കൊല്‍ക്കത്ത: മൂന്നാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ചില ഗുജറാത്തികള്‍ ബംഗാള്‍ പിടിച്ചെടുക്കാന്‍ യു.പിയില്‍ നിന്നും ബീഹാറില്‍ നിന്നും ഗുണ്ടകളെ ഇറക്കിയിരിക്കുകയാണെന്ന് മമത പറഞ്ഞു. ബംഗാളിലെ ഹൗറയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മമതയുടെ പരാമര്‍ശം.
‘യു.പിയില്‍ നിന്നും ബീഹാറില്‍ നിന്നും ഗുണ്ടകളെ കൊണ്ടുവന്ന് ഗുജറാത്തികള്‍ ബംഗാള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. ബംഗാളിനെ ഗുജറാത്താക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇവിടെ സാമുദായിക അസ്വസ്ഥത സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്’,
ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ബി.ജെ.പി പ്രചരണം ശക്തമായി മുന്നേറുന്നതിനിടയാണ് രൂക്ഷവിമര്‍ശനവുമായി മമത രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ തുടങ്ങിവര്‍ ബംഗാളില്‍ പ്രചരണത്തിനായെത്തിയിരുന്നു.
വോട്ടെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി നരേന്ദ്രമോദി പശ്ചിമബംഗാളിലെ ഹൂഗ്ളിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തിരുന്നു. ഏപ്രില്‍ ആറിനാണ് ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
ഇതിനിടെ തെരഞ്ഞെടുപ്പ് റാലികള്‍ക്കായി മോദി വി.വി.ഐ.പി ഹെലികോപ്ടറുകള്‍ ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു.
‘പ്രധാനമന്ത്രിയുടെ ഔദ്യോഗിക സുരക്ഷ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് വി.വി.ഐ.പി ഹെലികോപ്ടറുകള്‍. എന്നാല്‍ അവ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ഒട്ടും ശരിയല്ല. എതിര്‍സ്ഥാനാര്‍ത്ഥിയെ കളിയാക്കുന്നതിന് തുല്യമാണിത്, അധീര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക