Mollywood
പ്രിയപ്പെട്ട അപ്പു, ആശംസകള്‍,അഭിനന്ദനങ്ങള്‍! അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ; പ്രണവിന് അഭിനന്ദനവുമായി മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Jan 26, 12:21 pm
Friday, 26th January 2018, 5:51 pm

നായകനായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹന്‍ലാലിന് അഭിനന്ദനവുമായി മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍.

പ്രിയപ്പെട്ട അപ്പു, ആശംസകള്‍,അഭിനന്ദനങ്ങള്‍! അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ! എന്നായിരുന്നു മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇന്നായിരുന്നു പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയുടെ റിലീസ്. സോഷ്യല്‍ മീഡിയയിലും മറ്റും ആദിയിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുചിത്ര മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ കൊച്ചിയില്‍ ആരാധകര്‍ക്കൊപ്പം സിനിമ കണ്ടു. ആദി ആരാധകരെ ആവേശത്തിലാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രണവിന്റെ അരങ്ങേറ്റം പിഴച്ചില്ലെന്നു തന്നെയാണ് ഒറ്റവാക്കിലെ പ്രേക്ഷക പ്രതികരണം. ആക്ഷന്‍ രംഗങ്ങളിലൂടെ പ്രണവ് അമ്പരപ്പിക്കുന്നുവെന്ന് സിനിമ കണ്ടവര്‍ പറയുന്നു. ഭാവിയില്‍ നല്ല വേഷങ്ങള്‍ പ്രണവിനെ തേടിയെത്തട്ടെയെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസിക്കുന്നു.

സംഗീത സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന ആദിത്യ മോഹന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രണവ് അവതരിപ്പിക്കുന്നത്.

ആദിയുടെ അച്ഛനായി സിദ്ദിഖും അമ്മയായി ലെനയും അഭിനയിക്കുന്നു. പുലിമുരുകനിലൂടെ മോഹന്‍ലാലിന്റെ വില്ലനായെത്തിയ ജഗപതി ബാബുവാണ് ആദിയിലെ വില്ലന്‍ വേഷം ചെയ്യുന്നത്. അനുശ്രീ, അദിതി എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.