മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മമത പങ്കെടുക്കുന്നത് അനന്തരവനെ രക്ഷിക്കാന്‍; ബി.ജെ.പി നേതാവ് അര്‍ജുന്‍ സിങ്
India
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മമത പങ്കെടുക്കുന്നത് അനന്തരവനെ രക്ഷിക്കാന്‍; ബി.ജെ.പി നേതാവ് അര്‍ജുന്‍ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2019, 2:07 pm

ന്യൂദല്‍ഹി: മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മമത ബാനര്‍ജി സന്നദ്ധത അറിയിച്ച തന്റെ അനന്തരവനും തൃണമൂല്‍ എം.എല്‍.എയുമായ അഭിഷേക് ബാനര്‍ജിയെ രക്ഷിക്കാനെന്ന് ബി.ജെ.പി എം.പി അര്‍ജുന്‍ സിങ്. അഭിഷേകിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ അമിത് ഷായും നരേന്ദ്ര മോദിയും ഉന്നയിച്ചിരുന്നു.

അവര്‍ അപേക്ഷയുമായി ദല്‍ഹിയില്‍ പോയി അനന്തരവനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. സിങ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. 17ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന തൃണമൂല്‍ നേതാവായ ദിനേഷ് ത്രിവേദിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ച വെച്ചിരുന്നു.

പ്രധാനമന്ത്രി തന്നെ അപകീര്‍ത്തിപ്പടെുത്തിയെന്നാരോപിച്ച് അഭിഷേക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എം.എല്‍.എയായ അഭിഷേക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഷ്ടപ്പെട്ടാണ് ജയിച്ചു കയറിയത്.

ഭരണഘടനാ മര്യാദ അനുസരിച്ചാണ് താന്‍ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് മമത നേരത്തെ പറഞ്ഞിരുന്നു. ‘ചില മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്’- മമത പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നരേന്ദ്ര മോദിയും മമത ബാനര്‍ജിയും നിരവധി തവണ കൊമ്പുകോര്‍ത്തിരുന്നു. പലപ്പോഴും മോദിയേയും ബി.ജെ.പിയേയും മമത രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഫോനി ചുഴലിക്കാറ്റ് സമയത്ത് സ്ഥിതി വിശേഷം അന്വേഷിക്കാന്‍ മോദി ഫോണ്‍ വിളിച്ചിട്ടും മമത മറുപടി നല്‍കിയില്ല എന്നതടക്കമുള്ള വിവാദങ്ങളും തെരഞ്ഞെടുപ്പു കാലത്ത് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ ഞെട്ടിച്ച് 18 സീറ്റുകള്‍ ബംഗാളില്‍ ബി.ജെ.പിക്ക് നേടാനായി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളാണ് ബംഗാളില്‍ നിന്ന് ബി.ജെ.പിക്ക് ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ബംഗാളില്‍ ബി.ജെ.പി ഇത്രയധികം സീറ്റുകള്‍ നേടുന്നത്. ഇതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എം.എല്‍.എമാരും അമ്പതോളം കൗണ്‍സിലര്‍മാരും ബി.ജെ.പിയിലേക്ക് പോയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഒരു എം.എല്‍.എയും ആറ് കൗണ്‍സിലര്‍മാരും മാത്രമാണ് പാര്‍ട്ടി വിട്ട് പോയതെന്ന് തൃണമൂല്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.

30-ന് വൈകീട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ബിംസ്റ്റെക് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരാണ് പങ്കെടുക്കുക.