ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ തങ്ങളുടെ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന തരത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത് മുന്നേറുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
തുടർച്ചയായ ആറ് വർഷങ്ങൾ ഒരു കിരീടം പോലും നേടാൻ കഴിയാത്ത ടീം എന്ന നാണക്കേടിൽ നിന്നും പുതിയ പരിശീലകൻ ടെൻ ഹാഗിന് കീഴിൽ പ്രീമിയർ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാൻ യുണൈറ്റഡിന് സാധിച്ചിട്ടുണ്ട്.
എന്നാലിപ്പോൾ യുണൈറ്റഡ് ആരാധകർക്ക് ആശ്വാസകരമാകുന്ന ഒരു വാർത്ത ക്ലബ്ബിനെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുണൈറ്റഡിൽ തുടർച്ചയായി മോശം പ്രകടനം കാഴ്ച വെക്കുന്ന ഇംഗ്ലീഷ് ഡിഫൻഡർ ഹാരി മഗ്വയറെ ക്ലബ്ബ് ഒഴിവാക്കിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഏകദേശം 30 മില്യൺ യൂറോക്കായിരിക്കും താരത്തെ യുണൈറ്റഡ് വിൽക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഡെയ്ലി മെയിലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019ൽ ലെസ്റ്റർ സിറ്റിയിൽ നിന്നും ഏകദേശം 80 മില്യൺ യൂറോ നൽകിയായിരുന്നു മഗ്വയറെ യുണൈറ്റഡ് ഓൾഡ് ട്രാഫോർഡിൽ എത്തിച്ചത്.
എന്നാൽ മിസ് പാസുകളിലുടെയും തുടർച്ചയായി പന്ത് അനായാസം നഷ്ടപ്പെടുത്തുന്നതിലൂടെയും മഗ്വയർ വലിയ വിമർശനങ്ങൾക്ക് വിധേയനാവുകയായിരുന്നു.
അതിനാൽ തന്നെ ലിസാൻഡ്രോ മാർട്ടീനെസും റാഫേൽ വരാനെയുമുള്ള സ്‌ക്വാഡിൽ താരം തുടർച്ചയായി ബെഞ്ചിലായിരുന്നു.
“യുണൈറ്റഡിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. മഗ്വയറെ വിൽക്കാനുള്ള തീരുമാനം നല്ലതാണ്. പക്ഷെ താരത്തിന്റെ വിലയൊരു പ്രശ്നമാണ്,’ മഗ്വയർ വിഷയത്തിൽ ഗാബി അഗ്ബോനഹലോർ പ്രതികരിച്ചു.
“30 മില്യൺ എന്നുള്ള വില യുണൈറ്റഡ് കുറക്കേണ്ടി വരും ഇത്രത്തോളം വില നൽകി മഗ്വയറെ മറ്റ് ക്ലബ്ബുകൾ വാങ്ങുമോ?,’ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പ്രീമിയർ ലീഗിൽ 24 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളോടെ 49 പോയിന്റുമായി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്.