മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മഞ്ജു പിള്ള. സിനിമാ-സീരിയല്‍ രംഗത്ത് ഒരുപോലെ സജീവമായ നടി കരിയറിന്റെ തുടക്കത്തില്‍ ഹാസ്യ വേഷങ്ങള്‍ മാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നീട് സ്വഭാവവേഷങ്ങളും മഞ്ജു പിള്ളയെ തേടിയെത്തി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന സിറ്റ്-കോം സീരിയലിലും മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലെ കുട്ടിയമ്മ എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു.
കരിയറില്‍ തന്റെ കൂടെ അഭിനയിച്ച നടന്മാരില്‍ ഏറ്റവും ഇഷ്ടമുള്ള നടനെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള. ഇന്ദ്രന്‍സിന്റെ പേരാണ് മഞ്ജു പിള്ള പറഞ്ഞത്. വേറൊരു മനുഷ്യനാണ് ഇന്ദ്രന്‍സെന്ന് മഞ്ജു പിള്ള പറഞ്ഞു. വളരെ സ്വീറ്റായിട്ടുള്ള ആളാണ് ഇന്ദ്രന്‍സെന്നും തന്റെ ജ്യേഷ്ഠന്റെ സ്ഥാനത്താണ് ഇന്ദ്രന്‍സിനെ കാണുന്നതെന്നും മഞ്ജു പിള്ള കൂട്ടിച്ചേര്‍ത്തു.
കൂട്ടുകാരി എന്നാണ് ഇന്ദ്രന്‍സ് തന്നെ വിളിക്കുന്നതെന്ന് മഞ്ജു പിള്ള പറഞ്ഞു. താന്‍ തിരിച്ച് കൂട്ടൂകാരായെന്നും ഡാര്‍ലിങ് എന്നുമൊക്കെയാണ് വിളിക്കാറുള്ളതെന്നും മഞ്ജു പിള്ള കൂട്ടിച്ചേര്‍ത്തു. മാസത്തില്‍ ഒരുതവണയെങ്കിലും താന്‍ ഇന്ദ്രന്‍സിനെ വിളിക്കാറുണ്ടെന്നും താന്‍ വിളിച്ചില്ലെങ്കില്‍ ഇന്ദ്രന്‍സ് തന്നെ ഫോണ്‍ ചെയ്യുമെന്നും മഞ്ജു പിള്ള പറയുന്നു.
സെറ്റില്‍ വെറുതേയിരിക്കുമ്പോള്‍ ഇന്ദ്രന്‍സ് ഭയങ്കര കുസൃതിയാണെന്നും മഞ്ജു പിള്ള പറഞ്ഞു. കൊച്ചുകുട്ടികളെക്കാള്‍ കഷ്ടമാണ് ഇന്ദ്രന്‍സെന്നും ആളുകളെ പറ്റിക്കാന്‍ അദ്ദേഹത്തിന് വലിയ ഇഷ്ടമാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. ഓരോ സീനിന് മുമ്പും തന്നോട് അഭിപ്രായം ചോദിക്കുന്നയാളാണെന്നും മഞ്ജു പറഞ്ഞു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്.
‘കൂടെ അഭിനയിച്ചവരില്‍ ഏറ്റവും ഇഷ്ടം ഇന്ദ്രന്‍സേട്ടനെയാണ്. വേറൊരു മനുഷ്യനാണ് അദ്ദേഹം. വളരെ സ്വീറ്റായിട്ടുള്ള, എനിക്ക് ചേട്ടനെപ്പോലെയാണ് ഇന്ദ്രന്‍സേട്ടന്‍. കൂട്ടുകാരി എന്നാണ് പുള്ളി എന്നെ വിളിക്കാറ്. ഞാന്‍ തിരിച്ച് കൂട്ടുകാരാ, ഡാര്‍ലിങ് എന്നൊക്കെയാണ് വിളിക്കുന്നത്. മാസത്തില്‍ ഒരു തവണയെങ്കിലും ഇന്ദ്രന്‍സേട്ടനെ വിളിക്കും. ഞാന്‍ വിളിക്കാന്‍ മറന്നാലും എന്നെ വിളിച്ച് ‘എവിടെയാടാ’ എന്നൊക്കെ വിശേഷം ചോദിക്കും.
സെറ്റില്‍ ഷൂട്ടില്ലാത്ത സമയത്ത് പുള്ളി ചട്ടമ്പിയാണ്. എന്താ പറയുക, പിള്ളേരെക്കാള്‍ കഷ്ടമാണ് ഇന്ദ്രന്‍സേട്ടന്റെ കാര്യം. ഭയങ്കര കുസൃതിയാണ് ആശാന്‍. ആളുകളെ പറ്റിക്കാന്‍ നല്ല ഇഷ്ടമാണ്. നമ്മള്‍ ഇരിക്കുന്നത് കണ്ടിട്ട് ‘അവിടെ വിളിക്കുന്നുണ്ട് കേട്ടോ’ എന്ന് പറയും. നമ്മള്‍ എഴുന്നേല്‍ക്കുമ്പോള്‍ ആ കസേരയില്‍ കേറി നില്‍ക്കും. പാവം മനുഷ്യനാണ്,’ മഞ്ജു പിള്ള പറഞ്ഞു.
Content Highlight: Manju Pillai about her bond with Indrans