Advertisement
Entertainment news
പുതിയ ഡയറക്ടര്‍മാരില്‍ എനിക്ക് പേടി ഡെന്നിസ് ജോസഫിനെയാണ്, അയാളൊരു ഭീഷണിയായിരിക്കും; പ്രിയദര്‍ശന്റെ പഴയകാല 'ഭയ'ത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 24, 09:45 am
Wednesday, 24th November 2021, 3:15 pm

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ഡെന്നിസ് ജോസഫ്. എഴുത്തുകാരനായി കഴിവ് തെളിയിച്ച ശേഷം സംവിധായകനായും അദ്ദേഹം സിനിമയില്‍ ഒരു കൈ നോക്കിയിരുന്നു.

മനു അങ്കിള്‍, അഥര്‍വം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തെങ്കിലും പിന്നിടങ്ങോട്ട് ചെയ്തവ വലിയ വിജയമായിരുന്നില്ല.

ഡെന്നിസ് ജോസഫ് സംവിധാനം ചെയ്യാന്‍ തീരുമാനിച്ചതിനെ സംവിധായകന്‍ പ്രിയദര്‍ശന്‍ ‘ഭയ’പ്പെട്ടിരുന്നതിനെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ നടന്‍ മണിയന്‍പിള്ള രാജു. കാന്‍മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡെന്നിസ് ജെസഫിന്റെ കഴിവിനെക്കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകള്‍ നടന്‍ പങ്കുവെച്ചത്.

”പ്രിയന്‍ എഴുതാന്‍ കഴിവുള്ളയാളാണ്. എഴുത്തുകാരനാവുന്നത് സംവിധാനത്തില്‍ വളരെയധികം സഹായിക്കും. ഒരു സംവിധായകന്‍ എഴുതുന്നതിലും പ്രിയന് പേടിയില്ല.

പക്ഷേ നമ്മുടെ ഡെന്നിസ് ജോസഫ് സംവിധായകനായി വരാനിരുന്നപ്പൊ എന്നോട് പറഞ്ഞു, എനിക്ക് പുതിയ ഡയറക്ടര്‍മാര്‍ വരുന്നതില്‍ പേടിയുള്ളത് ഡെന്നിസ് ജോസഫിനെയാണ്, എന്ന്. എന്താണെന്ന് ഞാന്‍ ചോദിച്ചു.

അപ്പോള്‍ പ്രിയന്‍ എന്നോട് പറഞ്ഞു, ഒന്നാമത് അദ്ദേഹം ഒരു എഴുത്തുകാരനാണ്. നല്ല എഴുത്തുകാരനാണ്. ഒരു എഴുത്തുകാരന്‍ സംവിധായകനായി വരുമ്പോള്‍ അയാളുടെ അടുത്ത് ഐഡിയ കാണും. നന്നായിട്ട് എഴുതും.

അല്ലാത്തത് ആരുടെയെങ്കിലുമൊക്കെ വിഷയത്തില്‍ സംവിധാനം ചെയ്യുന്നതല്ലേ. അതുകൊണ്ട് അയാളൊരു ഭീഷണിയായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്, എന്ന് പ്രിയന്‍ പറഞ്ഞു.

പക്ഷേ ഡെന്നീസ് ജോസഫിന്റെ സംവിധാനം വലിയ രീതിയില്‍ മുന്നോട്ട് പോയില്ല. പക്ഷേ അദ്ദേഹത്തിന്റെ ‘ന്യൂദല്‍ഹി’ എന്ന ഒറ്റ സ്‌ക്രിപ്റ്റ് മതിയല്ലോ,” മണിയന്‍പിള്ള രാജു പറഞ്ഞു.

ന്യൂദല്‍ഹി, ഭൂമിയിലെ രാജാക്കന്മാര്‍, സംഘം, കോട്ടയം കുഞ്ഞച്ചന്‍, രാജാവിന്റെ മകന്‍, നിറക്കൂട്ട് തുടങ്ങി ഡെന്നിസ് ജോസഫിന്റെ രചനയില്‍ മലയാളസിനിമാ ലോകത്ത് ചരിത്രം കുറിച്ച ചിത്രങ്ങള്‍ ഒട്ടേറെയാണ്. 2021 മെയ് മാസത്തില്‍ തന്റെ 64ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Maniyanpilla Raju talks about Priyadarshan’s fear on Dennis Joseph’s direction