'മനുഷ്യനും വന്യജീവികളും'; സംഘര്‍ഷങ്ങളിലെ സങ്കീര്‍ണതകള്‍
DEEP REPORTING
'മനുഷ്യനും വന്യജീവികളും'; സംഘര്‍ഷങ്ങളിലെ സങ്കീര്‍ണതകള്‍
അഭിനന്ദ് ബി.സി
Sunday, 28th June 2020, 6:14 pm

മെയ് 27, പാലക്കാട് വെള്ളിയാറില്‍ കാട്ടാന കൊല്ലപ്പെടുന്നു, പടക്കം നിറച്ച തേങ്ങ കഴിച്ച ആനയുടെ വായയ്ക്ക് കാര്യമായ പരിക്ക് പറ്റുകയായിരുന്നു. തേങ്ങയിലെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്  നാവിനും കീഴ്ത്താടിക്കും തുമ്പിക്കൈയ്ക്കും പരിക്കേറ്റ ആനയുടെ മുറിവില്‍  പുഴുവരിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ പറ്റാതായ ആന ക്ഷീണിച്ചവശയാവുകയും ചെയ്തു. ഒടുവില്‍ പുഴയില്‍ ഇറങ്ങ നിന്ന ആന പിന്നീട് വെള്ളത്തില്‍ തന്നെ മരിച്ചു. 15 വയസ്സുള്ള കാട്ടാന ഗര്‍ഭിണിയായിരുന്നെന്ന്  പോസ്റ്റ്‌മോര്‍ട്ടത്തിനിടെയാണ് മനസ്സിലായത്. സംഭവം നടന്ന് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആനയുടെ മരണം ദേശീയ തലത്തില്‍ ചര്‍ച്ചയായി. സംഭവം വിവാദമാവുകയും മറ്റു പല വ്യാഖ്യാനങ്ങളിലേക്കും സംഭവം വഴി മാറുകയും ചെയ്തു.

ജൂണ്‍-16- വയനാട് പുല്‍പള്ളി കല്ലുവയലില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവ് ശിവകുമാറിനെ കാണാതാവുന്നു. പിറ്റേന്ന് യുവാവിന്റെ മൃതദേഹം വനത്തിനുള്ളില്‍ കണ്ടെത്തുന്നു. തലയും കാലുകളും ഒഴികെയുള്ള മറ്റു ശരീരഭാഗങ്ങളെല്ലാം പൂര്‍ണായി കടുവ തിന്നു തീര്‍ത്ത നിലയിലായിരുന്നു. വാര്‍ത്തയ്ക്ക് പിന്നാലെ വന്യമൃഗങ്ങളാല്‍ ജീവനും ജീവനോപാദിയും നഷ്ടപ്പെട്ടുന്ന മനുഷ്യരുടെ പരാതികള്‍ ഉയരുന്നു.

കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ കേരളത്തില്‍ രണ്ടു തലങ്ങളില്‍ ചര്‍ച്ച നടന്ന സംഭവങ്ങളാണിത്. ഈ രണ്ടു സംഭവങ്ങളും കാലങ്ങളായി തുടര്‍ന്നു വരുന്ന, കാലം കഴിയുന്തോറും സങ്കീര്‍ണമാവുന്ന പ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഒരു ഭാഗത്ത് കാടിറങ്ങുന്ന മൃഗങ്ങള്‍ മനുഷ്യരുടെ ജീവന് ഭീഷണിയാവുകയും കര്‍ഷകന്റെ അധ്വാനത്തെ ഇല്ലാതാക്കുകയും ചെയ്യുന്നത് ഒരു മാനുഷിക പ്രശ്നമായി ഉയര്‍ന്നു വരുമ്പോള്‍ മറുഭാഗത്ത് ഭാഗത്ത്  മനുഷ്യരുടെ ചെയ്തികള്‍ കാരണം ജീവന്‍ നഷ്ടപ്പെടുന്ന മൃഗങ്ങളുടെ വിഷയവും കാടിന്റെ ആവാസ വ്യവസ്ഥിതിയിലേക്ക് മനുഷ്യര്‍ നടത്തു കടന്നു കയറ്റം മൃഗങ്ങളുടെ കാടിറക്കത്തിനു കാരണമാവുന്നതിന്റെ പാരിസ്ഥിതിക വാദവും ഉയരുന്നു.

ഏപ്രില്‍ 27 നാണ് ആറളം ഫാമിലെ തൊഴിലാളി കെ. നാരായണന്‍ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത്. അഞ്ചു വര്‍ഷത്തിനിടെ ഏഴാമത്തെയാളാണ് ഫാമില്‍ കാട്ടാനയുടെ കുത്തേറ്റ് മരിക്കുന്നത്. ഫെബ്രുവരി 27 ന് റാന്നിയില്‍ എസ്.എസ് ബിജു എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ആന കുത്തിക്കൊന്നു.

പത്തനാപുരം പൂമരതിക്കുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പഞ്ചായത്ത് അംഗം അടക്കം രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വന്യജീവികള്‍ കൃഷിനാശം വരുത്തിയതുമായി ബന്ധപ്പെട്ട് 17,116 കേസുകളാണ് വനം വകുപ്പ് ഈ വര്‍ഷങ്ങള്‍ക്കിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വയനാട്ടിലെ മനുഷ്യരും വന്യമൃഗങ്ങളും

കഴിഞ്ഞ 10 വര്‍ഷത്തിനിടെ വയനാട്ടില്‍ 46 പേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍. ഇതില്‍ 38 പേര്‍ കാട്ടാനകളുടെ ആക്രമണത്താലും 5 പേര്‍ കടുവകളുടെ ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ടു പേര്‍ കാട്ടു പോത്തിന്റെ ആക്രമണത്തിലും ഒരാള്‍കാട്ടു പിന്നിയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു.

വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രം കൊല്ലപ്പെട്ടത് 19 പേരാണ്. ഇതില്‍ 15 പേര്‍ കാട്ടാനയുടെ ആക്രമണത്തിലും 4 പേര്‍ കടുവയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. മുത്തങ്ങയില്‍ ആറു പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒരാളാണ് ഇവിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

തോല്‍പ്പെട്ടിയില്‍ നാലു പേരും ബത്തേരിയില്‍ മൂന്ന് പേരും കുറിച്യാട്ട് രണ്ടു പേരും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതേ സമയം കടുവയുടെ ആക്രമണത്തില്‍ കുറിച്യാട്ട് രണ്ടു പേരും മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും ഓരോരുത്തരുമാണ് കൊല്ലപ്പെട്ടത്.

സൗത്ത് വയനാട് ഡിവിഷനില്‍ 10 പേര്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായപ്പോള്‍ രണ്ടു പേര്‍ കാട്ടു പോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒരാള്‍ കാട്ടുപന്നി ആക്രമണത്തിലും ഒരാള്‍ കടുവയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു.

നോര്‍ത്ത് വയനാട് ഡിവിഷനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 13 പേര്‍ക്ക് കാട്ടാനകളുടെ മുന്‍പില്‍ പെട്ട് ജീവന്‍ നഷ്ടപ്പെട്ടു. ഇവിടെ കടുവയുടെ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല.

വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ഏലിയാസിന് സംഭവിച്ചത് നോക്കാം,

സുല്‍ത്താന്‍ ബത്തേരിയില്‍ റിസര്‍വ് വനത്തില്‍ നിന്നും ശരാശരി കിലോമീറ്റര്‍ പരിധിക്കും പുറത്തുള്ള മൂലങ്കാവ് എന്ന ഗ്രാമത്തില്‍ ജീവിക്കുന്ന ഏലിയാസ് ഒരു മരം മുറിക്കാരനാണ്. ജൂണ്‍ മാസം ഏഴാം തിയ്യതി തന്റെ കൃഷിയിടത്തിന്റെ അതിര്‍ വരമ്പില്‍ വെച്ച കെണിയില്‍ പുലി കുടുങ്ങി. ഏലിയാസിന്റെ വീട്ടുകാര്‍ ഇത് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചറിക്കുകയും ചെയ്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടപടി ക്രമങ്ങളുടെ ഭാഗമായി ഏലിയാസിനെ ജോലി സ്ഥലത്തു നിന്നും വിളിച്ചു വരുത്തി.

പിന്നാലെ ഇദ്ദേഹത്തിന്റെ മകനെയും വിളിച്ചു വരുത്തി. പുലിയെ പിടിച്ചത് ഏലിയാസും മകനും ആണെന്ന് വരുത്തി തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ലോക്ഡൗണ്‍ സമയത്ത് നാട്ടിലെത്തിയ മകനെ കേസില്‍ കുരുക്കുമെന്നായപ്പോള്‍ ഏലിയാസ് ചെയ്യാത്ത കുറ്റം ഏറ്റെടുക്കുകയും ചെയ്തു. ചെറിയ വകുപ്പേ ചുമത്തൂ എന്ന് ഉറപ്പു നല്‍കി ഉദ്യോഗസ്ഥര്‍ ഏലിയാസില്‍ നിന്നും ഒപ്പിട്ടു വാങ്ങിയ കേസില്‍ ജില്ലാ കോടതിയില്‍ മാത്രം പരിഗണിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. കഴിഞ്ഞ ദിവസമാണ് ഏലിയാസിന് കേസില്‍ ജാമ്യം ലഭിച്ചത്. പുലി കുടുങ്ങുന്നതിന്റെ മൂന്നു ദിവസം മുമ്പേ ഇദ്ദേഹം വീട്ടില്‍ നിന്നും പോയിരുന്നു. ഏലിയാസിന്റെ ഭൂമിയുടെ അതിര്‍വരമ്പിനപ്പുറത്ത് മറ്റാരോ വെച്ച കെണിയിലാണ് പുലി കുടുങ്ങിയത്. പക്ഷെ പുലി കുടുങ്ങി നിന്നത് ഏലിയാസിന്റെ ഭൂമിയിലായിരുന്നു.  മറ്റാരോ ചെയ്ത ഒരു കുറ്റമാണ് ഏലിയാസിന് ഏല്‍ക്കേണ്ടി വന്നത്.

ഇതേ സമയം തന്നെ വന്യമൃഗങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നതാണ് തങ്ങളെ രോഷാകുലാരാക്കുന്നത് എന്നാണ് കര്‍ഷകര്‍ പറയുന്നത്.

‘ ആ പുലി അന്ന് കുടുക്കില്‍ കുടുങ്ങിയില്ലായിരുന്നെങ്കില്‍ പുല്‍പ്പള്ളിയില്‍ സംഭവിച്ചതിനു സമാനമായത് അവിടെയും സംഭവിച്ചേനെ,’ കര്‍ഷകനായ ജിന്റോ ജെയിംസ് പറയുന്നു.

‘ഞാന്‍ നിങ്ങളോട് സംസാരിക്കുന്ന ഈ നിമിഷം ഇവിടെ നിന്ന് കാട്ടാനയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്. പകല്‍ സമയങ്ങളില്‍ മയിലുകളുടെ ശല്യം ഉണ്ടാവും. രാത്രിയായാല്‍ ആനകളും മാനും വരും. ഇവിടെയുള്ള തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നിവയെല്ലാം തുടരെ നശിപ്പിക്കുന്നു’, തന്റെ രണ്ടരയേക്കര്‍ പറമ്പിലെ കൃഷി സ്ഥലത്തുണ്ടാകുന്ന നാശനഷ്ടങ്ങളെ പറ്റി 46 കാരനായ ഷോളയൂര്‍ സ്വദേശി ഷാജി ജോസഫ് പറയുന്നു.

മനുഷ്യരുടെ ഇടയിലേക്ക് ഇത്തരത്തിലേക്ക് വന്യ മൃഗങ്ങളുടെ കടന്നു വരവ് അടുത്ത കാലത്തായി കുത്തനെ കൂടിയതായി കര്‍ഷകര്‍ തന്നെ പറയുന്നുണ്ട്,

‘സമീപകാലത്തായി കാട്ടാന ശല്യം രൂക്ഷമാണ്. എന്റെയൊക്കെ ചെറുപ്പകാലത്ത് 12 കിലോമീറ്റര്‍ ദൂരം രാത്രി ഏഴ് മണി സമയത്ത് പോലും നടന്നു വീട്ടിലെത്തിയിട്ടുണ്ട്. ആ കാലത്തൊന്നും ഈ ഭാഗത്തേക്ക് ബസില്ല. ഇന്ന് ഇരുന്ന് വീണ് കഴിഞ്ഞാല്‍ ഈ ഭാഗങ്ങളിലൂടെ നടക്കാന്‍ പറ്റില്ല. നമ്മുടെ വീടിന് പുറത്ത് തന്നെ ശ്രദ്ധിച്ചിറങ്ങണം,’ ഷോളയൂര്‍ സ്വദേശി ഷാജി ജോസഫ് പറയുന്നു.

ഷാജി  ജോസഫിന്റെ കുടുംബം മുന്‍ കാലങ്ങളില്‍ കാര്‍ഷിക വൃത്തി ചെയ്ത് ജീവിച്ചവരായിരുന്നു. ഡ്രൈവറായ ഷാജി ജോസഫ് ഇന്ന് ഭാഗികമായാണ് കൃഷി ചെയ്യുന്നത്. അന്നുള്ളതിനേക്കാള്‍ രൂക്ഷമായ വന്യമൃഗശല്യം ഇന്ന് എന്തു കൊണ്ട് വരുന്നു എന്ന് പരിശോധിക്കപ്പെടേണ്ടതാണ്.

 

വനമേഖലകളിലേക്ക് നടന്ന കുടിയേറ്റം വനപരിസ്ഥിതികളെ മാറ്റി മറിച്ചപ്പോള്‍

1940 കള്‍ മുതലാണ് കേരളത്തിന്റെ വന മേഖലകളിലേക്ക് കുടിയേറ്റം തുടങ്ങിയത്. വനത്തിലെ ഭൂമി വാങ്ങിക്കൂട്ടി തീയിട്ട് അത് ഘട്ടം ഘട്ടമായി കൃഷിടിടമാക്കിമാറ്റുകയായിരുന്നു ആ കാലഘട്ടത്തില്‍. വയനാട്, അട്ടപ്പാടി, ഇടുക്കി തുടങ്ങിയ മലമ്പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റത്തോടെ ഇവിടെ മരച്ചീനി, രാമച്ചം, ഇഞ്ചി, കാപ്പി, വാഴ, ഏലം തുടങ്ങിയ വിളകള്‍ ഈ മേഖലകളില്‍ വ്യാപകമായി.

പിന്നീട് 1882 ല്‍ മദ്രാസ് ഫോറസ്റ്റ് ആക്ട് നിലവില്‍ വന്നുവെങ്കിലും നിയമത്തില്‍ പഴുതുകളുണ്ടാക്കി ഭൂരിഭാഗം വനങ്ങളും സ്വകാര്യവ്യക്തികളുടെ കൈയ്യില്‍ തന്നെ നിലനിര്‍ത്തി. ഈ കാല ഘട്ടത്തിലാണ് കേരളത്തിന്‍ന്റെ വനപരസ്ഥിതികളില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത്.

വന പരിസ്ഥിതിയില്‍ വരുന്ന ആഘാതങ്ങള്‍ കണക്കിലെടുത്താണ് 1949 ല്‍ ദി മദ്രാസ് പ്രിസര്‍വേഷന്‍ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് പാസാക്കുകയുണ്ടായി.

ഈ നിയമ പ്രകാരം സ്വകാര്യ വനങ്ങള്‍ കൈമാറുന്നതോ സ്വകാര്യവനങ്ങളില്‍ നിന്നും മരങ്ങള്‍ മുറിക്കുന്നതിനോ ബന്ധപ്പെട്ട ജില്ലാ കലക്ടറുടെ അനുവാദത്തോടെയായിരിക്കണം.

തോട്ടങ്ങളുടെ വളര്‍ച്ചയും അധിനിവേശ സസ്യങ്ങളും

തോട്ടങ്ങള്‍ക്കും നാണ്യവിളകള്‍ക്കും ഭൂമി ലഭ്യമാക്കുവാന്‍ ഭൂവുടമകള്‍ വലിയ തോതില്‍ വനഭൂമി വെട്ടി വെളുപ്പിച്ചു. തോട്ടവല്‍ക്കണം വന്യജീവിവികളുടെ ആവാസ വ്യവസ്ഥയില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. പശ്ചിമ ഘട്ട മലനിരകളിലെ നിത്യഹരിത വനങ്ങളില്‍ നിന്നും ആയിരകണക്കിന് ഏക്കര്‍ വനഭൂമിയാണ് ഓരോ വര്‍ഷവും തോട്ടവല്‍ക്കരണത്തിന്റെ ഭാഗമായി വെട്ടിത്തെളിക്കപ്പെട്ടത്.

ഇതിനിടയില്‍ വനങ്ങളില്‍ നട്ടു പിടിപ്പിച്ച പുതിയ മരങ്ങളും നാണ്യ വിളകളുടെയും സ്വാധീനവുമുണ്ട്. ആദ്യ കാലങ്ങളില്‍ തേക്ക്, കാപ്പി, തേയില, ഇഞ്ചി തുടങ്ങിയവ തോട്ടങ്ങളില്‍ നിറഞ്ഞു. പിന്നീട് സാമൂഹ്യ വനവത്കരണ പദ്ധതിയുടെ ഭാഗമായി കുറേ വിദേശ വൃക്ഷങ്ങള്‍ നട്ടു പിടിക്കപ്പെട്ടു. മണ്ണിലെ ജലാംശം ഊറ്റിയെടുക്കുന്ന ഈ വിദേശ വൃക്ഷങ്ങള്‍ കാടിനെ വരള്‍ച്ചയിലേക്ക് നയിക്കാന്‍ കാരണമായി.

ഇത്തരത്തില്‍ വനങ്ങളില്‍ വിദേശ, പരദേശി സസ്യങ്ങള്‍ അതിവേഗം പടര്‍ന്നു പിടിക്കാന്‍ തുടങ്ങി. ഇത് വനത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥിതിയെ നശിപ്പിക്കുകയും വന്യജീവികള്‍ ആശ്രയിച്ചു വന്നിരുന്ന സസ്യജാലങ്ങള്‍ ഇല്ലാതാവുകയും ചെയ്തു.

കാടും നാടും; അതിരുകള്‍ മാഞ്ഞിടത്തു വെക്കുന്ന പുതിയ അതിരുകള്‍

ആനകള്‍ കൃഷിയിടത്തിലേക്ക് കടക്കാതിരിക്കാനായി നിര്‍മിക്കുന്ന കിടങ്ങുകളും മതിലുകളും റെയില്‍ ഫെന്‍സിംഗുകളും സ്ഥാപിച്ചാണ് കാട്ടാന ശല്യത്തെ പ്രതിരോധിക്കുന്നത്. റെയില്‍ ഫെന്‍സിംഗ്, ബയോ ഫെന്‍സിംഗ് തുടങ്ങിയവ വേണ്ടത്ര ഫലപ്രദമാവുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

ഇലക്ട്രിക് ഫെന്‍സിംഗ് കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന രീതിയാണ് . കൃഷിഭൂമിക്ക് സംരക്ഷണമായി സ്ഥാപിക്കുന്ന വേലികളിലൂടെ നിശ്ചിത അളവില്‍ വൈദ്യുതി കടത്തി വിട്ട് മൃഗങ്ങളെ അകറ്റുകയാണ് ഈ രീതിയില്‍ ചെയ്യുന്നത്. എന്നാല്‍ അമിത അളവില്‍ വൈദ്യതി കടത്തുന്ന വിടുന്ന സാഹചര്യത്തില്‍ മൃഗങ്ങളുടെ ജീവഹാനിക്കും ഇത് കാരണമാവും.

ആനകളുടെ സ്വഭാവിക സഞ്ചാരപാതയെ മുടക്കി അശാസ്ത്രീയമായി കിടങ്ങുകള്‍ നിര്‍മിക്കുന്നത് ഇപ്പോഴുള്ളതിനേക്കാള്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കുക എന്നാണ് ഫോറസ്റ്റുദ്യോഗസ്ഥര്‍ പറയുന്നത്.

‘ആനകള്‍ കിടങ്ങുകള്‍ തകര്‍ത്തു കൊണ്ടേയിരിക്കും. അതിന്റെ  ആവാസ വ്യവസ്ഥയിലാണ് മനുഷ്യന്‍ ജീവിക്കുന്നത്. മറ്റൊരു കാര്യം ആനകള്‍ ഒരുപാട് ദൂരം സഞ്ചരിക്കുന്ന മൃഗങ്ങളാണ്. ഒരു സ്ഥലത്ത് കിടങ്ങ് ഉണ്ടാക്കിയാല്‍ അടുത്ത സ്ഥലത്തേക്ക് പോവാന്‍ വേണ്ടി ആനകള്‍ പ്രശ്‌നം ഉണ്ടാക്കിക്കൊണ്ടിരിക്കും,” മുത്തങ്ങ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സുനില്‍ കുമാര്‍ പറയുന്നു.

“കണ്ണൂരില്‍ ആറളത്ത് വേലികളും മതിലുകളും ഇല്ലാത്ത സമയത്ത് ആനശല്യം കുറവായിരുന്നു, ഇപ്പോള്‍ വേലികളും മതിലുകളിലും വെച്ചപ്പോള്‍ ആന ശല്യം കൂടുകയാണുണ്ടായത്. ആനകള്‍ക്കൊക്കെ പ്രജനനനത്തിനായി വളരെയധികം സ്ഥലം ആവശ്യമാണ്. വയനാട് വന്യജീവി സങ്കേതത്തില്‍ കാണുന്ന ഇവിടെ മാത്രമല്ല നില്‍ക്കുത്. ആ ആന മുത്തങ്ങ, മുതുമല, തുടങ്ങിയിടങ്ങളിലേക്കെല്ലാം പോവും,”  സുനില്‍ കുമാര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ് കെ.എഫ്.ആര്‍.ഐ യിലെ ശാസ്ത്രജ്ഞന്‍ ടി.വി സജീവിന്റെ വാക്കുകള്‍

‘മൃഗങ്ങള്‍ക്ക് വലിയൊരു സ്പേസ് ആവശ്യമുണ്ട്. ആ സ്പേസ് നമ്മള്‍ ചെറിയ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുകഴിഞ്ഞു. ഫ്രാഗ്മെന്റേഷന്‍ സംഭവിച്ചിട്ടുണ്ട്. അതോടെ അവരുടെ സാധാരണ ഗതിയിലുള്ള സഞ്ചാര പാതകള്‍ അടഞ്ഞുപോയി. അത് കണക്ട് ചെയ്യാന്‍ കഴിയണം. അവരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വിളകള്‍ നമ്മള്‍ കൃഷി ചെയ്യാന്‍ തുടങ്ങി. കാടിനോട് ചേര്‍ന്നുള്ള വിളകല്‍ മറ്റ് അലോചനകള്‍ ഉണ്ടാവേണ്ടതുണ്ട്’, ടി.വി സജീവ്

കേള്‍ക്കാതെ പോവുന്ന ആദിവാസി ശബ്ദങ്ങള്‍

കാടുമായി ഏറ്റവും അധികം അടുത്തിടപഴകുന്നവരാണ് ആദിവാസി വിഭാഗക്കാര്‍. പുനംകൃഷി പോലെ പ്രകൃതിയുടെ സ്പന്ദനം മനസ്സിലാക്കി കൃഷി ചെയ്യുന്ന ഇവരുടെ രീതിയില്‍ നിന്നും വിഭിന്നമായി ഇപ്പോള്‍ വര്‍ഷങ്ങളായി നടന്നു വരുന്ന കൃഷിരീതിയും പ്രകൃതിയിലെ ഇടപെടലും കാടിനും നാടിനും ദോഷകരമായാണ് ഭവിക്കുന്നത്. കാടിനും നാടിനും ഇടയില്‍ നടന്നു കൊണ്ടിരിക്കുന്ന ഈ സംഘര്‍ഷങ്ങളില്‍ ഇവര്‍ക്കു പറയാനുള്ളതിന് പ്രധാന്യം ലഭിക്കുന്നില്ലെന്നാണ്  ടി.വി സജീവ് പറയുന്നത്.

“കാടിനോട് ചേര്‍ന്ന് ജീവിക്കുന്ന ആദിമ നിവാസികളുണ്ട്. അവരാണ് പ്രകൃതിയോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ആളുകള്‍. കാടിനൊപ്പം ജീവിച്ച് കാട് എങ്ങനെയാണെന്ന് തിരിച്ചറിയുന്നത് അവരാണ്. പക്ഷേ, അവരുടെ ആഭിപ്രായങ്ങള്‍ നമ്മള്‍ ഈ വിഷയത്തില്‍ ഒരിക്കലും കേള്‍ക്കാറില്ല. അവരുടെ പ്രശ്നങ്ങള്‍ നമ്മള്‍ പരിഹരിക്കാറുമില്ല. കേരളത്തില്‍ ഈ പ്രശ്നം പരിഹരിക്കപ്പെടണം എന്നുണ്ടെങ്കില്‍ ആദിമ നിവാസികളുടെ ഭൂപ്രശ്നം കൂടി പരിഹരിക്കപ്പെടേണ്ടതുണ്ട്. അവരാണെങ്കില്‍ ഈ കാര്യത്തില്‍ ഒരു പരാതി പറഞ്ഞിട്ടുമില്ല”

രണ്ട് കാര്യങ്ങളാണ് പ്രധാനമായി പറയാനുള്ളത്. ഒന്ന്, പ്രശ്നങ്ങളെക്കുറിച്ചുള്ള പരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിര്‍ബന്ധമായും ആദിമ നിവാസികളെക്കൂടി ഉള്‍പ്പെടുത്തുക. രണ്ട്, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പുനപരിശോധിച്ച് ചര്‍ച്ച ചെയ്ത് നടപ്പിലാക്കണം. അല്ലെങ്കില്‍ ഈപ്രശ്നം ഇനിയും രൂക്ഷമാവുകയാണ് ചെയ്യുക’  ടി.വി സജീവ്  ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

സെലക്ടീവ് കള്ളിംഗ്

ഇതിനിടയില്‍ ചില വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവമാണ്. ഉദാഹരണത്തിന് കാട്ടു പന്നി, കുരങ്ങുകള്‍ എന്നിവ നാട്ടിലേക്കിറങ്ങുന്നതില്‍ ഇവയുടെ എണ്ണത്തില്‍ വന്ന വര്‍ധനവും ഒരു ഘടകമാണ്.

“കാട്ടു പന്നി, കാട്ടുകുരങ്ങ് തുടങ്ങിയ ജീവജാലങ്ങളുടെ എണ്ണം  കൂടിയിട്ടുണ്ട്. ഇത് കാടിനകത്ത് നിന്നും ഇവ പുറത്തേക്ക് വരാന്‍ ഒരു കാരണമാണ്. നാട്ടില്‍ നിന്നും വളരെ എളുപ്പം ഭക്ഷണം കിട്ടുമെന്നത് ഇവരെ നാട്ടിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നു. കാട്ടില്‍ നാലു മണിക്കൂറോളം തേടി ലഭിക്കുന്ന ഭക്ഷണം നാട്ടില്‍ ഒരു വാഴത്തോട്ടത്തിലിറങ്ങിയാല്‍ ഇവയ്ക്ക് ലഭിക്കും. ഇതു മൂലം ഒരുപാട് ജീവജാലങ്ങള്‍ അവരുടെ മേഖല മാറ്റുന്നുണ്ട്. ഇവയുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ ഇവയെ കൊല്ലുകയോ അവയെ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ മാത്രമാണ് പരിഹാരം. സെലക്ടീവ് കള്ളിംഗ് കണ്‍സര്‍വേഷന്റെ ഭാഗം തന്നെയാണ്. അതേ സമയം ആന കടുവ തുടങ്ങിയ ജീവികളുടെ എണ്ണം ക്രമാതീതമായി കൂടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നില്ല, ‘ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായി ഹരീഷ് വാസുദേവന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘ഒരിക്കല്‍ ആനപ്പാന്തം കാടാര്‍കുടിയില്‍ ഡി.എഫ്.ഒ ധനേഷ്‌കുമാറിനോടൊപ്പം പോയി. അദ്ദേഹം എന്റെ വേഴാമ്പല്‍ ചിത്രം ആദിവാസി മൂപ്പനും കൂട്ടര്‍ക്കും കാണിച്ചു കൊടുത്തിട്ട് പറഞ്ഞ വാചകങ്ങളുടെ വിശുദ്ധി ഇപ്പോഴും മനസ്സിനകത്ത്…’ദേ നിങ്ങള് ഇതു നോക്കിയേ.. ഇത് കാടിന്റെ ദൈവമാണ്. ദൈവത്തെ ഉപദ്രവിക്കരുത്. കാട് ദൈവത്തിന്റെ വീടാണ്,’ അന്ന് അദ്ദേഹം പറഞ്ഞത് പരമാര്‍ത്ഥമാണ്. പല വൃക്ഷങ്ങളുടെയും വിത്തുകള്‍ വേഴാമ്പലുകളേപോലുള്ള പക്ഷികള്‍ ഭക്ഷിച്ചു കാഷ്ടിച്ചതിനു ശേഷമേ മുളയ്ക്കാറുള്ളൂ. ഒരു കാട്ടാല്‍ വൃക്ഷം അനേകം വന്യജീവികളെ തീറ്റിപ്പോറ്റുന്നുണ്ട്. കാട്ടാല്‍ വൃക്ഷ ചോട്ടില്‍ പഴം കഴിക്കാനെത്തുന്ന മാനില്‍ അന്നം കാണുന്ന കടുവ. നിബിഡമായ വനത്തിലെ ഓരോ കാട്ടാല്‍ വൃക്ഷങ്ങളുടെയും വിത്തുകള്‍ പേരി മലമുഴക്കികള്‍ സഞ്ചരിക്കുന്നു. അടുത്ത തലമുറയ്ക്കായി, വന്യജീവികള്‍ക്കായി അവ ആ വൃക്ഷ വിത്തുകള്‍ കാടു മുഴുക്കെ നട്ടു വളര്‍ത്തുന്നു. അവ അവയുടെ ജന്‍മോദ്ദേശ്യം നിറവേറ്റുകയാണ്. നമ്മള്‍ക്ക് ശുദ്ധ ജലവും ശുദ്ധ വായുവും നല്‍കാന്‍ കൂടി. നമ്മളോ? വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ എന്‍.എ നസീറിന്റെ കാടിനെ ചെന്നു തൊടുമ്പോള്‍ എന്ന പുസ്തകത്തിലെ ചില വാചകങ്ങളാണിത്.

പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ ഇടപെടല്‍ എന്‍.എ നസീറിന്റെ ഈ വാചകങ്ങളില്‍ പറയുന്ന പ്രകൃതി ചലനത്തിന് വിഘാതം സൃഷ്ടിച്ചിട്ടുണ്ട് എന്നത് വാസ്തവമാണെന്നാണ് വിദഗ്ധാഭിപ്രായം. ഈ അസന്തുലിതാവസ്ഥയെ പരിഹരിക്കുന്നതിന് ശാസ്ത്രീയമായ പരിഹാരവും ആവശ്യമാണ്.

എവിടെയാണോ ജീവിക്കുന്നത് അതിന് അനുസരിച്ചുള്ള ജീവിത ശൈലിയിലേക്ക് നമ്മള്‍ കുറച്ച് മാറേണ്ടതുണ്ടെന്നാണ് ഡോ. പി.എസ് ഈസ പറയുന്നത്.

മനുഷ്യവും വന്യജീവികളും തമ്മില്‍ നടക്കുന്ന ഈ അതിജീവന രീതികളെ  സംഘര്‍ഷം എന്ന വാക്കിലൊതുക്കുന്നത് ശരിയല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

‘ മനുഷ്യനും മൃഗങ്ങളും തമ്മില്‍ ഇന്റരാക്ഷന്‍ നടക്കുന്നുണ്ട്, ഇതിന്റെ മിസ്മാനേജ്‌മെന്റ് ആണ് സംഘര്‍ഷത്തിലേക്ക് നയിക്കുന്നത്. കാടിനടുത്ത് വരുന്ന കൃഷി സ്ഥലങ്ങള്‍, കാടിനുള്ളിലൂടെയുള്ള റോഡുകള്‍, പൈപ് ലൈനുകള്‍ തുടങ്ങിയവ ഈ സംഘര്‍ഷത്തിന് കാരണമാവുന്നു. ശാസ്ത്രീയപരമായി മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ പറ്റൂ. ഒരോ സ്ഥലത്തെയും കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി വ്യത്യസ്തമാണ്. ഇതിന് ഒരു പൊതുവായ പരിഹാരം ഇല്ല. കൃത്യമായ പഠനം ആവശ്യമാണ്,’ സെന്റര്‍ ഫോര്‍ കണ്‍സര്‍വേഷന്‍ എകളോജിയിലെ ഗവേഷകന്‍ ദിവിന്‍ മുരുകേഷ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

 

അഭിനന്ദ് ബി.സി
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍ ട്രെയ്‌നി, വടകര എസ്.എന്‍ കോളേജില്‍ നിന്ന് ബിരുദം. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ നിന്ന് പി.ജി ഡിപ്ലോമ.