വിമാനാപകടത്തില്‍ അവര്‍ കാണിച്ച ധീരത അത്ഭുതപ്പെടുത്തുന്നു; മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി മനേകാ ഗാന്ധി
Karipur plane crash
വിമാനാപകടത്തില്‍ അവര്‍ കാണിച്ച ധീരത അത്ഭുതപ്പെടുത്തുന്നു; മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി മനേകാ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th August 2020, 7:23 am

ന്യൂദല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി മനേകാ ഗാന്ധി എം.പി. വിമാന ദുരന്തസമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രവൃത്തിയാണ് രക്ഷാ പ്രവര്‍ത്തനത്തിനായി മലപ്പുറത്തെ ജനങ്ങള്‍ നടത്തിയതെന്നും ഇത്തരത്തിലുള്ള മനുഷ്യത്വം ഇനിയും പ്രതീക്ഷിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രക്ഷാപ്രവര്‍ത്തനം വിശദീകരിച്ച് മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി വി. അബ്ബാസ് മനേകാ ഗാന്ധിക്ക് അയച്ച ഇ. മെയില്‍ സന്ദേശത്തിനുള്ള മറുപടിയിലാണ് മനേകാ ഗാന്ധിയുടെ പരാമര്‍ശം.

നേരത്തെ, പാലക്കാട് ജില്ലയില്‍ സ്‌ഫോടകവസ്തു കഴിച്ച് ആന ചരിഞ്ഞ സംഭവം മലപ്പുറം ജില്ലയിലാണെന്ന് കരുതി മനേകാ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

ഇതില്‍ പ്രതിഷേധമറിയിച്ചു മൊറയൂര്‍ യൂത്ത് ലീഗ് അയച്ച സന്ദേശത്തിനും അന്നു എം.പി മറുപടി നല്‍കിയിരുന്നു. മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും വനംവകുപ്പില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മലപ്പുറത്തെ പരാമര്‍ശിച്ചതെന്നുമായിരുന്നു അന്നത്തെ വിശദീകരണം.

കൊവിഡ് വ്യാപന സാധ്യതയും വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും വകവയ്ക്കാതെയാണ് കരിപ്പൂരില്‍ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Menaka Gandhi Karippur AirPlane Accident