താരങ്ങള്‍ ചിക്കനും മട്ടനുമൊക്കെ കഴിക്കുമ്പോള്‍ ലൈറ്റ്‌ബോയ്‌സ് നിലത്തിരുന്ന് പിച്ചക്കാരെപ്പോലെ കഴിക്കുന്നത് കണ്ട് സങ്കടം തോന്നിയിട്ടുണ്ട്; നസീര്‍ സാറിനോടും ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്: മണിയന്‍പിള്ള രാജു
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹാസ്യതാരങ്ങളിലൊരാളാണ് മണിയന്‍പിള്ള രാജു. നടന് പുറമെ നിര്‍മാതാവായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.
കണ്ണെഴുതി പൊട്ടുംതൊട്ട്, വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, അനന്തഭദ്രം, ഛോട്ടാ മുംബൈ, പഞ്ചവര്‍ണതത്ത തുടങ്ങി നിരവധി സിനിമകള്‍ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.
താന്‍ പ്രൊഡ്യൂസറായിട്ടുള്ള സിനിമകളില്‍ അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം ഒരേ ഭക്ഷണമാണ് നല്‍കാറെന്നും എല്ലാവര്‍ക്കും നല്ല ഭക്ഷണം കൊടുക്കണമെന്ന് നിര്‍ബന്ധമുണ്ടെന്നും മണിയന്‍പിള്ള രാജു മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
പണ്ട് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ സെറ്റില്‍ വേര്‍തിരിവ് നേരിടേണ്ടി വന്നപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് ഇപ്പോള്‍ താരം. കൗമുദി ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഭക്ഷണ കാര്യത്തില്‍ വേര്‍തിരിവ് കാണിക്കുന്നത് കാണുമ്പോള്‍ ഭയങ്കര സങ്കടം വരും. വലിയ താരങ്ങള്‍ക്കൊക്കെ ചിക്കനും ഫിഷും കൊടുക്കുമ്പോള്‍, നമുക്കൊക്കെ എന്തെങ്കിലുമാണ് കിട്ടുക.
മുന്‍പ് ലൈറ്റ് ബോയ്‌സിനും ക്യാമറ അസിസ്റ്റന്റുമാര്‍ക്കും ഇലയില്‍ പൊതിഞ്ഞ് സാമ്പാര്‍ സാദോ തൈര് സാദോ ഒക്കെയാണ് കൊടുക്കുന്നത്. അവരത് താഴെയിരുന്ന് പിച്ചക്കാര് കഴിക്കുന്ന പോലെയാണ് കഴിക്കുക. ഇത് കാണുമ്പോഴാണ് വല്ലാത്ത സങ്കടം വരുന്നത്.
ഞാന്‍ നസീര്‍ സാറിനോടും (പ്രേംനസീര്‍) ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
സാര്‍, ഞാന്‍ തിരുവനന്തപുരത്ത് നിന്ന് വരുന്നതാണ്. അഭിനയത്തിനോട് അത്രയും പാഷന്‍ ഉള്ളതുകൊണ്ടാണ് രണ്ട് വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിച്ച് ഇവിടെ വന്ന് മിനക്കെട്ട് നില്‍ക്കുന്നത്. പലപ്പോഴും അഭിനയിക്കുന്നതിന് പൈസ പോലും കിട്ടാറില്ല.
തിരുവനന്തപുരത്ത് അഞ്ച് കല്യാണമണ്ഡപങ്ങളുണ്ട്. എനിക്ക് തരക്കേടില്ലാത്തൊരു കുപ്പായമുണ്ടെങ്കില്‍ അവിടെയെല്ലാം പോയി എനിക്ക് സദ്യ കഴിക്കാം. അങ്ങനെയുള്ള സഥലത്ത് നിന്ന് വന്നാണ് ഞാന്‍ ഇവിടെ ഈ ഭക്ഷണം കഴിക്കുന്നത് എന്ന് സാറിനോട് തുറന്ന് പറഞ്ഞിട്ടുണ്ട്,” മണിയന്‍പിള്ള രാജു പറഞ്ഞു.
ആ കാലമൊക്കെ പോയെന്നും ഇപ്പോള്‍ സിനിമാ സെറ്റില്‍ ചിക്കനോ മട്ടനോ ഒക്കെ ഉണ്ടെങ്കില്‍ അത് യൂണിറ്റില്‍ എല്ലാവര്‍ക്കും കൊടുക്കുമെന്നും താരം പറഞ്ഞു.