനത്തെ നിര്‍മ്മാണ മേഖല തകര്‍ന്നു’, സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിങ് വിശദീകരിച്ചു.

അവസരങ്ങളില്ലായ്മ അതി ഭീകരമായി ബാധിച്ച മഹാരാഷ്ട്രയില്‍ യുവാക്കള്‍ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യയും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘നിക്ഷേപത്തിലും വ്യവസായത്തിലും ഒന്നാമതായിരുന്ന മഹാരാഷ്ട്ര ഇന്ന് കര്‍ഷക ആത്മഹത്യയുടെ കാര്യത്തിലാണ് ഒന്നാമതായി നില്‍ക്കുന്നത്’.

നോട്ട് നിരോധനവും ജി.എസ്.ടി നടപ്പിലാക്കലും ഏര്‍പ്പെടുത്തിയ സമയത്തുതന്നെ മന്‍മോഹന്‍ അതിനെ എതിര്‍ത്തിരുന്നു. അടിയന്തര നടപിടകള്‍ സ്വീകരിച്ചില്ലെങ്കില്‍ ദീര്‍ഘമായ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമ്പദ് വ്യവസ്ഥ വിപുലീകരിക്കുകയല്ലാതെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കുറുക്കുവഴികളൊന്നുമില്ല. വിദേശത്തുനിന്നുള്ള ഇറക്കുമതിയുടെ സ്ഥാനത്ത് സര്‍ക്കാര്‍ ചെയ്യേണ്ടത് ഇവിടത്തെ വാണിജ്യവും വ്യവസായവും വികസിപ്പിക്കുവാന്‍വേണ്ട നടപടികള്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

പി.എം.സി ബാങ്ക് പ്രശ്‌നത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ മന്‍മോഹന്‍, നിക്ഷേപകരോട് സംഭവിച്ചത് ദൗര്‍ഭാഗ്യകരമായതാണെന്നും പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയോടും കേന്ദ്ര ധനകാര്യമന്ത്രിയോടും പ്രധാനമന്ത്രിയോടും പി.എം.സി ബാങ്ക് വിഷയത്തില്‍ ഇടപെടണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. വിഷയത്തില്‍ ആശങ്കയിലായ പല ഉപഭോക്താക്കളും ആത്മഹത്യയുടെ വക്കിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. അധികൃതര്‍ എത്രയും പെട്ടന്ന് ഇതില്‍ ഇടപെടണം’, മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.

കോടതി വിധി പറഞ്ഞിട്ടില്ലാത്ത വിഷയമാണിത്. അതുകൊണ്ട് അതില്‍ അധികം സംസാരിക്കാന്‍ ഞാനാളല്ല. പക്ഷേ, ആര്‍.ബി.ഐയും മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രവും ഇടപെടണമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു’, അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ