Advertisement
National
ബി.ജെ.പി നേതൃത്വത്തില്‍ നടന്ന രാമനവമി ഘോഷയാത്രക്കിടെ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 25, 04:14 pm
Sunday, 25th March 2018, 9:44 pm

കൊല്‍ക്കത്ത: ബി.ജെ.പി നേതൃത്വത്തില്‍ നടന്ന രാമനവമി ദിനാഘോഷത്തിനിടെയുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഹരാനമ ഗ്രാമത്തിലെ ഷാജഹാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പുരുലിയയിലെ ബെല്‍ഡി വില്ലേജിലെ ശിവക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തിലാണ് കൊലപാതകം. സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു.


ഘോഷയാത്രയുമായി ബെല്‍ദി ഗ്രാമത്തില്‍ നിന്ന് മുന്‍നിശ്ചയിച്ച വഴിയിലൂടെ ഹരാനമ ഗ്രാമത്തിലേക്ക് പോയി തിരിച്ചുവരാനായിരുന്നു ബി.ജെ.പി നേതൃത്വത്തിലുള്ള ഘോഷയാത്രയിലെ തീരുമാനം. എന്നാല്‍ ഹരാനമയിലെത്തിയ ശേഷം ന്യൂനപക്ഷ ഗ്രാമമായ ഭുര്‍ഷയിലുടെ തിരിച്ചുപോവണമെന്നായി ഘോഷയാത്രക്കാരുടെ ആവശ്യം. സംഘര്‍ഷം ഒഴിവാക്കാന്‍ ഗ്രാമത്തിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ഗ്രാമമുഖ്യന്‍ ആവശ്യപ്പെട്ടെങ്കിലും ഘോഷയാത്രക്കാര്‍ വഴങ്ങിയില്ല. അതിനിടെ സമീപത്തെ കുളത്തില്‍ കുളിക്കാനെത്തിയ ഷാജഹാനെ ഒരു സംഘം ആളുകള്‍ തലക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.


Read Also: ‘ഞങ്ങള്‍ രാമനവമിയ്‌ക്കെതിരല്ല… എന്നാല്‍ അക്രമം കാണിച്ചാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ല’; ബി.ജെ.പിയ്ക്ക് മുന്നറിയിപ്പുമായി മമത


ഇതില്‍ പ്രതിഷേധിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടെങ്കിലും ഇപ്പോള്‍ സ്ഥിതിഗതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു.

മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമന്റെ(രാമചന്ദ്രന്‍) ജനനം ആഘോഷിക്കുന്ന ഉതസവമാണ് രാമനവമി. ആയുധങ്ങളുമേന്തി നടത്തുന്ന രാമനവമി ഘോഷയാത്രക്കിയെ സംഘര്‍ഷങ്ങള്‍ പതിവാണ്. നേരത്തെ റാലിക്കിടെയുണ്ടായ അക്രമത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രാമനവമി ആഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ക്ക് തുനിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചിരുന്നു.