Entertainment news
ലാല്‍ ഫാന്‍ ആണോ; മോഹന്‍ലാലിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മമ്മൂട്ടിയുടെ മറുചോദ്യം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 20, 09:41 am
Monday, 20th November 2023, 3:11 pm

മലയാള സിനിയിലെ മഹാ നടൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. കാലങ്ങളായി തങ്ങളുടെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിനൊപ്പം താരങ്ങൾ എന്ന നിലയിൽ വലിയ ആരാധകരുള്ള നടന്മാരാണ് ഇരുവരും.

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന സിനിമകൾ കാണാൻ എന്നും മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്.

2008 ൽ പുറത്തിറങ്ങിയ ട്വന്റി ട്വന്റി എന്ന സിനിമയിലാണ് അവസാനമായി ഇരുവരും ഒന്നിച്ചത്. സിനിമയിലെ പോലെ തന്നെ പൊതുവേദികളിലും താരങ്ങൾ ഒന്നിച്ചെത്തിയാൽ മലയാളികൾ അത് വലിയ ആഘോഷമാക്കാറുണ്ട്.

ഈയിടെ കേരളീയം വേദിയിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോസും വലിയ രീതിയിൽ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരുന്നു.

അന്ന് ഇരുവരും എന്തായിരുന്നു സംസാരിച്ചത് എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് മമ്മൂട്ടി. തന്റെ പുതിയ ചിത്രം ‘കാതൽ’ ന്റെ ഭാഗമായി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാലേട്ടനും മമ്മൂക്കയും സിനിമകളെ കുറിച്ചാണോ സംസാരിച്ചതെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മമ്മൂട്ടി.
ഞങ്ങൾക്ക് സിനിമയല്ലാതെ വേറേ എന്തൊക്കെയുണ്ട് സംസാരിക്കാൻ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

 

‘അന്ന് വളരെ കുറച്ച് നേരം അല്ലേ ഉണ്ടായിരുന്നുള്ളു. വേറേ എന്തൊക്കെ കാര്യങ്ങൾ ഞങ്ങൾക്ക് പറയാനുണ്ട്. സിനിമയുടെ കാര്യങ്ങൾ ഞങ്ങൾക്ക് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അറിയാം. പിന്നെ അധികം സമയം ഞങ്ങൾ ഒരുമിച്ച് ഇല്ലായിരുന്നല്ലോ. പരിപാടി കഴിഞ്ഞിട്ട് പെട്ടെന്ന് പോയിട്ടുണ്ട്,’ മമ്മൂട്ടി പറയുന്നു.

ലാലേട്ടന്റെ സിനിമകൾ കാണാറുണ്ടോ എന്ന ചോദ്യത്തിന് മാധ്യമ പ്രവർത്തകനോട്‌ ലാൽ ഫാൻ ആണോയെന്ന് അദ്ദേഹം ചോദിച്ചപ്പോൾ അത് വേദിയിൽ ചിരി സൃഷ്ടിക്കുകയായിരുന്നു.

‘ഞാനും സിനിമ കാണുന്ന ആളല്ലേ. നിങ്ങളെ പോലെ ഞാനും കാണാറുണ്ട്. ലാൽ ഫാൻ ആണോ?’
എന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ഈ ആഴ്ച്ച തിയേറ്ററുകളിൽ എത്തും. വർഷങ്ങൾക്ക് ശേഷം തെന്നിന്ത്യൻ നടി ജ്യോതിക വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടെയാണ് കാതൽ.

Content Highlight: Mammooty Talk About Mohanlal