Entertainment
ഈ സിനിമക്കായി എങ്ങനെ പ്രൊഡ്യൂസറെ ഒപ്പിച്ചു എന്നയാൾ ചോദിക്കുന്നുണ്ട്; അശ്വന്ത് കോക്കിന്റെ പരാമർശത്തിനെതിരെ വി.കെ. പ്രകാശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 31, 10:16 am
Wednesday, 31st May 2023, 3:46 pm

ലൈവ് എന്ന ചിത്രത്തിനെതിരെയുള്ള വിവാദ പരാമർശത്തിന് മറുപടിയുമായി സംവിധായാകാൻ വി.കെ. പ്രകാശ്. ആളുകൾക്ക് വിനോദം നൽകുക എന്നതാണ് അശ്വന്തിന്റെ ജോലിയെന്നും അയാൾ ഒരു ജോക്കർ ആയതുകൊണ്ടാണ് ഇഷ്ടമുള്ളതുപോലെ പറയുന്നതെന്നും വി.കെ. പ്രകാശ് തുറന്നടിച്ചു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തിൽ നടി മംമ്ത മോഹൻ ദാസ്, പ്രിയ വാര്യർ എന്നിവരും പങ്കെടുത്തു.

‘ആളുകളെ എന്റർടൈൻ ചെയ്യിക്കുക എന്നതാണ് അയാളുടെ പണി. അയാൾ ഒരു ജോക്കർ ആണ്. അതുകൊണ്ടാണ് ഇഷ്ടമുള്ളതൊക്കെ പറയുന്നത്. ഒരു കണ്ടന്റിനെ ആഴത്തിൽ മനസിലാക്കിയിട്ടാണ് സംസാരിക്കുന്നതെങ്കിൽ കുഴപ്പമില്ല.

ഈ സിനിമക്കായി എങ്ങനെ പ്രൊഡ്യൂസറെ ഒപ്പിച്ചു എന്നയാൾ ചോദിക്കുന്നുണ്ട്, ഞങ്ങൾ പ്രൊഡ്യുസറെ വിളിച്ച് സിനിമ കാണിച്ചുകൊടുത്തിട്ടാണ് ആ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോയത്. അതുകൂടാതെ നിർമാതാക്കളുടെ അഭിപ്രായങ്ങളും കൂടി മാനിക്കാറുണ്ട്. ഞങ്ങളുടെ കഴിവിലും വർക്കിലും ഈ ചിത്രത്തിന്റെ നിർമാതാവിന് വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അടുത്ത പടം അദ്ദേഹം പ്രൊഡ്യൂസ് ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്‌,’ വി.കെ. പ്രകാശ് പറഞ്ഞു.

ഒന്നും മനസിലാക്കാതെയാണ് ചിത്രത്തെ കുറിച്ച് ആളുകൾ വിമർശിക്കുന്നതെന്ന് മംമത പറഞ്ഞു. ചിത്രത്തെ വിമർശിച്ചയാൾ മദ്യപിച്ച് സംസാരിക്കുന്നതുപോലെ തനിക്ക് തോന്നിയെന്നും മംമ്ത പറഞ്ഞു.

‘സിനിമയെ വിമർശിക്കുന്ന വീഡിയോ ഞാൻ മുഴുവനായും കണ്ടില്ല. കാരണം അയാൾ മദ്യപിച്ച് സംസാരിക്കുന്നതായി തോന്നി. കൂടാതെ അയാൾ പറയുന്ന അക്കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. അയാൾ പറയുന്നത് ഒട്ടും ഉൾക്കൊള്ളാനോ അംഗീകരിക്കനോ കഴിയാത്തതായിരുന്നത്കൊണ്ട് ആ വീഡിയോ മുഴുവനായും കണ്ടില്ല. പക്ഷെ, ആ വീഡിയോ ഒരു സിനിമയെ മുഴുവനായും നശിപ്പിക്കുന്നതാണ്. സ്കിപ് ചെയ്ത് കണ്ട ഭാഗങ്ങളിൽ നിന്നും എനിക്കത് മനസിലായി,’ മംമ്ത പറഞ്ഞു.

 

CXontent Highlights: Mamta Mohandas and V.K. Prakash on Aswanth KOK