'ലേഡി സൂപ്പര്‍സ്റ്റാര്‍' ടൈറ്റില്‍ എനിക്ക് ഇന്‍സള്‍ട്ടായി തോന്നുന്നു; നടക്കുന്നത് ആവശ്യമില്ലാത്ത ചര്‍ച്ചകള്‍: മഞ്ജു വാര്യര്‍
Entertainment
'ലേഡി സൂപ്പര്‍സ്റ്റാര്‍' ടൈറ്റില്‍ എനിക്ക് ഇന്‍സള്‍ട്ടായി തോന്നുന്നു; നടക്കുന്നത് ആവശ്യമില്ലാത്ത ചര്‍ച്ചകള്‍: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 31st July 2024, 6:55 pm

തനിക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വാക്ക് തന്നെ ഇപ്പോള്‍ ഇന്‍സള്‍ട്ടായിട്ടാണ് തോന്നുന്നതെന്ന് പറയുകയാണ് മഞ്ജു വാര്യര്‍. പല ആളുകളും ആ വാക്ക് അനാവശ്യമായി ഉപയോഗിക്കുകയാണെന്നും അവര്‍ അതിന് അവരുടേതായ ഡെഫനിഷന്‍സ് കൊടുക്കുകയാണെന്നും താരം പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഫൂട്ടേജിന്റെ ഭാഗമായി ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നതിനെ സംബന്ധിച്ച് ആവശ്യം ഇല്ലാത്ത ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വാക്ക് തന്നെ എനിക്ക് ഇപ്പോള്‍ ഇന്‍സള്‍ട്ട് ആയിട്ടാണ് തോന്നുന്നത്. കാരണം പലരും ആ വാക്ക് ഓവര്‍ യൂസ് ചെയ്ത് അവരവരുടെ ഡെഫനിഷന്‍സ് കൊടുക്കുകയാണ്. അതിനെ സംബന്ധിച്ച് ആവശ്യം ഇല്ലാത്ത ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ ഒക്കെ നടക്കുന്നത്. അതുകൊണ്ട് എനിക്ക് അതിലേക്കേ കടക്കണ്ട. എനിക്ക് ആളുകളുടെ സ്‌നേഹം മതി. അല്ലാതെ ഈ ടൈറ്റിലുകള്‍ വേണ്ട,’ മഞ്ജു വാര്യര്‍ പറഞ്ഞു.

ജെന്‍ഡറിന്റെ അടിസ്ഥാനത്തില്‍ നായിക – നായകന്‍ എന്ന് പറയുന്നത് ഔട്ട്‌ഡേറ്റഡാണ് എന്നും താരം അഭിമുഖത്തില്‍ പറയുന്നു. നായികമാര്‍ കുറയുന്ന മലയാള സിനിമയെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി നല്‍കുകയായിരുന്നു മഞ്ജു. ഒരു സിനിമക്ക് അതിന് ആവശ്യമായ കഥാപാത്രങ്ങള്‍ മതിയാകും എന്നാണ് താരം പറയുന്നത്.

‘ഒരു സിനിമക്ക് ആവശ്യമായ കഥാപാത്രങ്ങള്‍ മതിയാകും. എന്നെ സംബന്ധിച്ച് ഈ നായിക – നായകന്‍ എന്ന് ജെന്‍ഡറിനെ ബേസ് ചെയ്ത് പറയുന്നത് തന്നെ ഔട്ട് ഡേറ്റഡാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കഥാപാത്രത്തിനും കോണ്ടന്റിനുമാണ് പ്രാധാന്യം. അവിടെ ആണാണോ പെണ്ണാണോ തേര്‍ഡ് ജെന്ററാണോ എന്നതിനല്ല. ആ ലെവലിലേക്ക് സിനിമയും പ്രേക്ഷകരുടെയും അഭിരുചികളും ചിന്തയുമൊക്കെ വളരുകയാണ്. പണ്ടേ ഇതൊക്കെ സംസാരിച്ചു തീരേണ്ട വിഷയങ്ങളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമ എന്‍ഗേജിങ്ങാണെങ്കില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കും. ആരെ കേന്ദ്രീകരിച്ചാണ് സിനിമയെന്നതില്‍ പ്രാധാന്യമുണ്ടാകില്ല,’ മഞ്ജു വാര്യര്‍ പറഞ്ഞു.


Content Highlight: Manju Warrier Says Lady Superstar Title Is An Insult For Her