ന്യൂദൽഹി: രാജ്യസഭയിൽ മണിപ്പൂരിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയുടെ അവകാശവാദങ്ങൾക്കെതിരെ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. പ്രതിസന്ധിയിലുള്ള സംസ്ഥാനം പ്രധാനമന്ത്രി ഇതുവരെ സന്ദർശിച്ചിട്ടില്ലെന്നും മണിപ്പൂർ ഇപ്പോൾ സാധാരണനിലയിലാണെന്ന മോദിയുടെ വാദം അമ്പരപ്പിക്കുന്നുവെന്നും അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.
മണിപ്പൂരിൽ ആക്രമണങ്ങൾ കുറഞ്ഞ് വരികയാണെന്നും സംസ്ഥാനത്ത് സ്കൂളുകൾ തുറന്നെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞിരുന്നു. അതോടൊപ്പം സംസ്ഥാനത്ത് സമാധാനം തിരിച്ച് കൊണ്ടുവരാൻ തന്റെ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
‘മാസങ്ങളോളമുള്ള മൗനത്തിന് ശേഷം മണിപ്പൂർ വിഷയത്തെക്കുറിച്ച് അതിശയിപ്പിക്കുന്ന അവകാശവാദങ്ങളാണ് ബയോളജിക്കൽ അല്ലാത്ത നമ്മുടെ പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. മണിപ്പൂരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം,’ ജയറാം രമേശ് പറയുന്നു.
മണിപ്പൂരിലെ സ്ഥിതിഗതികളോട് പ്രധാനമന്ത്രി ബോധപൂർവ്വം മുഖം തിരിക്കുകയാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷ എം.പിമാർ മണിപ്പൂരിനനുകൂലമായ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു.
‘യഥാർത്ഥത്തിൽ സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമാണ്, ജൂലൈ ഒന്നിന് ഇന്നർ മണിപ്പൂരിൽ നിന്നുള്ള എം.പി അത് ചൂണ്ടിക്കാണിച്ചിരുന്നു. 2023 മെയ് മൂന്നിന് രാത്രി മണിപ്പൂരിൽ സഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഒരിക്കൽ പോലും മോദി മണിപ്പൂരിലെ രാഷ്ട്രീയ നേതാക്കളെ കാണുകയോ മണിപ്പൂർ സന്ദർശിക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തിലും മണിപ്പൂർ ഉൾപ്പെട്ടിട്ടില്ലായിരുന്നു,’ അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ 500 പേരെ അറസ്റ്റ് ചെയ്‌തെന്നും 11000 എഫ്.ഐ.ആറുകൾ തയ്യാറാക്കിയെന്നും പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. മണിപ്പൂരിൽ നിന്നുള്ള രണ്ട് എം.പിമാരും സഭയിൽ ഹാജരായിരുന്നു എന്നാൽ അതിൽ ഒരാളെ മാത്രമേ സംസാരിക്കാൻ അനുവദിച്ചുള്ളു. രണ്ട് എം.പി മാർക്കും ഒരുപോലെ സംസാരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
മോദി സർക്കാരിന്റെ മൗനം അസാധാരണമാണെന്നും മണിപ്പൂർ ഈ രാജ്യത്തിന്റെ ഭാഗമല്ലേയെന്ന് പോലും തങ്ങൾക്ക് തോന്നിയെന്നും മണിപ്പൂർ കോൺഗ്രസ് എം.പി ജൂലൈ രണ്ടിന് പറഞ്ഞിരുന്നു.
Content Highlight: manippur statement of prim minister, counter statement of jayram ramesh