national news
പ്രണയവിവാഹത്തെത്തുടര്‍ന്ന് മകളെ അച്ഛന്‍ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; യുവതിയുടെ ഭര്‍ത്താവ് തൂങ്ങിമരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 21, 05:51 am
Sunday, 21st November 2021, 11:21 am

ഭോപ്പാല്‍: പ്രണയ വിവാഹം ചെയ്തതിന്റെ പക തീര്‍ക്കാന്‍ മകളെ അച്ഛന്‍ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് തൂങ്ങിമരിച്ചു. 21കാരനായ യുവാവാണ് മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ വീട്ടില്‍ തൂങ്ങിമരിച്ചത്.

വെള്ളിയാഴ്ചയാണ് യുവാവ് മരിച്ചത്. ശനിയാഴ്ചയാണ് പൊലീസ് യുവാവിന്റെ മരണം സ്ഥിരീകരിച്ച് പ്രസ്താവന നടത്തിയത്. ആത്മഹത്യാ കുറിപ്പൊന്നും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടില്ലെന്ന് പൊലീസ് സൂപ്രണ്ട് മായങ്ക് അവാസ്തി പറഞ്ഞു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ മാസം ആദ്യമായിരുന്നു യുവാവിന്റെ ഭാര്യയെ അവരുടെ അച്ഛന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. 55കാരനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുവതിയുടേയും ഇവരുടെ ആറ് മാസം പ്രായമായ കുഞ്ഞിന്റേയും മൃതദേഹം ഫോറസ്റ്റ് ഗാര്‍ഡ് സമസ്ഗര്‍ഡ് ഫോറസ്റ്റ് ഏരിയയ്ക്ക് സമീപം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

കുഞ്ഞ് അസുഖത്തെത്തുടര്‍ന്ന് നവംബര്‍ മാസമാദ്യം മരിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് വേണ്ടി യുവതിയുടെ സഹോദരി അവരുടെ അച്ഛനേയും സഹോദരനേയും വിളിച്ച് വരുത്തുകയായിരുന്നു.

സംസ്‌കാരചടങ്ങുകള്‍ക്കായി പോകുന്ന വഴി അച്ഛന്‍, മകളെ ഫോറസ്റ്റ് ഏരിയയിലേയ്ക്ക് പിടിച്ച് കൊണ്ട് പോകുകയും ബലാല്‍സംഘം ചെയ്ത് കൊല്ലുകയുമായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്.

കുടുംബക്കാരുടെ ഇഷ്ടത്തിന് വിരുദ്ധമായി പ്രണയ വിവാഹം ചെയ്തതിനാല്‍ പ്രതിയ്ക്കും കുടുംബത്തിനും പെണ്‍കുട്ടിയോട് ദേഷ്യമുണ്ടായിരുന്നെന്നും അതിനെത്തുടര്‍ന്നാണ് കൊന്നതെന്ന് പ്രതി സമ്മതിച്ചതായും പൊലീസ് പറഞ്ഞിരുന്നു.

ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Man found hanging after wife was raped and killed by her father