കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ വീണ്ടും വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പി ആദ്യം ഒരു ബക്കറ്റ് മറിച്ചിടട്ടേ, എന്നിട്ട് സര്‍ക്കാരിനെ താഴെ ഇറക്കുന്നതിനെ കുറിച്ച് ചിന്തിക്കാമെന്ന് മമത ബാനര്‍ജി വിമര്‍ശിച്ചു. ഭയത്താലാണ് സര്‍ക്കാറിനെ താഴെയിറക്കുമെന്ന് നേതാക്കള്‍ പറയുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു. അഞ്ച് മാസത്തിനുള്ളില്‍ ബംഗാള്‍ സര്‍ക്കാര്‍ വീഴുമെന്ന ബി.ജെ.പിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മമത.
‘ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തന്നെ വീണുകഴിഞ്ഞു. അവരിപ്പോള്‍ ഭയത്താല്‍ വിറയ്ക്കുകയാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനെ കുറിച്ചാണ് ഇന്ത്യയിലെ ജനങ്ങള്‍ ചിന്തിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിലൂടെ അത് അടുത്ത് കൊണ്ടിരിക്കുകയാണ്. ഇതിനെയാണ് ബി.ജെ.പി ഭയപ്പെടുന്നത്,’ മമത പറഞ്ഞു.
ബി.ജെ.പി ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുന്നതിനെ കുറിച്ച് സ്വപ്‌നം കാണുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ താഴെയിറക്കുമെന്ന് അവര്‍ മനസിലാക്കി കഴിഞ്ഞു. ഞങ്ങളുടെ സഖ്യത്തെ അവര്‍ ഭയപ്പെടുകയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ എസ്.എസ്.കെ.എച്ച് ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത. ബി.ജെ.പിയുടെ ഏക ജോലി ആളുകള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കലും അക്രമം അഴിച്ചുവിടലുമാണെന്നും അവര്‍ വിമര്‍ശിച്ചു.
‘ ബി.ജെ.പിക്ക് അക്രമങ്ങള്‍ അഴിച്ചുവിടുകയും ആളുകള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുകയും ചെയ്യുന്ന ഒരു പണി മാത്രമേയുള്ളൂ. ഇത് മാത്രമാണ് അവരുടെ ജോലി. ഇതിനെല്ലാം ജനങ്ങള്‍ തിരിച്ചടിക്കുന്ന ഒരു കാലം വരുമെന്ന് അവര്‍ ഓര്‍ക്കണം. തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിലൂടെയായിരിക്കും ജനങ്ങള്‍ ഇതിനെല്ലാമുള്ള മറുപടി നല്‍കുക. ഇന്ത്യ ഈ പോരാട്ടത്തെ നേരിടും,’ മമത പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടായ ആക്രമണത്തിനെതിരെ ബി.ജെപി നടത്തിയ റാലിയെയും മമത ബാനര്‍ജി വിമര്‍ശിച്ചു. ‘അക്രമം അഴിച്ചുവിടുകയല്ലാതെ അവര്‍ക്ക് മറ്റ് ജോലികളൊന്നുമില്ല, മറ്റെന്താണ് അവര്‍ ചെയ്യുന്നത്. ആളുകളെ അവര്‍ ആക്രമിക്കുകയും വീടുകള്‍ നശിപ്പിക്കുകയും ചെയ്തു. സ്ത്രീകളെ അവര്‍ അപമാനിച്ചു,’ മമത പറഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗം ആളുകളും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പരിക്കേറ്റ നാല് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതായും ഒമ്പത് പേര്‍ ചികിത്സയില്‍ തുടരുകയാണെന്നും മമത അറിയിച്ചു. തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണങ്ങള്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 2 ലക്ഷം രൂപയും ജോലിയും നല്‍കുന്നുണ്ട്. പരിക്കേറ്റവര്‍ക്കും ആശുപത്രിയില്‍ കഴിയുന്നവര്‍ക്കും 50,000 രൂപ നല്‍കുന്നുണ്ട്. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് 50,000 കൈമാറിയെന്നും മമത പറഞ്ഞു.