Movie Day
'അവന്റെ ജീവിതത്തിലെ വലിയ സന്തോഷം'; പ്രിയപ്പെട്ട ആരാധകനെ തേടിയുള്ള മമ്മൂക്കയുടെ വീഡിയോ കോള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 26, 05:59 pm
Saturday, 26th June 2021, 11:29 pm

കോഴിക്കോട്: സമൂഹ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗം തന്റെ ഫേസ്ബുക്കല്‍ പങ്കുവെച്ച വീഡിയോയാണ് ഈ മണിക്കൂറുകളില്‍ സമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഭിന്നശേഷിക്കാരനായ തന്റെ ആരാധകനോട് മമ്മൂട്ടി സംസാരിക്കുന്ന വീഡിയോയാണ് സമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തത്.

‘ഇന്ന് നമ്മളുടെ അശ്വിന് പെരുന്നാള്‍ രാവായിരുന്നു ട്ടോ, ഓന്റെ ആഗ്രഹം അറിഞ്ഞ് മമ്മൂക്ക വീഡിയോ കോളില്‍ വിളിച്ചു, കുറെ സമയം സംസാരിച്ചു’ എന്ന അടിക്കുറിപ്പിലായിരുന്നു നര്‍ഗീസ് ബീഗം വീഡിയോ പങ്കുവെച്ചത്.

അശ്വിന്റെ വീട്ടിലേക്ക് വീഡിയോ കോള്‍ വിളിച്ച് തന്റെ വലിയ ആരാധകനായ അശ്വിനോട് മമ്മൂട്ടി വിശേഷങ്ങള്‍ ചോദിക്കുന്നതും, ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നതും നര്‍ഗീസ് ബീഗം പങ്കുവെക്കുന്ന വീഡിയോയില്‍ കാണാം. താടിയും മുടിയും നീട്ടിയ ലുക്കിലാണ് മമ്മൂട്ടി വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടത്.

അവന്റെ ജീവിതത്തിലെ വലിയ സന്തോഷങ്ങളിലൊന്നാണ് ഈ നിമിഷമെന്നും അശ്വിന്റെ വീട്ടുകാരും നര്‍ഗീസ് ബീഗവും
മമ്മൂട്ടിയോട് പറഞ്ഞു. മമ്മൂക്കയോട് അശ്വിനെക്കുറിച്ച് പറഞ്ഞത് തന്റെ സുഹൃത്ത് സ്മിതയാണെന്നും നര്‍ഗീസ് ബീഗം വീഡിയോയുടെ ഒപ്പം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം അശ്വന് മമ്മൂട്ടിയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് തരത്തിലുള്ള ഒരു പോസ്റ്റ് നര്‍ഗീസ് ബീഗം പങ്കുവെച്ചിരുന്നു.

‘മുന്‍പ് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു, അശ്വിന് മമ്മൂട്ടിയെ കാണാന്‍ വല്യ പൂതിയുണ്ട് എന്ന് പറഞ്ഞ്!
ആ പോസ്റ്റ് പറന്ന് പറന്ന് മമ്മൂട്ടിയിലെത്തുമെന്ന്, അങ്ങനെ അദ്ദേഹം കോഴിക്കോട് വരുമ്പോള്‍ അശ്വിനെ കാണാന്‍ എത്തുമെന്നും സ്വപ്നം കണ്ടു അശ്വിന്‍. ഇന്ന് കണ്ടപ്പോള്‍ അതേക്കുറിച്ച് സംസാരിച്ചതേയില്ല
അവന്റെ ആഗ്രഹം സാധിക്കുമോ അറിയില്ല,’ എന്നാണ് അന്ന് നര്‍ഗീസ് ബീഗം പറഞ്ഞിരുന്നത്. ഇതിന് മറുപടിയായിയാണ് ഇപ്പോള്‍ മമ്മൂട്ടി എത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


CONTENT HIGHLIGHTS: Mammootty’s video call with his special fan viral on social media