Entertainment
അന്ന് വില്ലനായി ഞാന്‍ അഭിനയിക്കണോയെന്ന് ചോദിച്ചു; നിങ്ങളൊന്ന് കഥ കേള്‍ക്കൂവെന്നായിരുന്നു മറുപടി: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 06, 03:06 am
Thursday, 6th February 2025, 8:36 am

എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ മലയാളത്തിന്റെ ക്ലാസിക് ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. വടക്കന്‍പാട്ട് കഥകളെ ആധാരമാക്കി അണിയിച്ചൊരുക്കിയ ചിത്രത്തിന് നാല് ദേശീയ അവാര്‍ഡുകളും എട്ട് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിരുന്നു.

മമ്മൂട്ടി, മാധവി, സുരേഷ് ഗോപി, ബാലന്‍ കെ. നായര്‍, ക്യാപ്റ്റന്‍ രാജു തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്. ഉണ്ണിയാര്‍ച്ചയായി മാധവി എത്തിയപ്പോള്‍ മമ്മൂട്ടി ചന്തുവായിട്ടാണ് അഭിനയിച്ചത്. ഇപ്പോള്‍ താന്‍ ഒരു വടക്കന്‍ വീരഗാഥയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് മമ്മൂട്ടി.

ഉണ്ണിയാര്‍ച്ചയുടെ കഥ സിനിമയാകുന്നുവെന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്നും ചന്തുവായാണ് അഭിനയിക്കേണ്ടതെന്ന് അറിഞ്ഞപ്പോള്‍ വില്ലനായിട്ട് താന്‍ അഭിനയിക്കണോയെന്ന് ചോദിച്ചെന്നും നടന്‍ പറയുന്നു. ഒരു വടക്കന്‍ വീരഗാഥയുടെ റീ റിലീസിന്റെ ഭാഗമായി മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ഓര്‍മ ശരിയാണെങ്കില്‍, ഉണ്ണിയാര്‍ച്ചയുടെ കഥ സിനിമയാകുന്നു എന്ന് പറഞ്ഞിട്ടാണ് എന്നെ വിളിക്കുന്നത്. ചന്തുവായിട്ട് നിങ്ങള്‍ അഭിനയിക്കണമെന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ ചോദിച്ചത് ‘ചന്തുവായിട്ട്, വില്ലനായിട്ട് ഞാന്‍ അഭിനയിക്കണോ’ എന്നായിരുന്നു.

നിങ്ങളൊന്ന് കഥ കേട്ടു നോക്കൂവെന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി. എം.ടി ആണ് തിരക്കഥ എഴുതുന്നതെന്നും ഹരിഹരന്‍ സാറാണ് ഡയറക്ഷനെന്നും പറഞ്ഞു. അങ്ങനെയുള്ളപ്പോള്‍ പിന്നെ ഒന്നും നോക്കണ്ടല്ലോ. ഞാന്‍ ആയിക്കോട്ടേയെന്ന് പറഞ്ഞു. അങ്ങനെയാണ് ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമ സംഭവിക്കുന്നത്,’ മമ്മൂട്ടി പറയുന്നു.

Content Highlight: Mammootty Talks About Oru Vadakkan Veeragatha Movie