ഫഖറല്ല മറിച്ച് അവനായിരുന്നു മാന്‍ ഓഫ് ദി മാച്ച്; തുറന്നടിച്ച് കൈഫും പത്താനും
icc world cup
ഫഖറല്ല മറിച്ച് അവനായിരുന്നു മാന്‍ ഓഫ് ദി മാച്ച്; തുറന്നടിച്ച് കൈഫും പത്താനും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 31st October 2023, 11:51 pm

ലോകകപ്പില്‍ 31ാം മത്സരത്തില്‍ ബംഗ്ലാദേശും- പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് 45.1 ഓവറില്‍ 204 റണ്‍സില് ഓള്‍ ഔട്ട് ആവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മെന്‍ ഇന്‍ ഗ്രീന്‍ 32.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ 81 റണ്‍സ് നേടിയ പാക് ബാറ്റര്‍ ഫഖര്‍ സമാനാണ് പ്ലയര്‍ ഓഫ് ദി മാച്ച്. അബ്ദുള്ള ഷഫീഖ് 68 (69) റണ്‍സും മുഹമ്മദ് റിസ്വാന്‍ 26 (21) റണ്‍സും പാകിസ്ഥാന് വേണ്ടി നേടിയിരുന്നു. ഈ തീരുമാനത്തില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും മുഹമ്മദ് കൈഫും തൃപ്തരല്ല. കടുവകളെ 204 റണ്‍സിനൊതുക്കി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷഹീന്‍ അഫിദിയാണ് മാന്‍ ഓഫ് ദി മാച്ചിന് അര്‍ഹന്‍ എന്നാണ് ഇരുവരുടേയും അഭിപ്രായം.

”അവര്‍ തീരുമാനമെടുക്കുന്നു, ഞാന്‍ വിചാരിക്കുന്നത് അഫ്രിദിയുടെ മികച്ച ബൗളിങ് പ്രകടനം അവര്‍ കണ്ടില്ല, പ്രശ്മമെന്തെന്നാല്‍ അവര്‍ സിക്സറുകളില്‍ മാത്രമാണ് ശ്രദ്ധ കൊടുക്കുന്നതാണ്. ഫഖര്‍ സമാന്‍ ഇന്ന് ഏഴ് സിക്സര്‍ അടിച്ചിട്ടുണ്ട്. പക്ഷെ അവര്‍ തെറ്റായ തീരുമാനമാണ് എടുത്തത്,’ സ്റ്റാര്‍ സ്പോട്സില്‍ കൈഫ് പറഞ്ഞു.

ഇതിനെക്കുറിച്ച് ഇര്‍ഫാന്‍ പത്താനും തന്റെ അഭിപ്രായം എക്സില്‍ പങ്കുവെച്ചു.

‘ആത്മവിശ്വാസം നഷ്ടപ്പെട്ടിറങ്ങിയ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് ആക്രമിച്ച് കളിക്കേണ്ടതായി വന്നിരുന്നു. അവര്‍ അത് വളരെ കൃത്യമായി ചെയ്തു. പക്ഷെ ഷഹീന്‍ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു,’ പത്താന്‍ എക്സില്‍ എഴുതി.

ബംഗ്ലാദേശിന് വേണ്ടി മുഹമ്മദുള്ള 56 (70) റണ്‍സും ലിട്ടണ്‍ ദാസ് 45 (64) റണ്‍സും ഷാക്കിബ് അല്‍ ഹസന്‍ 43 (64) റണ്‍സും നേടിയിരുന്നു. എന്നാല്‍ പാക് ബൗളിങ് നിരയുടെ ശക്തിക്കുമുന്നില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രിദി ഒമ്പത് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ മുഹമ്മദ് വസീം 8.1 ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും നേടി. ഹാരിഫ് റൗഫ് രണ്ട് വിക്കറ്റും നേടി.

അടുത്ത മത്സരത്തില്‍ ന്യൂസിലാന്‍ഡ് ആണ് പാകിസ്ഥാന്റെ എതിരാളികള്‍. നവംബര്‍ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

 

Content Highlight: Man of the match should have gone to Shaheen Afridi, not Fakhar Zaman; Kaif and Pathan