Movie Day
'കിട്ടുന്ന കാശൊക്കെ ഈ വഴിയ്ക്ക് പോകുകയാണല്ലേയെന്ന് നെടുമുടിയോട് ശ്രീനി'; പൊട്ടിച്ചിരിപ്പിക്കുന്ന പഴയ അനുഭവം ഓര്‍ത്തെടുത്ത് മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 02, 08:23 am
Monday, 2nd August 2021, 1:53 pm

കൊച്ചി: സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് താനും നെടുമുടി വേണുവും ഒരേ മുറിയിലായിരുന്നു താമസമെന്ന് പറയുകയാണ് മമ്മൂട്ടി. 2015ല്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് അക്കാലത്തെപ്പറ്റിയും ശ്രീനിവാസനും നെടുമുടി വേണുവും താനും തമ്മിലുള്ള സൗഹൃദത്തെപ്പറ്റിയും മമ്മൂക്ക തുറന്നുപറഞ്ഞത്.

‘കിട്ടുന്ന കാശ് മുഴുവന്‍ ഈ വഴിയ്ക്ക് പോകുവാണല്ലേ എന്ന ശ്രീനിവാസന്റെ ഡയലോഗിന് പിന്നില്‍ ഒരു കഥയുണ്ട്. ഞങ്ങളുടെ സിനിമാ ജീവിതത്തിന്റെ ആരംഭകാലം. അന്ന് ഞാനും നെടുമുടി വേണുവും ഒരു മുറിയിലാണ് താമസിച്ചിരുന്നത്.

1983ലാണ്. ശ്രീനിവാസന്‍ ആ മുറിയില്‍ സ്ഥിരം വരുമായിരുന്നു. ശ്രീനിവാസന്‍ മാത്രമല്ല ഇന്ന് മലയാള സിനിമയിലുള്ള പല പ്രഗത്ഭരുടെയും സ്ഥിരം അഭയ കേന്ദ്രമായിരുന്നു ആ മുറി. അവിടെ ടി.വി, വി.സി. ആര്‍ ഒക്കെയുണ്ടായിരുന്നു.

ഞാനൊരു സിനിമയില്‍ അഭിനയിക്കാനായി എത്തിയതായിരുന്നു. ഒരു ദിവസം ഞാനും ശ്രീനിവാസനും നെടുമുടി വേണുവും കൂടി മദ്രാസ് നഗരം ഒക്കെ ഒന്ന് ചുറ്റി ഭക്ഷണം കഴിച്ച്, സിനിമയൊക്കെ കണ്ട് വരികയായിരുന്നു.

അന്ന് ശനിയാഴ്ചയും ഞായറാഴ്ചയും സിനിമാ ഷൂട്ടിംഗ് ഇല്ലായിരുന്നു. അങ്ങനെ ഞങ്ങള്‍ തിരിച്ചുവന്നപ്പോള്‍ നെടുമുടി വേണുവിന്റെ മുറിയുടെ വാതിലിന് ഇടയില്‍ ഒരു കുറിപ്പ് കണ്ടു. അന്ന് ഫോണും മെസേജിംഗും ഒന്നുമില്ലല്ലോ.

അതുകൊണ്ട് ഹോട്ടല്‍ നമ്പറിലേക്ക് വരുന്ന മെസേജുകള്‍ ചെറിയ പേപ്പറില്‍ കുറിച്ച് നമ്മുടെ മുറിയുടെ വാതിലിലൊക്കെ കൊണ്ടുവയ്ക്കുമായിരുന്നു. അങ്ങനെ വന്ന മെസേജ് ആയിരുന്നു അത്.

വേണു ആ കുറിപ്പെടുത്ത് വായിച്ചു നോക്കി. മിസ്റ്റര്‍ നെടുമുടി വേണു യൂ വണ്‍ ദി ഫിലിം ഫെയര്‍ അവാര്‍ഡ് ഓഫ് ദിസ് ഇയര്‍ എന്നായിരുന്നു മെസേജ്. പുള്ളി ഇതാ നോക്ക് എന്ന് പറഞ്ഞ് ശ്രീനിവാസന് നീട്ടി.

അത് നോക്കി അപ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞു, കിട്ടുന്ന പൈസയൊക്കെ ഈ വഴിയ്ക്ക് പോകുകയാണല്ലേ എന്ന് ശ്രീനി ചോദിച്ചു(ചിരിക്കുന്നു),’ മമ്മൂക്ക പറഞ്ഞു.

ഇപ്പോള്‍ ഇങ്ങനെയുള്ള ഡയലോഗുകള്‍ ആളുകള്‍ പരസ്പരം പറയാന്‍ പോലും ധൈര്യപ്പെടില്ലെന്നും അഭിമുഖത്തിനിടെ ശ്രീനിവാസന്‍ പറഞ്ഞു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Mammootty Shares Funny Experience With Sreenivasan And Nedumudi Venu