'അർജുന്റെ പേരിൽ പണം വാങ്ങിയിട്ടില്ല'; ആരോപണങ്ങൾ തള്ളി മനാഫ്
Kerala News
'അർജുന്റെ പേരിൽ പണം വാങ്ങിയിട്ടില്ല'; ആരോപണങ്ങൾ തള്ളി മനാഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd October 2024, 5:14 pm

കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ പേരിൽ താൻ ഒരു പൈസയും വാങ്ങിയിട്ടില്ലെന്നും ലോറിയുടമ മനാഫ്. അർജുന്റെ കുടുംബം മനാഫിനെതിരെ പണപ്പിരിവ് നടത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് പ്രതികരണം.

അർജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ മുഴുവനായും കേട്ടിട്ടില്ലെന്നും, കേട്ട വിവരങ്ങൾ നിഷേധിക്കുകയാണെന്നും മനാഫ് പറഞ്ഞു. അർജുന്റെ പേരിൽ അഞ്ച് പൈസ വാങ്ങിയിട്ടില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങളില്‍ അര്‍ജുന്റെ കുടുംബം തെളിവുകള്‍ കാണിക്കുകയാണെങ്കില്‍ മാനാഞ്ചിറ സ്വകയറിന്റെ നടുവില്‍ വന്ന് നില്‍ക്കാം. തന്നെ കല്ലെറിഞ്ഞ് കൊന്നോളൂ എന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരു പി.ആര്‍ വര്‍ക്കും ചെയ്തിട്ടില്ലെന്നും തന്റെ മുന്നില്‍ വന്ന മാധ്യമങ്ങളോട് സാധാരണക്കാരനായ വ്യക്തി എന്ന നിലയില്‍ പ്രതികരിച്ചിട്ടുണ്ടെന്നും മനാഫ് ചൂണ്ടിക്കാട്ടി.

അര്‍ജുനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടുണ്ട്. അതിനെ കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും മനാഫ് പറഞ്ഞു. ഷിരൂരിലെ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നും അതിലെന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു. ഒരാളുടെ പക്കലെങ്കിലും വിവരങ്ങള്‍ എത്തണമെന്നാണ് ചിന്തിച്ചതെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.

വിവാദങ്ങളെല്ലാം വരാന്‍ ഇത്രയധികം സമയമെടുത്തത് എന്തുകൊണ്ടാണ്. അര്‍ജുന്റെ കുടുംബത്തെ തന്റെ സ്വന്തമാണ് കരുതിയിരിക്കുന്നതെന്നും മനാഫ് പറയുകയുണ്ടായി.

തന്റെ ലോറിയ്ക്ക് അര്‍ജുന്‍ എന്ന പേര് തന്നെ നല്‍കുമെന്നും അത് രജിസ്റ്റേര്‍ഡ് നെയിം ഒന്നുമല്ലല്ലോയെന്നും മനാഫ് ചോദിച്ചു. തനിക്കെതിരെ എന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചാലും അര്‍ജുന്റെ കുടുംബത്തെ തള്ളിപ്പറയാനില്ലെന്നും മനാഫ് പറഞ്ഞു.

ആരോപണങ്ങൾക്ക് പിന്നിലെ കാരണങ്ങളെന്താണെന്ന് അറിയില്ലെന്നും പബ്ലിസിറ്റിക്കായി തനിക്കും അർജുന്റെ കുടുംബത്തിനും ഒന്നും ചെയ്യേണ്ടതില്ലെന്നും മനാഫ് പറഞ്ഞു. ഷിരൂരിലേക്ക് ഗ്രഡ്ജർ കൊണ്ടുവരാനുള്ള നീക്കത്തിൽ തന്നെ ഉൾപ്പെടുത്തിയിട്ടില്ലെന്നും മനാഫ് ചൂണ്ടിക്കാട്ടി.

അർജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഷിരൂരിലെ രക്ഷാപ്രവർത്തനത്തിലുണ്ടായിരുന്ന ഈശ്വർ മൽപേ, രജിത്ത് ഇസ്രായേൽ എന്നിവരോട് നന്ദി മാത്രമേയുള്ളുവെന്നും മനാഫ് പ്രതികരിച്ചു.

Content Highlight: Manaf said that he did not buy a single penny on Arjun’s name