കൊച്ചി: മമ്പറം ദിവാകരന്‍ പാര്‍ട്ടിക്ക് അകത്തുമല്ല പുറത്തുമല്ല എന്ന അവസ്ഥയിലാണെന്നും പാര്‍ട്ടിക്ക് അകത്താണെങ്കില്‍ ചര്‍ച്ച ചെയ്യുമെന്നും കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍.
കോണ്‍ഗ്രസ് നേതാവായ മമ്പറം ദിവാകരനും മുന്‍ കോണ്‍ഗ്രസ് നേതാവ് പ്രശാന്ത് ബാബുവും സുധാകരനെതിരെ നടത്തിയ ആരോപണങ്ങളെ കുറിച്ച് സൂചിപ്പിച്ചപ്പോഴായിരുന്നു സുധാകരന്റെ പ്രതികരണം.
പ്രശാന്ത് ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് മുമ്പ് തന്നെ പുറത്താക്കിയതാണ്. തനിക്ക് ഭീഷണിയുള്ളതിനാല്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലായിരുന്നു യാത്രകള്‍ നടത്തിയത്. പോയ വഴിക്കായിരുന്നില്ല താന്‍ വന്നിരുന്നതെന്നും സുധാകരന്‍ പറഞ്ഞു.
എന്നാല്‍ ഒരിക്കല്‍ തന്നെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രശാന്ത് ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
പ്രശാന്ത് ബാബുവിന് ജോലി ശരിയാക്കികൊടുത്തത് ഡി.സി.സി. ആണെങ്കിലും സി.പി.ഐ.എമ്മിന്റെ തണലിലാണ് ജീവിക്കുന്നത്. മമ്പറം ദിവാകരന്‍ പാര്‍ട്ടിക്ക് അകത്തുമല്ല പുറത്തുമല്ല എന്നരീതിയിലാണ്. അകത്താണെങ്കില്‍ അത് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.
ബ്രണ്ണന്‍ കോളേജില്‍ വെച്ച് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന തരത്തില്‍ ഒരു സംഭവം തന്റെ അറിവിലുണ്ടായിട്ടില്ലെന്നും താന്‍ അങ്ങനെയൊരു സംഭവം കേട്ടിട്ടുമില്ലെന്നുമായിരുന്നു മമ്പറം ദിവാകരന്‍ പറഞ്ഞത്.
നേരത്തെ കെ. സുധാകരനെതിരായ ചില ഫോട്ടോകള്‍ ഉണ്ടെന്നും ഇത് കണ്ടാല്‍ ആരും തന്നെ സുധാകരനെ കെ.പി.സി.സി. പ്രസിഡന്റാക്കണമെന്ന് പറയില്ലെന്നും മമ്പറം ദിവാകരന്‍ പറഞ്ഞിരുന്നു.
കണ്ണൂരില്‍ അക്രമരാഷ്ട്രീയം ആരംഭിച്ചത് കെ. സുധാകരന്‍ കാരണമാണെന്നായിരുന്നു പ്രശാന്ത് ബാബു പറഞ്ഞത്. ക്രിമിനല്‍ രാഷ്ട്രീയം സുധാകരന്‍ തന്റെ വളര്‍ച്ചക്കായി ഉപയോഗിക്കുകയായിരുന്നെന്നും പ്രശാന്ത് ബാബു പറഞ്ഞിരുന്നു.
ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ താന്‍ പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയിരുന്നെന്ന തരത്തില്‍ കെ. സുധാകരന്റെ അഭിമുഖം പുറത്തുവന്നതോടെയാണ് കഴിഞ്ഞ ദിവസം മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത് എത്തിയത്.
മനോരമ ആഴ്ചപ്പതിപ്പിലായിരുന്നു ബ്രണ്ണന്‍ കോളേജിലെ പഠനക്കാലത്ത് താന്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ.കെ. ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞതായി അഭിമുഖം വന്നത്.
തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ. സുധാകരന്‍ പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന്റെ സ്വപ്നമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ പിണറായി വിജയനെ ചവിട്ടിയെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ലെന്ന് കെ. സുധാകരന്‍ പറഞ്ഞിരുന്നു. അഭിമുഖത്തില്‍ വന്ന എല്ലാ കാര്യങ്ങളും താന്‍ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഈ ചോദ്യം ലേഖകന്‍ എന്നോട് ചോദിച്ചതാണ്. എന്നാല്‍ ഇതിനെ കുറിച്ച് പറയാനോ എഴുതാനോ വിശദീകരിക്കാനോ താല്‍പ്പര്യമില്ലെന്നായിരുന്നു തന്റെ മറുപടി. അത് ഒഴിവാക്കാനും പറഞ്ഞിരുന്നു.
എന്നാല്‍ ഇത് പ്രസിദ്ധീകരിക്കില്ലെന്നും തനിക്ക് അറിയാന്‍ വേണ്ടിയാണെന്നും പറഞ്ഞ് വീണ്ടും ചോദിക്കുകയായിരുന്നെന്നും തുടര്‍ന്ന് ഓഫ് ദ റെക്കോര്‍ഡ് എന്ന് പറഞ്ഞുകൊണ്ട് പേഴ്‌സണലായി വിശദീകരിച്ചെന്നും സുധാകരന്‍ പറഞ്ഞു.
ചതിയുടെ ശൈലിയില്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ കുറ്റം എനിക്കല്ല. അത് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.