ആസിഫ് അലി, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സേതു സംവിധാനം ചെയ്ത സിനിമയാണ് മഹേഷും മാരുതിയും. മാര്‍ച്ച് 10ന് തിയേറ്ററിലെത്തുന്ന സിനിമ നിര്‍മിച്ചിരിക്കുന്നത് മണിയന്‍പിള്ള രാജുവാണ്. സിനിമയിലേക്ക് ആസിഫിനെ തെരഞ്ഞെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
ആസിഫ് നോ പറഞ്ഞിരുന്നെങ്കില്‍ സിനിമ മറ്റൊരു രീതിയിലേക്ക് പോകുമായിരുന്നു എന്നും ഇത്തരം കഥാപാത്രത്തെ മോഹന്‍ലാലിനോ മമ്മൂട്ടിക്കോ ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിനയിക്കുന്ന വ്യക്തിയുടെ ശരീരവും പ്രായവുമൊക്കെ സിനിമയിലേക്ക് വിളിക്കുമ്പോള്‍ പരിഗണിക്കുമെന്നും കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘പത്താന്‍ സിനിമക്ക് മൂന്ന് കൊല്ലത്തെ പ്രിപ്പറേഷനായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ നമ്മുടെ സിനിമ മഹേഷും മാരുതിക്കും നാല് കൊല്ലത്തെ തയാറെടുപ്പാണ് വേണ്ടിവന്നത്(ചിരി). നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ പത്രത്തിലൊക്കെ വന്നതാണ് ഇക്കാര്യം. ആദ്യം എഴുതിയ സ്‌ക്രിപ്റ്റായിരുന്നില്ല പിന്നീട് സിനിമയാക്കിയത്.
ആദ്യം നായകനായി അഭിനയിക്കുന്ന ആളുടെ മനസറിയണം. ആസിഫ് എങ്ങാനും നോ പറഞ്ഞിരുന്നെങ്കില്‍ അത് നടക്കില്ലായിരുന്നു. സ്വാഭാവികമായ ഒരു കഥയിലേക്ക് നമ്മള്‍ പോകുമായിരുന്നു. ഇങ്ങനെയൊരു കഥാപാത്രത്തെ മോഹന്‍ലാലിന് ചെയ്യാന്‍ പറ്റുമോ മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റുമോ. അഭിനയിക്കുന്നയാളുടെ ശരീരം, പ്രായം എല്ലാം ഒത്തുവന്നെങ്കില്‍ മാത്രമെ സിനിമ ചെയ്യാന്‍ കഴിയുകയുള്ളു.
അങ്ങനെയാണ് ഈ സിനിമയിലേക്ക് ആസിഫിനെ വിളിക്കുന്നത്. അല്ലാതെ തിരക്കഥ മുഴുവനും എഴുതി കഴിഞ്ഞിട്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ വിളിക്കുന്നത് പോലെയല്ലിത്,’ മണിയന്‍പിള്ള രാജു പറഞ്ഞു.
content highlight: maniyanpilla raju about asif ali