Advertisement
Entertainment news
മംമ്ത ഭയങ്കര പ്രിവിലേജ്ഡാണ് എന്നാണ് ഈയിടെയായി ചര്‍ച്ച; ടീം മൊത്തം നിര്‍ബന്ധിച്ചാണ് എന്നെക്കൊണ്ട് പി.ആര്‍ ചെയ്യിപ്പിക്കുന്നത്: മംമ്ത മോഹന്‍ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 02, 04:09 pm
Saturday, 2nd July 2022, 9:39 pm

മലയാള സിനിമയിലെ സ്റ്റൈലിഷ് നായികമാരിലൊരാളാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ മയൂഖം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ താരം പിന്നീട് ഒരുപാട് നായികാ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു.

തന്റെ ഇന്‍സെക്യൂരിറ്റികളെക്കുറിച്ചും തന്നെക്കുറിച്ച് കേള്‍ക്കാറുള്ള ഗോസിപ്പുകളെക്കുറിച്ചും മനസുതുറക്കുകയാണ് ഇപ്പോള്‍ മംമ്ത.

നടന്‍ മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന റോക്കട്രി എന്ന ചിത്രത്തിന്റെ റെഡ് കാര്‍പറ്റ് ഇവന്റില്‍ പങ്കെടുത്തുകൊണ്ട് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു താരം.

മംമ്തയെക്കുറിച്ച് കേട്ടിട്ടുള്ള ഒരു ഗോസിപ്പെന്താണ് എന്ന ചോദ്യത്തിനാണ് താരം മറുപടി പറയുന്നത്.

”അതിനെക്കുറിച്ച് എനിക്കൊന്ന് ആലോചിക്കണം. ഗോസിപ്പെന്ന് പറയാന്‍ പറ്റുമോ എന്നറിയില്ല. ഈയിടെയായി ഭയങ്കരമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത് മംമ്ത ഭയങ്കര പ്രിവിലേജ്ഡാണ് എന്നാണ്. അതൊരു ഗോസിപ്പാണോ.

എന്താണ് അങ്ങനെ പറയുന്നതെന്നറിയില്ല. ആരൊക്കെയോ പറഞ്ഞുണ്ടാക്കുന്നതാണ്. ഒരുപാട് പേര്‍ ഞാന്‍ പ്രിവിലേജ്ഡാണ് എന്ന് വിചാരിക്കുന്നുണ്ട്. അതിലൂടെ അവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല.

കരിയറിന്റെ തുടക്കത്തിലായികരുന്നു ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയൊന്നും കേള്‍ക്കാറില്ല. ഈയിടെയായി ഒന്നും അങ്ങനെ വാര്‍ത്തകളിലില്ല,” താരം പറഞ്ഞു.

ആളുകള്‍ക്കറിയാത്ത മംമ്തയെക്കുറിച്ചുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.

”എനിക്ക് പേഴ്‌സണല്‍ ഇന്‍സെക്യൂരിറ്റി ഉണ്ട്. ആളുകള്‍ വിചാരിക്കുന്നത് ഞാന്‍ വളരെ ആത്മവിശ്വാസമുള്ള ആളാണ്. പുറമെ മാത്രമേ സ്‌ട്രോങ് ഉള്ളൂ, അകത്ത് ഭയങ്കര പ്രശ്‌നമാണ്.

സിനിമ എന്നെ തേടി എത്തിയില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും സിനിമയെ തേടി പോവില്ലായിരുന്നു. അത്രക്കും ലജ്ജയായിരുന്നു എനിക്ക്.

ഈ കാലത്ത് നടന്നുകൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ ഒക്കെ… എന്റെ ടീം മുഴുവന്‍ നിര്‍ബന്ധിച്ച് നിര്‍ബന്ധിച്ചാണ് ഇപ്പൊ എന്നെക്കൊണ്ട് പി.ആര്‍ ചെയ്യിപ്പിക്കുന്നത്,” മംമ്ത കൂട്ടിച്ചേര്‍ത്തു.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മനയാണ് മംമ്തയുടെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം തിയേറ്ററുകലിലും പിന്നീട് ഒ.ടി.ടിയില്‍ റിലീസ് ചെയ്തപ്പോഴും മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു നേടിയത്.

അതേസമയം, മാധവന്‍ പ്രധാന വേഷത്തിലെത്തുന്നു റോക്കട്രി ദ നമ്പി ഇഫക്ട് ജൂണ്‍ ഒന്നിന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Content Highlight: Mamta Mohandas about the gossips and her insecurities