തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍ എന്ന വ്യാജ വാര്‍ത്ത നല്‍കി മംഗളം ചാനല്‍.
“”സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവം ഒരാള്‍ അറസ്റ്റില്‍, സി.പി.ഐ.എം പ്രവര്‍ത്തകനെന്ന് സൂചന””- എന്നായിരുന്നു മംഗളത്തിന്റെ വാര്‍ത്ത. ബ്രേക്കിങ് ന്യൂസ് ആയിട്ടായിരുന്നു മംഗളം ഈ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഏറെ നേരത്തിന് ശേഷം വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കമ്മീഷന്‍ പി. പ്രകാശ് പറഞ്ഞതായി മംഗളം സ്‌ക്രോള്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ വാര്‍ത്ത പിന്‍വലിച്ചതിന് ശേഷവും സംഘപരിവാര്‍ പ്രവര്‍ത്തകരും ഒരു വിഭാഗം യു.ഡി.എഫ് പ്രവര്‍ത്തകരും വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്ട്ടില്ലെന്ന് പൂജപ്പുര പൊലീസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. “”അത്തരമൊരു വാര്‍ത്ത തികച്ചും വ്യാജമാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല””- പൂജപ്പുര പൊലീസ് പ്രതികരിച്ചു.
മംഗളം ചാനല്‍ നല്‍കിയ വാര്‍ത്ത വ്യാജമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുംസന്ദീപാനന്ദഗിരിയുടെ ആശ്രമവും ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
“”മംഗളം ചാനല്‍ മാത്രമാണ് അത്തരമൊരു വാര്‍ത്ത നല്‍കിയത്. അവര്‍ എന്തടിസ്ഥാനത്തിലാണ് ആ വാര്‍ത്ത നല്‍കിയതെന്ന് അറിയില്ല. വാര്‍ത്ത കണ്ടതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് കാര്യം അന്വേഷിച്ചിരുന്നു. അത്തരമൊരു അറസ്റ്റോ ചോദ്യം ചെയ്യലോ പോലും ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്. മറ്റൊരു ചാനലിലും ഈ വാര്‍ത്ത വന്നിട്ടുമില്ല. അവര്‍ ബ്രേക്കിങ് ന്യൂസായി വ്യാജ വാര്‍ത്ത നല്‍കി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ്””- സന്ദീപാനന്ദഗിരിയുടെ ആശ്രമം പ്രതികരിച്ചു.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആശ്രമത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മോഹനനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
ആശ്രമം ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബി.ജെ.പിയ്ക്കും സംഘപരിവാറിനും പങ്കുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് നേരെ ആക്രമണം ഉണ്ടായത്. രണ്ട് കാറുകളിലായെത്തിയ ആക്രമി സംഘം ആശ്രമത്തിന് മുന്നിലുണ്ടായിരുന്ന രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിക്കുകയായിരുന്നു
ആക്രമണത്തില്‍ സന്ദീപാനന്ദഗിരി പൂജപ്പുര പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം സന്ദര്‍ശിച്ചിരുന്നു.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ സി.സി ടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഫോറന്‍സിക് സംഘത്തിന്റെ പരിശോധനകളും പുരോഗമിക്കുകയാണ്.
കന്റോണ്‍മെന്റ് എസ്.പിക്കാണ് അന്വേഷണ ചുമതല. അന്വേഷണ പുരോഗതി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വിലയിരുത്തുന്നുണ്ട്.