പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ കഴിഞ്ഞ ദിവസമിറങ്ങിയ സിനിമയായിരുന്നു എമ്പുരാന്‍. എന്നാല്‍ ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായി എത്തിയ എമ്പുരാന്‍ ആദ്യ ഷോയ്ക്ക് പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണമാണ് നേരിട്ടത്.
കുറേ കാലങ്ങളായി സംഘപരിവാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരേറ്റീവില്‍ നിന്ന് വ്യത്യസ്തമായി ഗുജറാത്ത് കലാപത്തെ കുറിച്ച് യഥാര്‍ത്ഥ വസ്തുതകളായിരുന്നു എമ്പുരാന്‍ പറഞ്ഞത്.
ഒപ്പം ഗുജറാത്ത് കലാപത്തിന് കാരണക്കാര്‍ ആയവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന ഡയലോഗും സിനിമയില്‍ ഉണ്ടായിരുന്നു. ഇതൊക്കെയായിരുന്നു ചില തീവ്രവലതുപക്ഷക്കാരെ ചൊടിപ്പിച്ചത്. പിന്നാലെ സിനിമയെ സപ്പോര്‍ട്ട് ചെയ്ത് കൊണ്ടും അല്ലാതെയും നിരവധി പേര്‍ മുന്നോട്ട് വന്നിരുന്നു.
ഇപ്പോള്‍ എമ്പുരാന്റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരനെ കുറിച്ചുള്ള കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. തന്റെ നേരെയുള്ള പരിഹാസങ്ങള്‍ക്ക് ചെവികൊടുക്കാതെ തന്റെ വിഷനെ സിസ്റ്റമാറ്റിക്കായി സമീപിക്കുകയും കരിയര്‍ ഗ്രോത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത പൃഥ്വിരാജ് എന്ന നടന്‍ സത്യത്തില്‍ ഒരു ടെക്സ്റ്റ് ബുക്കാണെന്നാണ് ഈ കുറിപ്പില്‍ പറയുന്നത്.
രാഷ്ട്രീയം, തൊഴില്‍, ജീവിതം തുടങ്ങി ഒരോ വിഷയത്തിലും അയാളുടെ കാഴ്ചപാട് പുരോഗമനമാണെന്നും ഒരുപാട് വര്‍ഷങ്ങള്‍ മുമ്പിലേക്കാണെന്നും പറയുന്നു. ജംഷിദ് പള്ളിപ്രത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് പൃഥ്വിരാജിനെ കുറിച്ച് പറയുന്നത്.
കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ പൃഥ്വി തന്റെ നിലപാട് പറഞ്ഞിട്ടുണ്ടെന്നും ആ നിലപാട് പറഞ്ഞതിന്റെ പേരില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വീട്ടില്‍ റെയ്ഡ് നടത്തുമ്പോഴും ആ വാര്‍ത്ത സംഘപരിവാര്‍ പ്രൊഫൈലുകള്‍ ആഘോഷമാക്കുമ്പോഴും കൂളായി നിന്ന് അയാള്‍ക്ക് കോഫി കുടിക്കാന്‍ സാധിക്കുന്നതാണ് കോണ്‍ഫിഡന്‍സെന്നും ജംഷിദ് പള്ളിപ്രം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പൃഥ്വിരാജ് തന്റെ ഒരു അഭിമുഖത്തില്‍ ‘എനിക്ക് വളരെയേറെ താത്പര്യം തോന്നുന്ന പ്രമേയങ്ങള്‍ മാത്രം സിനിമ രൂപത്തിലേക്ക് എത്തിക്കുന്ന സംവിധായകനാവണം’ എന്ന് പറഞ്ഞിരുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. എമ്പുരാനിലെ രാഷ്ട്രീയവും ആ രാഷ്ട്രീയം സംഘപരിവാര്‍ ഹാന്‍ഡിലുകളെ അസ്വസ്ഥമാക്കുകയും ചെയ്തത് അസ്വാഭാവികമാവില്ലെന്നും പതിനാറ് വര്‍ഷം മുമ്പ് അയാള്‍ പറഞ്ഞുവെച്ചതാണെന്നും കുറിപ്പില്‍ ജംഷിദ് പള്ളിപ്രം പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം:
ഫെഫ്ക്കയും താര സംഘടനയായ അമ്മയും മലയാള സിനിമയില്‍ നിന്ന് സംവിധായകന്‍ വിനയനെ വിലക്കുന്നു. വിനയന്റെ സിനിമയില്‍ അഭിനയിക്കുന്നവര്‍ക്കും വിലക്ക് ലഭിക്കും. ഭീഷണി വകവെക്കാതെ വിനയന്റെ സിനിമയില്‍ പൃഥ്വിരാജ് എന്ന പയ്യന്‍ നായകനായി അഭിനയിക്കുന്നു.
മലയാള സിനിമ പൃഥ്വിരാജിന് വിലക്കേര്‍പ്പെത്തുമ്പോള്‍ അയാളുടെ പ്രായം ഇരുപത്തിയൊന്ന് വയസാണ്. കരിയറിന്റെ തുടക്കത്തിലെ വിലക്കും തുടര്‍ന്നങ്ങോട്ടുള്ള കാലം പൃഥ്വിരാജ് എന്ന നടന്‍ നേരിട്ട സ്ട്രഗിളുകളും സമാനതകളില്ലാത്തതാണ്.
പൊതുസമൂഹത്തിന് മുന്നില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞതിന് താന്തോന്നി എന്ന് വിളികേട്ടയാള്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇംഗ്ലീഷ് സംസാരിച്ചതിന് അഹങ്കാരി എന്ന വിളികേട്ട മനുഷ്യന്‍.
രാജപ്പന്‍ എന്ന പേരില്‍ പരിഹാസവും അധിക്ഷേപങ്ങളും ഒരുകാലം ട്രെന്‍ഡായി നിന്നപ്പോഴും അത്തരം പരിഹാസങ്ങള്‍ക്ക് ചെവികൊടുക്കാതെ തന്റെ വിഷനെ സിസ്റ്റമാറ്റിക്കായി സമീപിക്കുകയും കരിയര്‍ ഗ്രോത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത പൃഥ്വിരാജ് എന്ന നടന്‍ സത്യത്തില്‍ ഒരു ടെക്സ്റ്റ് ബുക്കാണ്.
പതിനഞ്ച് വര്‍ഷം മുമ്പ് പൃഥ്വിരാജ് നല്‍കിയ ഇന്റര്‍വ്യൂ ഇന്ന് കേള്‍ക്കുമ്പോഴും ഇനിയൊരു പത്ത് വര്‍ഷം കഴിഞ്ഞ് കേള്‍ക്കുമ്പോഴും ആ ഇന്റര്‍വ്യൂവിന് ഉണ്ടാവുന്ന ഫ്രഷ്‌നെസ് തന്നെയാണ് അയാളുടെ ക്വാളിറ്റി.
രാഷ്ട്രീയം, തൊഴില്‍, ജീവിതം തുടങ്ങി ഒരോ വിഷയത്തിലും അയാളുടെ കാഴ്ചപാട് പുരോഗമനമാണ്. ഒരുപാട് വര്‍ഷങ്ങള്‍ മുമ്പിലേക്കാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പൃഥ്വിരാജിനെ കുറിച്ചുള്ള ചിത്രം പറയാമോ എന്ന ചോദ്യത്തിന് അയാള്‍ നല്‍കിയ മറുപടി തന്നെ ഉദാഹരണമാണ്.
‘ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ മൂന്ന് ഭാഷകളില്‍ എങ്കിലും മുന്‍നിരയില്‍ അറിയപ്പെടുന്ന മലയാളി നടനാവണം ഞാന്‍. ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറം നല്ല സിനിമകള്‍ നിര്‍മിക്കുകയും കൊമേഷ്യല്‍ സിനിമകള്‍ പ്രേക്ഷരില്‍ എത്തിക്കുകയും ചെയ്യുന്ന ഒരു പ്രൊഡക്ഷന്‍ ഹൗസ് ഉടമയാവണം ഞാന്‍. എനിക്ക് വളരെയേറെ താത്പര്യം തോന്നുന്ന പ്രമേയങ്ങള്‍ മാത്രം സിനിമ രൂപത്തിലേക്ക് എത്തിക്കുന്ന സംവിധായകനാവണം ഞാന്‍’.
ഈ ആഗ്രഹങ്ങള്‍ പറയുമ്പോള്‍ പൃഥ്വിരാജിന്റെ പ്രായം വെറും ഇരുപത്തിയാറ് വയസ് മാത്രമാണ്. അന്നയാള്‍ പറഞ്ഞത് മുഴുവന്‍ ഇന്ന് അച്ചീവ് ചെയ്തു നില്‍ക്കുന്നത് അയാളുടെ ഹാര്‍ഡ് വര്‍ക്ക് കൊണ്ടും വില്‍പവര്‍ കൊണ്ടും നേടിയെടുത്തതാണ്.
കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ തന്റെ നിലപാട് പറയുന്നു. നിലപാട് പറഞ്ഞതിന്റെ പേരില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വീട്ടില്‍ റെയ്ഡ് നടത്തുമ്പോഴും ആ വാര്‍ത്ത സംഘപരിവാര്‍ പ്രൊഫൈലുകള്‍ ആഘോഷമാക്കുമ്പോഴും കൂളായി നിന്ന് അയാള്‍ക്ക് കോഫി കുടിക്കാന്‍ സാധിക്കുന്നതാണ് കോണ്‍ഫിഡന്‍സ്.
‘എനിക്ക് വളരെയേറെ താത്പര്യം തോന്നുന്ന പ്രമേയങ്ങള്‍ മാത്രം സിനിമ രൂപത്തിലേക്ക് എത്തിക്കുന്ന സംവിധായകനാവണം ഞാന്‍’. എമ്പുരാനിലെ രാഷ്ട്രീയവും ആ രാഷ്ട്രീയം സംഘപരിവാര്‍ ഹാന്‍ഡിലുകളെ അസ്വസ്ഥമാക്കുകയും ചെയ്തത് അസ്വാഭാവികമാവില്ല. പതിനാറ് വര്‍ഷം മുമ്പ് അയാള്‍ പറഞ്ഞുവെച്ചതാണ്.
Content Highlight: Facebook Post About Prithviraj Sukumaran’s Visions And Empuraan Movie