ഇതാണ് എന്നെ എന്നും പ്ലെയ്‌നില്‍ വന്ന് കണ്ടിട്ട് പോകുന്ന ഇളയ സന്താനം: മല്ലിക സുകുമാരന്‍
Entertainment news
ഇതാണ് എന്നെ എന്നും പ്ലെയ്‌നില്‍ വന്ന് കണ്ടിട്ട് പോകുന്ന ഇളയ സന്താനം: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th March 2023, 6:26 pm

മക്കളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി മല്ലിക സുകുമാരന്‍. മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോ ചൂണ്ടി കാണിച്ച് അവര്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മല്ലിക. തന്നെ എന്നും പ്ലെയ്‌നില്‍ വന്ന് കാണുന്നയാളാണ് തന്റെ ഇളയ സന്താനമെന്നാണ് പൃഥ്വിരാജിന്റെ ഫോട്ടോ കാണിച്ച് തമാശയായി അവര്‍ പറയുന്നത്.

പൃഥ്വിരാജിന്റെ മകള്‍ അലംകൃത ഇന്ദ്രജിത്തിന്റെ മക്കളായ പ്രാര്‍ത്ഥന,നക്ഷത്ര എന്നിവരെ കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്. അലംകൃതക്കൊപ്പം ഫോട്ടോയെടുക്കാന്‍ ചെയ്ത കാര്യത്തെ കുറിച്ചും മല്ലിക സംസാരിച്ചു. ബിഹൈന്‍ഡവുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തെടുത്തത്.

‘ഇതാണ് എന്നെ എന്നും കണ്ടുകൊണ്ടിരിക്കുന്ന ഇളയ സന്താനം. എന്നും വൈകിട്ട് പ്ലെയ്‌നില്‍ കയറിവന്ന് എന്നെ കണ്ടിട്ട് പോകും(ചിരിയോടെ). ആറുമാസമായി ഇപ്പോള്‍ നേരിട്ട് കണ്ടിട്ട്. അമ്മ പറഞ്ഞാല്‍ എന്തായാലും എന്റെ മകന്‍ ഇന്റര്‍വ്യു എല്ലാവര്‍ക്കും കൊടുക്കും. അനുസരണയൊക്കെയുള്ള കുഞ്ഞാണ്.

അല്ലിയുടെ ഒന്നാമത്തെ പിറന്നാളിന് എടുത്ത ഫോട്ടോയാണ് ഇത്. ആ പിറന്നാളിന് എന്റെ ഒരു ആഗ്രഹമായിരുന്നു, ഇവളെ എവിടെയെങ്കിലും അടക്കിയൊന്ന് ഇരുത്തണമെന്ന്. ഒരാളുടെയും മടിയിലിരിക്കില്ല ആരുടെയും കൂടെയും ഇരിക്കില്ല. ഇങ്ങനെ ഓടി നടക്കുന്ന ഒരാളാണ്. അപ്പോള്‍ ആരോ എന്നോട് പറഞ്ഞു, മൊബൈല്‍ കൊടുത്താല്‍ വരുമെന്ന്.

അച്ഛമ്മയുടെ പൊന്നുമോള്‍ ഇങ്ങോട്ട് വന്ന് എനിക്കൊരു ഫോട്ടോ എടുത്ത് തരാന്‍ ഞാന്‍ അല്ലിയോട് പറഞ്ഞു. അപ്പോള്‍ തന്നെ അവള്‍ ഓടി എന്റെ അടുത്ത് വന്നു. എനിക്ക് അവള്‍ ഫോട്ടോ എടുത്ത് തന്നില്ലെങ്കിലും കുറേ നേരം ഫോണില്‍ കുത്തിയിരുന്നു. അതിനിടയില്‍ ഞങ്ങള്‍ ഒരുമിച്ചുള്ള കുറേ ഫോട്ടോ അവര്‍ എടുത്തു.

ഇപ്പോള്‍ ഫോട്ടോയൊക്കെ എടുക്കാറുണ്ട്. പിന്നെ അവളുടെ അധികം ഫോട്ടോസൊന്നും സുപ്രിയ അങ്ങനെ പബ്ലിഷ് ചെയ്യാന്‍ സമ്മതിക്കാറില്ല. പിന്നെ ഇതാണ് എന്റെ പ്രാര്‍ത്ഥന കുട്ടിയും നക്ഷത്രയും. നക്ഷത്ര മാത്രമാണ് എന്നെ കുറിച്ച് ചിന്തിക്കുന്ന കൊച്ചുമകള്‍. അമ്മൂമ്മയെ എന്തൊക്കെയുണ്ട് വിശേഷം, എന്തെങ്കിലും കഴിച്ചോ എന്നൊക്കെ ചോദിക്കും.

എനിക്ക് ഡയബറ്റീസൊക്കെയുണ്ട്. അതുകൊണ്ട് ഷുഗര്‍ അല്‍പം കുറഞ്ഞ് പോയാല്‍ കഴിക്കാന്‍ വേണ്ടി മധുരം എന്തെങ്കിലും ഞാന്‍ ഫ്രിഡ്ജില്‍ വാങ്ങിവെക്കും. നക്ഷത്രയാണെങ്കില്‍ അതൊക്കെ എന്നോട് ചോദിക്കും,’ മല്ലിക സുകുമാരന്‍ പറഞ്ഞു.

content highlight: mallika sukumaran talks about her family