Malayankunju Review | ജാതിയൊലിച്ചുപോകുന്ന ദുരന്തങ്ങള്‍
Film Review
Malayankunju Review | ജാതിയൊലിച്ചുപോകുന്ന ദുരന്തങ്ങള്‍
അന്ന കീർത്തി ജോർജ്
Saturday, 23rd July 2022, 12:24 pm

എങ്ങനെയാണ് ഈ സീനുകള്‍ മേക്ക് ചെയ്‌തെടുത്തത് എന്ന അത്ഭുതമുണ്ടാക്കുന്ന സിനിമയാണ് മലയന്‍കുഞ്ഞ്. മണ്ണിടിച്ചിലില്‍ നിന്നും രക്ഷപ്പെടാനുള്ള സര്‍വൈവല്‍ ഡ്രാമക്കൊപ്പം ഒരു മനുഷ്യന്റെ ഉള്ളിലുണ്ടാകുന്ന മാറ്റങ്ങളെയും ജാതീയതയുടെ വിവിധ തലങ്ങളെയും കൂടി അടയാളപ്പെടുത്തിയതിന്റെ പേരിലാകും മലയന്‍കുഞ്ഞ് മലയാള സിനിമാ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുക. മികച്ച സംവിധാനവും തിരക്കഥയും ഫഹദിന്റെയടക്കം എല്ലാ അഭിനേതാക്കളുടെയും മികച്ച പെര്‍ഫോമന്‍സുകളും സിനിമ നല്‍കുന്നുണ്ട്.

പ്രൊമോഷന്‍ അഭിമുഖങ്ങളില്‍ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടതുപോലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയിടത്ത് നിന്നും രക്ഷപ്പെടാന്‍ ഫഹദിന്റെ കഥാപാത്രം നടത്തുന്ന ശ്രമങ്ങളുടെ ഭാഗങ്ങള്‍ തിയേറ്ററില്‍ ഗംഭീരമായ എക്സ്പീരിയന്‍സായിരുന്നു. ടെക്നിക്കല്‍ ബ്രില്യന്‍സിനൊപ്പം ഫഹദിന്റെ അഭിനയം, ആ സമയത്ത് സിനിമയില്‍ കടന്നുപോകുന്ന സ്റ്റോറിലൈന്‍, ഇമോഷണല്‍ ത്രെഡ് എന്നിങ്ങനെ പല എലമെന്റുകള്‍ ചേര്‍ന്നാണ് ആ സീനുകള്‍ ഗംഭീരമാക്കിയിരിക്കുന്നത്. മഹേഷ് നാരായണന്റെ ക്യാമറയും സജിമോന്‍ പ്രഭാകറിന്റെ മേക്കിങ്ങും കൂടിച്ചേര്‍ന്ന് ഒരു കിടിലന്‍ വര്‍ക്ക് തരുന്നുണ്ട്. അത് കാണുക എന്നതിനപ്പുറത്തേക്ക് കൂടുതലായി ഒന്നും പറഞ്ഞ് ഫലിപ്പിക്കാനാകില്ല.

സിനിമയുടെ ആദ്യ പകുതിയാണ്, അതായത് മണ്ണിടിച്ചിലിലേക്ക് എത്തുന്നത് വരെയുള്ള ഭാഗങ്ങളാണ് ശരിക്കും മലയന്‍കുഞ്ഞിന്റെ ആത്മാവ്. ജാതീയതയാണ് സിനിമയുടെ പ്രമേയം. മലയന്‍കുഞ്ഞ് എന്ന പേരില്‍ പോലും ജാതിയെ സിനിമ അഡ്രസ് ചെയ്യുന്നുണ്ട്. കേരളത്തില്‍ ജാതി പ്രവര്‍ത്തിക്കുന്നതിന്റെ യഥാര്‍ത്ഥമുഖങ്ങള്‍ സിനിമയില്‍ കാണാം.

ഹോട്ടലില്‍ ഒരേ പാത്രത്തില്‍ നിന്നും കറിയെടുക്കാത്തത് മുതല്‍ ആളുകളെ പണിക്ക് വിളിക്കുന്നതിലും വിവാഹത്തിലും വരെ കടന്നുവരുന്ന ജാതി സിനിമയിലുണ്ട്. മലയാള സിനിമകളില്‍ ജാതി ചര്‍ച്ച ചെയ്യപ്പെടുന്നത് തന്നെ ഏറെ പ്രധാനപ്പെട്ടതാണ്. കേരളത്തില്‍ വളരെ പ്രകടവും അക്രമാസക്തവുമായ രീതിയിലുമല്ലാതെ, എന്നാല്‍ എല്ലാ മേഖലകളിലും അപകടകരമായ വിധത്തില്‍ വ്യാപിച്ചുകിടക്കുന്ന ജാതീയതയെ അതിന്റെ എല്ലാ തീവ്രതയോടും കൂടി നോക്കിക്കാണും വിധമാണ് ഇന്ന് മലയാള സിനിമകള്‍ കടന്നുവരുന്നത്.

അനിക്കുട്ടന്‍ എന്ന ഫഹദ് കഥാപാത്രം ജാതീയമായ ശുദ്ധത കാത്തുസൂക്ഷിക്കാനും തൊട്ടുകൂടായ്മ പാലിക്കാനും നടത്തുന്ന ഓരോ ശീലങ്ങളും എത്രമാത്രം വൃത്തികെട്ടതാണെന്നും അത് അയാളുടെയും മറ്റുള്ളവരുടെയും ജീവിതം എത്രമാത്രം ബുദ്ധിമുട്ടിലാക്കുന്നുവെന്നും സിനിമയിലുണ്ട്. സവര്‍ണമനോഭാവത്തിന്റെ മറ്റു പല പ്രശ്നങ്ങളും സിനിമ എടുത്തു കാണിക്കുന്നുണ്ട്.

പഴയ തലമുറക്കാരെന്ന് പറയുന്നവര്‍ വരെ മാറാന്‍ തയ്യാറായിട്ടും ഇന്നിന്റെ തലമുറയെന്ന് വിളിക്കപ്പെടുന്ന യുവത, ജാതിക്ക് പുറകെയാണെന്നും സിനിമയില്‍ കാണാം. കേന്ദ്ര കഥാപാത്രത്തിന്റെ ക്യാരക്ടറിലൂടെ കടന്നുപോകുന്ന ജാതീയതയുടെ ആ ത്രെഡും അതിന് സംഭവിക്കുന്ന മാറ്റങ്ങളുമാണ് മലയന്‍കുഞ്ഞ്. നിങ്ങളാരാണെന്ന് കുഞ്ഞിന് അറിയില്ലല്ലോ എന്ന് അനിക്കുട്ടനോട് അയല്‍ക്കാരി പറയുന്നതും മലയന്‍മാരുടെ കോളനിയില്‍ നിന്ന് ആരെയെങ്കിലും പണിക്ക് വിളിച്ചിരുന്നെങ്കില്‍ അവന്‍ ഈ ഭക്ഷണം കഴിക്കില്ലായിരുന്നു എന്ന അമ്മയുടെ ഡയലോഗും തുടങ്ങി ജാതി മറയുമില്ലാതെ തുറന്നുകാണിക്കപ്പെടുന്നുണ്ട്.

മാത്രമല്ല, ദളിത് വിഭാഗങ്ങളെ സ്റ്റീരിയോടൈപ്പുകള്‍ക്ക് അപ്പുറത്തേക്ക്, നെഗറ്റീവോ ഡീഗ്രെയ്ഡിങ്ങോ ആയ രീതിയിലില്ലാതെ, കൂടുതല്‍ മനുഷ്യത്വമുള്ള, വിവേകമുള്ള മെച്ചപ്പെട്ട മനുഷ്യരായി കൂടി മലയന്‍കുഞ്ഞ് കാണിക്കുന്നുണ്ട്.

എന്നാല്‍ ചിലയിടത്ത് ജാതീതയെ സിനിമ പ്ലേസ് ചെയ്തിരിക്കുന്നതിനോട് വിയോജിപ്പുകളുമുണ്ട്. അതായത് അനിക്കുട്ടന്റെ ജീവിതത്തില്‍ സംഭവിക്കുന്ന വ്യക്തിപരമായ നഷ്ടങ്ങളുടെയും വേദനകളുടെയും പരിണിതഫലമായി അയാള്‍ മെന്റല്‍ ട്രോമയിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്നുമുള്ള ഒരു നരേറ്റീവ് കൂടി സിനിമയിലുണ്ട്. അത് ജാതീയത പുലര്‍ത്തുന്നവരെ കുറച്ചൊക്കെ ന്യായീകരിക്കുകയാണ്.

അനിക്കുട്ടന് സവര്‍ണ വിഭാഗത്തില്‍ പെട്ട ഒരാളോടുള്ള വിരോധമായിരുന്നെങ്കില്‍ ഒരു കമ്മ്യൂണിറ്റിയോട് മുഴുവനായി അത് വെച്ചു പുലര്‍ത്തില്ലായിരുന്നല്ലോ എന്നും കുടുംബത്തിലെ ഒരാള്‍ ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയെ വിവാഹം കഴിച്ചതല്ലേ അയാള്‍ക്ക് വലിയ ദേഷ്യം വരുത്തുന്നതെന്നും, അതുകൊണ്ട് ഇത് അയാളുടെ ഉള്ളിലെ ജാതീയതയെയാണ് കാണിക്കുന്നതെന്ന് വേണമെങ്കില്‍ കുറെ ആലോചിച്ച് പറയാം. പക്ഷെ അങ്ങനെയാണോ സിനിമ ഉദ്ദേശിച്ചത് എന്നതില്‍ സംശയമുണ്ട്.

കുടുംബക്കാരുടെ താല്‍പര്യത്തിനല്ലാതെ തനിക്ക് ഇഷ്ടപ്പെട്ട ഒരാളോടൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്ന, ആരോടും പറയാതെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികളെ സിനിമ പ്ലേസ് ചെയ്തിരിക്കുന്നിടത്തും ചില പ്രശ്നങ്ങള്‍ തോന്നി. അതിന് പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടില്‍ സംഭവിക്കുന്ന ദുരന്തങ്ങളില്‍ ഫോക്കസ് ചെയ്ത് കാണിക്കുമ്പോള്‍, ആ പെണ്‍കുട്ടി ചെയ്തത് വലിയ തെറ്റായിപ്പോയി എന്നൊരു ഫീല്‍ സിനിമ കുറച്ച് സ്ഥലത്ത് തരുന്നുണ്ട്. പക്ഷെ ആ പെണ്‍കുട്ടിയുടെ അമ്മ മകളെ മനസിലാക്കുന്നതും അത്തരം സംഭാഷണങ്ങളും സിനിമയിലുണ്ട്. വളരെ പിന്തിരിപ്പനായ രീതിയിലാണ് സിനിമ വിഷയങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് എന്ന അര്‍ത്ഥം ഇപ്പറഞ്ഞ വിമര്‍ശനങ്ങള്‍ക്കില്ല. സിനിമയെ കുറിച്ചുള്ള ചില കാഴ്ചപ്പാടുകള്‍ മാത്രം.

മഹേഷ് നാരായണന്റെ തിരക്കഥയും സജിമോന്‍ പ്രഭാകറിന്റെ സംവിധാനവുമാണ് മലയന്‍കുഞ്ഞിനെ ഗംഭീരമാക്കുന്നത്. സിനിമയില്‍ കാണിക്കുന്ന പ്രദേശത്തുള്ളവരുടെ ജീവിതവും ജീവിതരീതികളുമെല്ലാം കൃത്യമായി നിരീക്ഷിച്ച് ഒപ്പം കേരളത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ വിഷയങ്ങളെ വിശദമായി പഠിച്ചാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. നല്ല ഒഴുക്കോടുകൂടിയാണ് ചിത്രം നീങ്ങുന്നത്. ആദ്യ സംവിധാനത്തില്‍ ഓരോ അഭിനേതാക്കളുടെയും നല്ല പെര്‍ഫോമന്‍സ് കൊണ്ടുവരാനും സീനുകള്‍ ഏറ്റവും ഭംഗിയായി മേക്ക് ചെയ്തെടുക്കാനും സജിമോന് കഴിഞ്ഞിട്ടുണ്ട്.

ഫഹദ് ഫാസിലിന്റെ അനിക്കുട്ടന്‍ മികച്ച ക്യാരക്ടര്‍ ഡിവലപ്മെന്റുള്ള കഥാപാത്രമാണ്. നഷ്ടബോധവും സങ്കടവുമെല്ലാം സൃഷ്ടിക്കുന്ന ഇറിറ്റേഷനും അതിനൊപ്പം ജാതീയബോധവുമെല്ലാം പല ലെയറുകളിലായി വരുന്ന ഒരു ക്യാരക്ടര്‍. അനിക്കുട്ടനെ ഫഹദ് ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ സീനില്‍, ആ ക്യാരക്ടറിനുണ്ടാകുന്ന മാറ്റങ്ങളും പേടിയും ജീവിക്കാനുള്ള ആഗ്രഹവും ശാരീരികവേദനയും അങ്ങനെ പല പല കാര്യങ്ങളെ ഫഹദ് കാണിച്ചുതരുന്നുണ്ട്. അത്രയും സമയം ഒറ്റയ്ക്ക് സ്‌ക്രീനില്‍ അദ്ദേഹം നടത്തുന്ന പെര്‍ഫോമന്‍സ് മികച്ച സിനിമാനുഭവമാണ്.

അനിക്കുട്ടന്റെ അമ്മയായ ശാന്തയായി വേഷമിട്ട ജയ കുറുപ്പ് അസാധ്യ പെര്‍ഫോമന്‍സാണ് നല്‍കിയിരിക്കുന്നത്. ഒറ്റ സീനില്‍ മാത്രമേയുള്ളുവെങ്കില്‍ പോലും ഷോ സ്റ്റീലറായി മാറുന്ന പ്രകടനം നടത്തുന്ന ജാഫര്‍ ഇടുക്കി ഈ ചിത്രത്തിലും പതിവ് തെറ്റിച്ചിട്ടില്ല. ഇന്ദ്രന്‍സ്, നില്‍ജ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. രജിഷ വിജയനും അര്‍ജുന്‍ അശോകനും ഇര്‍ഷാദിനുമൊക്കെ വളരെ കുറഞ്ഞ സീനുകള്‍ മാത്രമാണുള്ളത്.

ഇനി പറയാന്‍ പോകുന്നത് ഒരു അണ്‍പോപ്പുലര്‍ ഒപ്പീനയനായിരിക്കാം. അത് എ.ആര്‍. റഹ്മാന്റെ മ്യൂസികിനെ കുറിച്ചാണ്. മണ്ണിടിച്ചില്‍ സീനില്‍ പെട്ടുകിടക്കുന്നതിന്റെയും അവിടെ നിന്ന് രക്ഷപ്പെടാന്‍ നോക്കുന്നതിന്റെയും കുട്ടിയുടെ കരച്ചിലിന്റെയുമൊക്കെ ഫീലിങ്ങ്സ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും ആ സീനിന്റെ ആസ്വാദന നിലവാരം ഉയര്‍ത്തുന്നതിലും റഹ്മാന്റെ മ്യൂസിക് മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും, മറ്റു പല ഭാഗങ്ങളിലും ബി.ജി.എം അനാവശ്യമായിരുന്നു എന്ന് തോന്നിയിരുന്നു. സീനുകളിലെ സ്വാഭാവിക തീവ്രതയെയും വികാരങ്ങളെയും അല്‍പം നാടകീയമാക്കുന്നതായിരുന്നു ചില സ്‌കോറുകള്‍. തീര്‍ച്ചയായും ഇതേപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരുണ്ടാകാം.

മലയന്‍കുഞ്ഞിനെ കുറിച്ച് പറയാന്‍ മറ്റൊരു കാര്യം കൂടിയുണ്ട്, അത് പ്ലോട്ടിനെ കുറിച്ചുള്ള ഇത്രയധികം വിവരങ്ങളും ബിഹൈന്‍ഡ് ദ ഷൂട്ട് വീഡിയോയുമൊന്നും റിലീസിന് മുന്‍പേ പുറത്തുവിടേണ്ടായിരുന്നു എന്നാണ്. സിനിമയുടെ ആദ്യ ഭാഗങ്ങളില്‍ വളരെ സാധാരണരീതിയില്‍ കടന്നുവരുന്ന ടോര്‍ച്ചും മഴയും കുഞ്ഞും തുടങ്ങി പല ഡയലോഗുകളും പോലും അവസാനം ഏത് രീതിയിലാകും കണക്ടാവുക എന്ന് ആദ്യമേ മനസിലായിരുന്നു. ഇത് കഥക്ക് മുന്‍പേ പ്രേക്ഷകര്‍ സഞ്ചരിച്ചു പോകുന്ന അവസ്ഥയുണ്ടാക്കിയിരുന്നു. ഇത് മാത്രമാണ് സിനിമയുടെ ആസ്വാദനത്തിന്റെ സ്വാഭാവിക രസച്ചരടിനെ കാര്യമായി ബാധിച്ചത്.

ഇത് ഒഴിച്ച് നിര്‍ത്തിയാല്‍, വളരെ ആഴമുള്ള പ്ലോട്ടും കഥാപാത്രങ്ങളും അതിനൊപ്പം ടെക്നിക്കല്‍ ബ്രില്യന്‍സും പരീക്ഷണവുമെല്ലാമുള്ള സിനിമയാണിത്. റിലീസിന് മുന്‍പ് ഏറ്റവും ഹൈപ്പ് കിട്ടിയതും ഷൂട്ട് ചെയ്യാന്‍ ഏറ്റവും കഷ്ടപ്പെട്ടതും റിലീസിന് ശേഷം ഏറ്റവും ചര്‍ച്ചയാകുന്നതും മണ്ണിടിച്ചില്‍ സീനിനായിരിക്കുമെങ്കിലും, ഈ സീനുകള്‍ കാണിക്കാന്‍ വേണ്ടി മാത്രമെടുത്ത സിനിമയല്ല മലയന്‍കുഞ്ഞ്.

Content Highlight: Malayankunju Movie Review | Mahesh Narayanan | Fahadh Faasil | A R Rahman

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.