എമ്പുരാൻ വിവാദങ്ങൾക്കിടെ പൃഥ്വിരാജ് ചതിച്ചെന്ന് മോഹൻലാൽ പറഞ്ഞിട്ടില്ലല്ലോ എന്ന് മല്ലിക സുകുമാരൻ. മോഹൻലാലിൻ്റെ ഡേറ്റ് വേണ്ടവരാണോ, അതോ പൃഥ്വിരാജിൻ്റെ വളർച്ച തടയിടണമെന്ന് വിചാരിക്കുന്നവരാണോ ഇതൊക്കെ പറയുന്നത് എന്ന് മനസിലാകുന്നില്ലെന്നും മല്ലിക പറയുന്നു. തൻ്റെ പോസ്റ്റ് കണ്ട് മമ്മൂട്ടി മെസേജ് അയച്ചുവെന്നും സിനിമാസമൂഹം കണ്ട് പഠിക്കേണ്ടത് അതാണെന്നും മല്ലിക പറയുന്നു.
ആശ്വാസ വചനം പറയാൻ ഈ സിനിമാ ഇൻഡസ്ട്രിയിൽ ആരുമുണ്ടായില്ലെന്നും അവിടെ അദ്ദേഹം ജാതിയും മതവും ഒന്നും നോക്കിയില്ലെന്നും മല്ലിക പറയുന്നു. ഞങ്ങളെ ഒരു പ്രസ്ഥാനത്തിൻ്റെയും ഒരു സംഘത്തിൻ്റെയും പേര് പറഞ്ഞ് പേടിപ്പിക്കരുതെന്നും മല്ലിക കൂട്ടിച്ചേർത്തു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു മല്ലിക.
‘പൃഥ്വിരാജ് ചതിച്ചെന്ന് മോഹൻലാൽ പറഞ്ഞിട്ടില്ലല്ലോ. മോഹൻലാലിൻ്റെ ഡേറ്റ് വേണ്ടവരാണോ അതോ പൃഥ്വിരാജിൻ്റെ വളർച്ച തടയിടണമെന്ന് വിചാരിക്കുന്നവരാണോ ഇതൊക്കെ പറയുന്നത് എന്ന് മനസിലാകുന്നില്ല. എനിക്കേറ്റവും വലിയ സന്തോഷം തോന്നിയത് എൻ്റെ പോസ്റ്റ് കണ്ടു എന്ന് പറഞ്ഞ് മാത്രം മലയാളത്തിലെ ഏറ്റവും വലിയ മെഗാസ്റ്റാറിൻ്റെ മെസേജ് വന്നു. വിഷമിക്കേണ്ട എന്ന് പറഞ്ഞ്. സിനിമാസമൂഹം കണ്ട് പഠിക്കേണ്ടത് അതാണ്. വേറെ ആരും അല്ല ശ്രീ മമ്മൂട്ടിയാണ്.
ആ മനുഷ്യൻ ഇങ്ങനെ വിശ്രമവേളയിലും പെരുന്നാളിന് പോലും എനിക്ക് മെസേജ് അയച്ചിരിക്കുകയാണ്. ഒരു ആശ്വാസ വചനം പറയാൻ ഈ സിനിമാ ഇൻഡസ്ട്രിയിൽ ആരുമുണ്ടായില്ല. അത് ഇന്നലെ രാത്രി എനിക്ക് അയച്ച് മമ്മൂട്ടി മാത്രമാണ്. എൻ്റെ മക്കളോട് ഇന്നലെ രാത്രി ഞാൻ പറഞ്ഞു ഒന്നും മറക്കരുതെന്ന്.
അവിടെ അദ്ദേഹം ജാതിയും മതവും ഒന്നും നോക്കിയില്ല. ആവശ്യമില്ലാത്ത ആരോപണം കാണുമ്പോൾ എനിക്ക് പ്രയാസം തോന്നുമായിരിക്കും എന്ന് മനുഷ്യത്വപരമായിട്ട് ചിന്തിക്കാൻ ആ മനുഷ്യന് സാധിച്ചില്ലേ? വേറെ ആരെങ്കിലും വിളിച്ചിട്ടുണ്ടോ? മെസേജ് അയച്ചിട്ടുണ്ടോ? അപ്പോൾ ഞങ്ങളെ ഒരു പ്രസ്ഥാനത്തിൻ്റെയും ഒരു സംഘത്തിൻ്റെയും പേര് പറഞ്ഞ് പേടിപ്പിക്കരുത്,’ മല്ലിക പറഞ്ഞു.
Content Highlight: Mallika Sukumaran Says Mammootty Messaged Her After Seeing Her Post