കോടതിച്ചെലവ് ആവശ്യപ്പെടേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് തീരുമാനം; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക്
Manjeswaram
കോടതിച്ചെലവ് ആവശ്യപ്പെടേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് തീരുമാനം; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th July 2019, 3:18 pm

ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന മണ്ഡലങ്ങള്‍ക്കൊപ്പം തന്നെ മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് നടന്നേക്കും.ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ തയ്യാറായ സാഹചര്യത്തില്‍ ഇനി നിയമനടപടികളുമായി മുന്നോട്ട് പോവേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് തീരുമാനിച്ചു. ഇതോടെയാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് കെ. സുരേന്ദ്രന്‍ അറിയിച്ചിരുന്നു. ഹര്‍ജിക്കാരനായ സുരേന്ദ്രനില്‍ നിന്ന് കോടതിച്ചെലവ് ഈടാക്കി നല്‍കണമെന്ന് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതോടെയാണ് കേസില്‍ നിന്ന് പിന്മാറുന്നില്ലെന്ന് ബി.ജെ.പി നേതാവ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കോടതിച്ചെലവ് ആവശ്യപ്പെട്ട് നിയമനടപടികള്‍ നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന് അഭിപ്രായം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യു.ഡി.എഫ് 11000 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ഈ കണക്കാണ് യു.ഡി.എഫിന് ആത്മവിശ്വാസം നല്‍കുന്നത്. എന്നാല്‍ തന്നെ ശക്തമായ ത്രികോണ മത്സരം യു.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്.