'പറയാന്‍ രാഷ്ട്രീയമില്ലെങ്കില്‍ മതത്തെ കൂട്ടിക്കൊടുക്കുകയല്ല വേണ്ടത്; നിന്റെ മകനോ പിതാവോ രക്തസാക്ഷിയാണോ, എന്താ അവര്‍ക്കൊന്നും സ്വര്‍ഗം വേണ്ടേ'
Movie Day
'പറയാന്‍ രാഷ്ട്രീയമില്ലെങ്കില്‍ മതത്തെ കൂട്ടിക്കൊടുക്കുകയല്ല വേണ്ടത്; നിന്റെ മകനോ പിതാവോ രക്തസാക്ഷിയാണോ, എന്താ അവര്‍ക്കൊന്നും സ്വര്‍ഗം വേണ്ടേ'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th July 2024, 5:33 pm

അത്ര ലളിതമല്ലാത്ത ഒരു പ്രമേയത്തെ, നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചിരിക്കുകയാണ് മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയിലൂടെ ഡിജോ ജോസ് ആന്റണി.

കേരളത്തിലും ഇന്ത്യയിലും നടക്കുന്ന ഗുരുതരമായ ചില രാഷ്ട്രീയ പ്രശ്‌നങ്ങളെയാണ് ചിത്രം അഡ്രസ് ചെയ്യുന്നത്. മതത്തെ എങ്ങനെ രാഷ്ട്രീയ നേട്ടത്തിനായി നേതാക്കള്‍ ഉപയോഗിക്കുന്നു എന്ന് സിനിമ കാണിക്കുന്നുണ്ട്.

തീവ്ര ഹിന്ദുത്വ അജണ്ടകളേയും അതുപോലെ തന്നെ മുസ്‌ലീം വര്‍ഗീയ വാദികളുടെ രാഷ്ട്രീയത്തെയും സിനിമ ചോദ്യം ചെയ്യുന്നുണ്ട്. നേതാക്കളുടെ വാക്ക് കേട്ട് പരസ്പരം കൊല്ലാനും ചാവാനും തയ്യാറാകുന്ന അണികള്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ചിത്രം.

തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് മലയാളി ഫ്രം ഇന്ത്യയുടെ കഥ പറയുന്നത്. തെരഞ്ഞെടുപ്പില്‍ നമ്മള്‍ മത്സരിക്കുന്നത് ജയിക്കാനല്ലെന്നും മറിച്ച് സമുദായത്തിന്റെ വോട്ട് പിടിക്കാനാണെന്നും അത് നമുക്ക് വേണമെന്നുമാണ് ഇന്ത്യന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് പാര്‍ട്ടിയുടെ ഒരു നേതാവ് പറയുന്നത്. എസ്.ഡി.പി.ഐ എന്ന് തോന്നിക്കുന്ന രൂപത്തിലാണ് ഐ.ഡി.ആര്‍.പിയെന്ന പാര്‍ട്ടിയെ ചിത്രത്തില്‍ കാണിക്കുന്നത്.

‘നമ്മള്‍ ഈ ഇലക്ഷനില്‍ മത്സരിക്കുന്നത് ജയിക്കാനാണോ, അല്ല ജയിക്കാനേ അല്ല. നമ്മുടെ സമുദായത്തിന്റെ വോട്ട് അത് നമുക്ക് വേണം. ഈ പാര്‍ട്ടിക്ക് വേണ്ടി പോരാടുന്നതും മതത്തിന് വേണ്ടി പോരാടുന്നതും ഒന്നാണെന്ന തോന്നല്‍ അവര്‍ക്കുണ്ടാകണം., ഉണ്ടാക്കണം,’ എന്നാണ് നേതാവ് സ്വന്തം അണികളോട് പറയുന്നത്.

ഇതേ സമയം തന്നെ അപ്പുറത്ത് തീവ്ര ഹിന്ദുത്വ പാര്‍ട്ടിയായ ആര്‍.ജെ.എസ്.പിയുടെ രാഷ്ട്രീയ യോഗത്തില്‍ അവര്‍ മുന്നോട്ടു വെക്കുന്നതും സമാനമായ അജണ്ട തന്നെയാണ്.

ചെറിയ കുട്ടികള്‍ക്ക് ഭൂതത്തിന്റെ കഥ പറഞ്ഞ് ചോറുകൊടുക്കുന്നത് കണ്ടിട്ടില്ലേയെന്നും അവന്‍ അനുസരിക്കുന്നത് ഭൂതത്തെ കണ്ടിട്ടല്ല, മറിച്ച് ഭയം കൊണ്ടാണെന്നും ഭയം ആ കുട്ടിയെ കൊണ്ട് അനുസരിപ്പിക്കുന്നതുപോലെ വിശ്വാസികളെ ഭയംകൊണ്ട് നമ്മള്‍ അനുസരിപ്പിക്കണമെന്നുമാണ് ആ പാര്‍ട്ടിയുടെ നേതാവ് അണികളോട് പറയുന്നത്.

ആ അനുസരണയുടെ അങ്ങേയറ്റത്ത് അടിമത്തമാണ്. കൊല്ലാന്‍ പറഞ്ഞാല്‍ കൊല്ലുന്ന, ചാവാന്‍ പറഞ്ഞാല്‍ ചാവുന്ന അടിമത്തം, എന്നാണ് നേതാവ് പ്രവര്‍ത്തകരോട് പറയുന്നത്. ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും പോര്‍ട്രെയ്റ്റ് ചെയ്യാനാണ് സംവിധായകന്‍ ശ്രമിച്ചത്.

ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തിലെ പാക്കിസ്ഥാന്റെ വിജയം പടക്കംപൊട്ടിച്ച് ആഘോഷിച്ചെന്ന് ആരോപിച്ച് അയല്‍വാസിയായ യുവാവിനും കുടുംബത്തിനും നേരെ തീവ്ര ഹിന്ദുത്വവാദികളായ മല്‍ഘോഷും ഗോപിയും പെട്രോള്‍ ബോംബ് എറിയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷത്തിലൂടെയാണ് സിനിമ ഒരു പ്രധാന വഴിത്തിരിവിലെത്തുന്നത്.

ഇരുപക്ഷത്തേയും വിളിച്ചുചേര്‍ത്ത് സമാധാനശ്രമത്തിന് പൊലീസും ഭരണകൂടവും ശ്രമിക്കുമ്പോഴും അണികളില്‍ വിഷംകുത്തിവെച്ച് അവരെ കലാപത്തിലേക്ക് ബോധപൂര്‍വം തള്ളിയിടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കളേയാണ് തുടര്‍ന്ന് സിനിമ കാണിക്കുന്നത്.

ഇതാണ് നമ്മുടെ സുവര്‍ണാവസരം എന്ന് പറയുന്ന വലത് -സംഘ നേതാക്കള്‍ തങ്ങളുടെ പ്രവര്‍ത്തകന്‍ പിടിക്കപ്പെട്ടെന്നായപ്പോള്‍ ആക്രമണം നടത്തിയ ആല്‍പ്പറമ്പില്‍ ഗോപിയേയും മല്‍ഘോഷിനേയും തള്ളിപ്പറയുന്നുണ്ട്.

കൂലിക്ക് പോസ്റ്റര്‍ ഒട്ടിച്ച് നടക്കുന്നവര്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ലെന്നാണ് നേതാവ് പറയുന്നത്. ജനജീവിതം സ്തംഭിപ്പിക്കണമെന്നും നാട് കത്തണമെന്നും ഇതേ നേതാക്കള്‍ അണികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. കയ്യും വെട്ടും കാലുംവെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടും എന്ന് പറഞ്ഞാണ് ആര്‍.ജെ.എസ്.പി മുദ്രാവാക്യം വിളിച്ച് തെരുവിലൂടെ നടക്കുന്നത്.

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ ഒരു കുട്ടി വിളിച്ച ‘അരിയും മലരും കുന്തിരക്കവും’ എന്ന മുദ്രാവാക്യത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മണ്ണൊരുക്കി ചിതയൊരുക്കി കാത്ത് കാത്ത് വെച്ചോളൂ എന്ന് ഒരു കുട്ടി മുദ്രാവാക്യം വിളിക്കുന്ന ഒരു രംഗവും സിനിമയില്‍ കാണാം.

മറുപക്ഷത്താവട്ടെ രാഷ്ട്രീയം വേണമെങ്കില്‍ രാഷ്ട്രീയം, മതം വേണമെങ്കില്‍ മതം പറഞ്ഞ് നാട് കത്തിക്കണമെന്നാണ് മുസ്‌ലിം വര്‍ഗീയ വാദികള്‍ പറയുന്നത്.

ഈ വിരട്ടലുകൊണ്ടൊന്നും ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ട, കാരണം ഞങ്ങള്‍ ശപഥം ചെയ്തിരിക്കുന്നത് ദൈവത്തിന്റെ മുന്‍പിലാണ്. ഒന്നുകില്‍ നമ്മുടെ രാഷ്ട്രീയം വിജയിക്കും, അല്ലെങ്കില്‍ രക്തസാക്ഷിത്വം പുലരും. ഈ പോരാട്ടത്തിലേക്ക് നിങ്ങളുടെ സഹോദരന്മാരേയും പിതാക്കന്‍മാരേയും മക്കളേയും ഇറക്കുക. സ്വര്‍ഗത്തിന്റെ കവാടത്തിലേക്ക്, രക്തസാക്ഷിത്വത്തിലേക്ക് അവരെ കൈ പിടിച്ച് ഉയര്‍ത്തുക എന്ന് നേതാവ് പറയുമ്പോള്‍ പള്ളിയുടെ മുക്രിയുടെ ഒരൊറ്റ ചോദ്യത്തില്‍ നേതാവ് ഉത്തരംമുട്ടുന്നുണ്ട്.

നിന്റെ മകന്‍ രക്തസാക്ഷിയാണോ എന്നായിരുന്നു പള്ളിയിലെ മുക്രിയുടെ ചോദ്യം. നിന്റെ പിതാവ് രക്തസാക്ഷിയാണോ എന്തേ അവര്‍ക്കൊന്നും ഈ സ്വര്‍ഗം വേണ്ടേ, ഈ പറയുന്ന നിനക്ക് വേണ്ടേ, ഈ സ്വര്‍ഗം. പറയാന്‍ രാഷ്ട്രീയമില്ലെങ്കില്‍ മതത്തെ കൂട്ടിക്കൊടുക്കയകയല്ല വേണ്ടതെന്നും സലിം കുമാര്‍ അവതരിപ്പിച്ച മുക്രിയുടെ കഥാപാത്രം പറയുന്നു.

എന്ത് ഊളത്തരം കേട്ടുകൊണ്ട് നില്‍ക്കുകയാണെന്ന് ചോദിച്ച് പരിപാടിയില്‍ നിന്നും ആളുകളോട് പിരിഞ്ഞുപോകാന്‍ പറയുകയാണ് സലിം കുമാറിന്റെ കഥാപാത്രം. മതത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്ന, മതത്തിന്റെ പേരില്‍ നാടിനെ കലാപത്തിലേക്ക് തള്ളിവിടുന്ന രാഷ്ട്രീയ പാര്‍ട്ടികളെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ തുറന്നുകാണിക്കുകയാണ് മലയാളി ഫ്രം ഇന്ത്യയിലൂടെ സംവിധായന്‍ ഡിജോ ജോസ് ആന്റണി.

 

Content Highlight: Politics of Malayali From India Movie