സംഭാൽ: സംഭാൽ പള്ളി സർവ്വേയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ അറസ്റ്റിലായ ഷാഹി ജുമാമസ്ജിദ് പ്രസിഡൻ്റിന് ഇടക്കാല ജാമ്യം നിഷേധിച്ച് കോടതി. അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് മാർച്ച് 23 മുതൽ ജയിലിൽ കഴിയുന്ന സംഭാൽ ജുമാ മസ്ജിദ് പ്രസിഡന്റ് സഫർ അലിയുടെ ഇടക്കാല ജാമ്യാപേക്ഷ വ്യാഴാഴ്ച സംഭാലിലെ ഒരു പ്രാദേശിക കോടതി തള്ളുകയായിരുന്നു.
അഡീഷണൽ ജില്ലാ ജഡ്ജി നിർഭയ് നാരായൺ റായിയുടേതാണ് വിധി. ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്തുന്നതിനിടെ 700-800 പേരടങ്ങുന്ന ഒരു ജനക്കൂട്ടം തടിച്ചുകൂടി സർവേ തടസപ്പെടുത്താൻ ശ്രമിച്ചു എന്ന് എതിർ വക്കീൽ വാദിച്ചു. എന്നാൽ എഫ്.ഐ.ആറിൽ സഫർ അലിക്ക് സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പറയുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആസിഫ് അക്തർ പറഞ്ഞു.
2024 നവംബർ 25ന് ഒരു പത്രസമ്മേളനം നടത്തി, സംഭവം ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ വിമർശിച്ചു എന്നതാണ് സഫർ അലിക്കെതിരെയുള്ള ഏക കുറ്റം. ഒരു പത്രസമ്മേളനത്തിൽ പ്രസ്താവനകൾ നടത്തുന്നത് തെറ്റായ തെളിവുകൾ കെട്ടിച്ചമയ്ക്കുന്നതിന് തുല്യമല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ സഫർ അലിയുടെ പ്രസ്താവന മാറ്റാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ വക്കീൽ പറഞ്ഞു.
ജനക്കൂട്ടത്തെ സംഘടിപ്പിക്കൽ, അക്രമത്തിന് പ്രേരിപ്പിക്കൽ, പൊതു സ്വത്തിന് കേടുപാടുകൾ വരുത്തൽ, തെറ്റായ വസ്തുതകൾ കെട്ടിച്ചമയ്ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വാദങ്ങളുടെ അടിസ്ഥാനത്തിൽ, കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം നിഷേധിക്കുകയും ഏപ്രിൽ രണ്ടിന് പതിവ് ജാമ്യാപേക്ഷ പരിഗണിക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
മുഗൾ കാലഘട്ടത്തിലെ പള്ളിയിൽ സർവേ നടത്താനുള്ള കോടതി ഉത്തരവിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ മാർച്ച് 23 നായിരുന്നു അദ്ദേഹം അറസ്റ്റിലായത്. അതേ ദിവസം തന്നെ, ചന്ദൗസിയിലെ ഒരു കോടതി അലിയുടെ ജാമ്യാപേക്ഷ നിരസിക്കുകയും മൊറാദാബാദ് ജയിലിലേക്ക് രണ്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി അയയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം സഫർ അലിയുടെ അറസ്റ്റിനെത്തുടർന്ന്, ജില്ലാ ബാർ അസോസിയേഷൻ, സിവിൽ കോടതി ബാർ അസോസിയേഷൻ, ടാക്സ് ബാർ അസോസിയേഷൻ, തഹസിൽ ബാർ അസോസിയേഷൻ എന്നിവയുൾപ്പെടെ നിരവധി നിയമ സംഘടനകൾ കോടതി പരിസരത്ത് ഒരു യോഗം വിളിച്ചുചേർക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
സഫർ അലിയുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ ജയിലിൽ കാണാൻ അനുവദിച്ചിട്ടില്ലെന്നും അഭിഭാഷകൻ അബ്ദുൾ റഹ്മാൻ ആരോപിച്ചു. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് അവർ ആരോപിച്ചു. ന്യായമായ അന്വേഷണം നടത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലയിൽ നിന്ന് മാറ്റണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു.
മുഗൾ കാലഘട്ടത്തിലെ ഷാഹി ജുമാ മസ്ജിദ് ഒരു പുരാതന ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് നിൽക്കുന്നതെന്ന് അവകാശപ്പെട്ട് ഒരു ഹരജി വരികയും, 2024 നവംബർ 24 ന്, കോടതി പള്ളിയിൽ സർവേ നടത്താൻ അനുമതിനൽകുകയും ചെയ്തതോടെയാണ് പ്രതിഷേധം ഉണ്ടായത്. സംഭവത്തെ തുടർന്ന് സംഭാലിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. മസ്ജിദിൽ നടത്തിയ സർവേയ്ക്കിടെ നാട്ടുകാർ പൊലീസുമായി ഏറ്റുമുട്ടി. ഇതിൽ ആറ് പേർ കൊല്ലപ്പെടുകയും 29 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Content Highlight: Sambhal violence: Court denies interim bail to Shahi Jama Masjid president