Entertainment
മലയാളത്തില്‍ മാത്രമേ അങ്ങനെയൊരു സിനിമ വരുള്ളൂ, ഇന്‍ഡസ്ട്രിക്ക് മുതല്‍ക്കൂട്ടാണ് ആ ചിത്രം: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 26, 10:54 am
Sunday, 26th January 2025, 4:24 pm

അഞ്ച് പതിറ്റാണ്ടിലധികമായി മലയാളസിനിമയുടെ അഭിമാനമായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് മമ്മൂട്ടി. കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ച് നിറഞ്ഞാടുന്ന മമ്മൂട്ടി തന്റെ അഭിനയശൈലി കൊണ്ട് പ്രേക്ഷകരെ ഇന്നും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇന്നും പല സിനിമാചര്‍ച്ചകളിലും മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ സംസാരവിഷയമായി കടന്നുവരുന്നുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. നാടകനടനായ ജെയിംസില്‍ നിന്ന് സുന്ദരത്തിലേക്ക് മമ്മൂട്ടി നടത്തിയ പരകായപ്രവേശം ഇന്ത്യന്‍ സിനിമാലോകം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടിയെ തേടിയെത്തിയിരുന്നു.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. സിനിമയുടെ ക്ലൈമാക്‌സിനെക്കുറിച്ച് പലര്‍ക്കും പല സംശയങ്ങളുണ്ടെന്നും അതൊന്നും താന്‍ ലിജോയോട് ചോദിച്ചിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ അത്തരമൊരു ചിത്രം മലയാളത്തില്‍ മാത്രമേ സംഭവിക്കുള്ളൂവെന്നും ഇന്‍ഡസ്ട്രിക്ക് തന്നെ മുതല്‍ക്കൂട്ടാണ് ആ സിനിമയെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ക്രിസ്റ്റഫര്‍ നോളനെപ്പോലെ വലിയ സ്‌കെയിലില്‍ സിനിമകള്‍ ചെയ്യാന്‍ മലയാളം ഇന്‍ഡസ്ട്രിക്ക് സാധിക്കില്ലെന്നും തങ്ങളെക്കൊണ്ട് പറ്റുന്ന രീതിയില്‍ ഇത്തരം മികച്ച ചിത്രങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിന്റെ പ്രസ്മീറ്റിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

‘നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ ക്ലൈമാക്‌സ് ജെയിംസിന്റെ സ്വപ്‌നമാണോ, അയാള്‍ അഭിനയിച്ചതാണോ എന്നൊക്കെ പലരും ചോദിച്ചത് കേട്ടു. ലിജോ അക്കാര്യം നിങ്ങളോട് പോലും പറഞ്ഞിട്ടില്ല, പിന്നെ എങ്ങനെ എന്നോട് പറയും? ആ സിനിമ മലയാളം ഇന്‍ഡസ്ട്രിക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് മാത്രമേ എനിക്ക് പറയാന്‍ സാധിക്കുള്ളൂ.

കാരണം, അത്തരമൊരു സിനി മലയാളത്തിലല്ലാതെ മറ്റൊരു ഇന്‍ഡസ്ട്രിയിലും ചെയ്യാന്‍ സാധിക്കില്ല. നമുക്ക് സ്വന്തമായി ക്രിസ്റ്റഫര്‍ നോളനുമില്ല, അയാള്‍ ചെയ്യുന്നതുപോലെ സിനിമ ചെയ്യാനും സാധിക്കില്ല. പക്ഷേ, നമ്മളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ നിന്നുകൊണ്ട് ഇത്തരം മികച്ച സിനിമകള്‍ ചെയ്താല്‍ ശ്രദ്ധിക്കപ്പെടും എന്ന് നനന്‍പകലിലൂടെ മനസിലായി,’ മമ്മൂട്ടി പറയുന്നു.

Content Highlight: Mammootty says only Malayalam industry can do Nanpakal Nerathu Mayakkam movie